'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിരാജ് എത്തുന്നത് ചന്ദനക്കൊള്ളക്കാരന്‍ ഡബിള്‍ മോഹനായി; ചിത്രീകരണം പര്‍ത്തിയാക്കി സിനിമ വൈകാതെ തീയറ്ററുകളിലേക്ക്
'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിരാജ് എത്തുന്നത് ചന്ദനക്കൊള്ളക്കാരന്‍ ഡബിള്‍ മോഹനായി
കൊച്ചി: ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. വിവിധ ഷെഡ്യൂളുകളിലായി 120 ദിവസത്തോളമായിരുന്നു സിനിമയുടെ ഷൂട്ടിംങ് നടന്നത്. ചിത്രീകരണത്തിനിടയില്‍ നടന്‍ പൃഥ്വിരാജിന്റെ കാലിനു പരിക്കേറ്റതിനാല്‍ ഇടക്ക് ബ്രേക്ക് എടുക്കേണ്ടിവന്നുവെന്ന് സന്ദീപ് സേനന്‍ പറഞ്ഞു.
ആക്ഷന്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി പൃഥ്വിരാജിന്റെ കാലിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദപ്പെടാന്‍ കാത്തിരിക്കേണ്ടിവന്നു. ഇതോടെയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞു. താന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'എംപുരാന്‍' പൂര്‍ത്തിയാക്കിയ ശേഷമാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പൃഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍, ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികാസം. ഷമ്മി തിലകന്‍ ഭാസ്‌ക്കരന്‍ മാഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണന്‍, അനുമോഹന്‍, തമിഴ് നടന്‍ ടി.ജെ. അരുണാചലം, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
എഴുത്തുകാരനായ ജി.ആര്‍. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ജെയ്ക്ക്‌സ് ബിജോയുടേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.