മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; കേസെടുത്ത് കോടതയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം; സമയത്തിന് ഹാജരായില്ല; പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയത്തില്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; ഫോണും സ്വിച്ച് ഓഫ്; വീടിന് മുന്നില്‍ നിലയുറപ്പിച്ച് പോലീസ്

Update: 2024-11-26 10:06 GMT

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിരുന്നു. പോസ്റ്റ് ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണ് പരാതി നല്‍കിയത്. വര്‍മയുടെ പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സമൂഹത്തിലുള്ള നിലയെ തകര്‍ക്കുന്നുവെന്നും അവരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാമലിംഗം കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് നവംബര്‍ 11ന് മദ്ദിപ്പാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിയില്‍ പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും രാം ഗോപാല്‍ വര്‍മ ഹാജരായില്ല.

അറസ്റ്റ് ചെയ്യുമെന്ന സംശയത്തില്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഫോണും സ്വിച്ച് ഓഫാണ്. ഇയാളുടെ വീട്ടിലും ഹൈദരാബാദിലെ ഫിലിം നഗറിലും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഒളിവില്‍ പോയ രാംഗോപാല്‍ വര്‍മ ഡിജിറ്റലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത പ്രകാരം നിയമത്തില്‍ ഇത്തരം വ്യവസ്ഥകളുണ്ടെന്നും രാംഗോപാല്‍ വര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ, രാംഗോപാല്‍ വര്‍മ തന്റെ 'വ്യൂഹം' എന്ന സിനിമയുടെ പ്രമോഷനുകള്‍ക്കിടെ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, ഭാര്യ ബ്രാഹ്‌മണി എന്നിവരെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതില്‍ സംസ്ഥാനത്തുടനീളം രാംഗോപാല്‍ വര്‍മയ്ക്കെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ, പോലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി രാംഗോപാല്‍ വര്‍മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമ ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഹര്‍ജി തള്ളിയ ഹൈക്കോടതി എത്രയും പെട്ടെന്ന് പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Tags:    

Similar News