'വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി'; ചങ്കൂറ്റം പണയം വെക്കാത്തവന്‍; മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റുകളുടെ പൂരം

Update: 2025-03-31 09:01 GMT

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ, തിരക്കഥാകൃത്ത് മുരളി ഗോപി ഈദ് ആശംസ നേര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ അതിനോടുള്ള പ്രതികരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ ചർച്ചയാകുകയും മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍, സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ അതിനെ പിന്തുണച്ചായിരുന്നു പ്രതികരണം. എന്നാല്‍, മുരളി ഗോപി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

ചിത്രത്തിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ മുരളി ഗോപി അതൃപ്തിയിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഈദ് ആശംസ പോസ്റ്റിനടിയില്‍ കമന്റുകള്‍ ഒഴുക്കിയിരിക്കുന്നത്.

"മാപ്പ് ജയന്‍ പറയില്ല", "ചങ്കൂറ്റം പണയം വെക്കാത്തവന്‍", "വെറുപ്പിനെ നേരിടാനുള്ള ധീരതയ്ക്ക് അഭിനന്ദനം", "നട്ടെല്ല് വളക്കാത്ത ഉറച്ച നിലപാട്" തുടങ്ങിയ കമന്റുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിലര്‍ അദ്ദേഹത്തിന്റെ നിലപാട് പ്രശംസിച്ചും ചിലര്‍ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ, എമ്പുരാന്‍ വിവാദം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുകയാണ്.

Full View

സിനിമ വിവാദമായതിനേക്കുറിച്ചോ മോഹൻലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തൽക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയർന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. റിലീസ് ദിവസമാണ് മുരളിഗോപിയും പൂർണരൂപത്തിൽ സിനിമ കണ്ടതെന്നും അഭ്യൂഹങ്ങളുണ്ട്.

Tags:    

Similar News