'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടേണ്ട, വീട് വെക്കാൻ പണം കണ്ടെത്തേണ്ടതില്ല, അതുകൊണ്ട് ആ എക്‌സ്‌ക്യൂസ് പറയാനില്ല'; വാപ്പിച്ചി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ
കൊച്ചി: മാതാപിതാക്കളായ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും പിന്തുണയാണ് തനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാൻ സഹായകമാകുന്നതെന്നും, തനിക്ക് മോശം സിനിമകൾ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ദുൽഖർ സൽമാൻ. പ്രിവിലേജുകളില്‍ നിന്നുമാണ് വരുന്നതെന്ന ബോധ്യം തനിക്കുണ്ടെന്നും ഈ കാര്യങ്ങൾ പറഞ്ഞ് മമ്മൂട്ടി തന്നെ കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
'എനിക്ക് പെങ്ങളെ കെട്ടിച്ചുവിടാനോ വീട് വെക്കാനോ വേണ്ടി പണം കണ്ടെത്തേണ്ടതില്ല. അങ്ങനെയൊരു സാഹചര്യം എനിക്കില്ലായിരുന്നു. എന്നാൽ എൻ്റെ വാപ്പച്ചിക്ക് (മമ്മൂട്ടിക്ക്) അങ്ങനെയായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ചില മോശം സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ എനിക്ക് അത്തരം ന്യായീകരണങ്ങളൊന്നും പറയാനില്ല,' ദുൽഖർ വ്യക്തമാക്കി.
താൻ വരുന്ന പശ്ചാത്തലത്തെക്കുറിച്ച് ബോധവാനാണെന്നും, മാതാപിതാക്കൾ നൽകുന്ന സുരക്ഷിതത്വം കാരണമാണ് നല്ല സിനിമകൾ മാത്രം തിരഞ്ഞെടുക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നല്ല സിനിമകളെ പിന്തുടർന്നാൽ നല്ല സിനിമ നമ്മളെ തേടി വരും. എൻ്റെ യാത്ര എനിക്കിഷ്ടമാണ്, അനുഗ്രഹീതനായി തോന്നുന്നു,' ദുൽഖർ പറഞ്ഞു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി സിനിമകൾ ചെയ്യുന്നതിലൂടെ തൻ്റെ ജീവിതം വളരെ സമ്പന്നവും വ്യത്യസ്തവുമായി മാറുന്നുവെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സംസ്കാരങ്ങളെയും ഭക്ഷണങ്ങളെയും അടുത്തറിയാൻ ഇത് സഹായിക്കുന്നു. അഭിനേതാക്കൾക്ക് ലഭിക്കുന്ന യാത്രകൾ മറ്റാർക്കും ലഭിക്കില്ലെന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നാഗാലാൻഡ്, ഗുജറാത്ത്, കാശ്മീർ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും അഭിനയിക്കാൻ സാധിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത' എന്ന ചിത്രമാണ് ദുൽഖറിന്റെ പുതിയ ചിത്രം. അമ്പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൻ്റെ നിർമ്മാണം ദുൽഖറും റാണ ദഗുബാട്ടിയും ചേർന്നാണ്.