സെറ്റില്‍ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ ഉണ്ടായാല്‍ അന്നത്തെ ഡബ്ല്യൂസിസി ലളിത ചേച്ചി; ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല: ലാല്‍ ജോസ്
പണ്ടത്തെ ഷൂട്ടിങ് സെറ്റിലെ 'ഡബ്ല്യൂസിസി' അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. സെറ്റുകളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കെപിഎസി ലളിത പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ് ലാല്‍ജോസ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞത്. ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.
'സെറ്റില്‍ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ ഉണ്ടായാല്‍ അന്ന് ഡബ്ല്യൂസിസി ഒന്നുമില്ലല്ലോ, ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യൂസിസി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. സിനിമയില്‍ ഇത്രയും കാലം നിലനിന്ന നടിമാര്‍ വളരെ കുറവാണ്.'
'സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത രണ്ട് നടിമാരായിരുന്നു. അതില്‍ തന്നെ ലളിത ചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിന്‍ബലവും ഉണ്ടായിരുന്നു. സംവിധായകനും ഭര്‍ത്താവുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാന്‍ വരണമെന്ന് തന്നോട് അവര്‍ ആവശ്യപ്പെട്ടിരുന്നു.''
''എന്നാല്‍ അത് സാധിച്ചില്ല. സംവിധാന സഹായിയിരുന്ന സമയത്ത് ചെയ്ത നിരവധി സിനിമകളില്‍ കെപിഎസി ലളിത ഭാഗമായിരുന്നെങ്കിലും സ്വതന്ത്രസംവിധായകനായ ശേഷം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലാണ് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത്. വൈകിയെങ്കിലും വളരെ മികച്ച വേഷത്തിലേക്ക് തന്നെ വിളിച്ചതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ലളിത ചേച്ചി ചിത്രത്തിലെ അമ്മ വേഷത്തെ കുറിച്ച് പറഞ്ഞത്'' എന്നാണ് ലാല്‍ജോസ് പറയുന്നത്.
അതേസമയം, 2022ല്‍ ആണ് കെപിഎസി ലളിത അന്തരിച്ചത്. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ല്‍ ഏറെ സിനിമകളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി.