ഗീതു മോഹൻദാസ് - യാഷ് ചിത്രം ഉപേക്ഷിച്ചിട്ടില്ല; 'ആദ്യം ഉദ്ദേശിച്ചിരുന്നതിൽ നിന്നും വലിയ ക്യാൻവാസിൽ ചിത്രമെത്തും'; പ്രതികരണവുമായി യാഷ്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് നായകൻ യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഉപേക്ഷിച്ചുവെന്ന വാർത്തകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് യാഷ്.
സിനിമയുടെ ടൈറ്റിലും ടാഗ്ലൈനും തന്റെ സംഭാവനയായിരുന്നുവെന്നും ഗീതുവിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും ‘ടോക്സിക്’ എന്നും യാഷ് വെളിപ്പെടുത്തി. 2023-ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്. 2025 ഏപ്രിൽ 10-ന് റിലീസ് തിയതിയും നിശ്ചയിച്ചിരുന്നു. മറ്റ് അഭിനേതാക്കളുടെ ഷെഡ്യൂൾ പരിഗണിക്കേണ്ടതുണ്ട്, മാത്രമല്ല ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് റിലീസ് തിയതി പ്രഖ്യാപിക്കുന്നത് ശരിയായ രീതി ആയിരുന്നില്ലെന്നും യാഷ് പറഞ്ഞു.
ഒരു ചെറിയ ആശയത്തിൽ നിന്നും ആരംഭിച്ച ചിത്രം നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്ന് വലിയ രീതിയിൽ വികസിച്ചിട്ടുണ്ടെന്നും യാഷ് വെളിപ്പെടുത്തി. ഗീതുവിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നും താരം വ്യക്തമാക്കി. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു വാണിജ്യ ചിത്രമായിരിക്കും ‘ടോക്സിക്’ കൂടാതെ, മികച്ച സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നും യഷ് കൂട്ടിച്ചേർത്തു.
ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.