ഇത് ചിത്ര ചേച്ചി തന്നെയാണോ? പണം ആവശ്യപ്പെട്ട് ആരാധകര്‍ക്ക് ഫേസ്ബുക്ക് ടെലിഗ്രാം വഴി മെസേജുകള്‍; കെഎസ് ചിത്രയുടെ പേരില്‍ തട്ടിപ്പ്

Update: 2024-10-08 08:57 GMT

ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ്. മെസേജ് ലഭിച്ചവരില്‍ പലരും 'ചിത്ര ചേച്ചി തന്നെയാണോ' ഇതെന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അതെ എന്ന് കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നും അയച്ച മെസേജില്‍ പറയുന്നുണ്ട്.

റിലയന്‍സില്‍ 10000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50000 രൂപയാക്കി മടക്കി തരുമെന്നും താല്‍പര്യമുണ്ടെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരില്‍ വ്യാജ മെസേജുകള്‍ പോയിരിക്കുന്നത്.

ഇത് കൂടാതെ ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ ചിത്ര കരുതിവച്ചിട്ടുണ്ടെന്നും പറഞ്ഞ് ടെലഗ്രാമിലൂടെ മെസേജുകളും പോയിരിക്കുന്നു. ഇത് എല്ലാം വ്യാജമാണെന്നും ആരും ഈ തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags:    

Similar News