ഒടിടിയിലും തരംഗമായി കല്‍ക്കി; നെറ്റ്ഫ്ലിക്സില്‍ 2.6 മില്യണ്‍ കാഴ്ചക്കാരുമായ് ഒന്നാംസ്ഥാനത്ത്; പിന്തള്ളിയത് ഹോളിവുഡ് ചിത്രങ്ങളെ ഉള്‍പ്പടെ

'കല്‍ക്കി 2898 എഡി' 1000 കോടിക്ക് മുകളിലാണ് തിയറ്റര്‍ കളക്ഷന്‍ നേടിയത്.

Update: 2024-09-06 12:41 GMT

തിരുവനന്തപുരം: തിയേറ്ററിന് പിന്നാലെ ഒടിടിയിലും തരംഗമായി കല്‍ക്കി.പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' 1000 കോടിക്ക് മുകളിലാണ് തിയറ്റര്‍ കളക്ഷന്‍ നേടിയത്. തിയറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ഒടിടി റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സില്‍ തരംഗം തീര്‍ത്ത് സ്ട്രീമിംഗ് തുടരുകയാണ്.

2024 ഓഗസ്റ്റ് 22നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 2.6 മില്യണ്‍ വ്യൂവ്സുമായ് ചിത്രമിപ്പോള്‍ ടോപ്പ് ടെന്നില്‍ ഒന്നാം സ്ഥാനത്താണ്.അണ്‍ലക്കി സിസ്റ്റേഴ്സ്, നൈസ് ഗേള്‍സ് തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് 'കല്‍ക്കി 2898 എഡി' ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. 2024 ജൂണ്‍ 27നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തത്.

റിലീസ് ദിനത്തില്‍ തന്നെ 'കെ.ജി.എഫ്. ചാപ്റ്റര്‍ 2' (159 കോടി രൂപ), 'സലാര്‍' (158 കോടി രൂപ), 'ലിയോ' (142.75 കോടി രൂപ) എന്നിവയുടെ ഓപ്പണിംഗ് റെക്കോര്‍ഡുകളാണ് 'കല്‍ക്കി 2898 എഡി' തകര്‍ത്തത്. വെറും 15 ദിവസങ്ങള്‍ കൊണ്ട് 'ബാഹുബലി 2: ദ കണ്‍ക്ലൂഷ'ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവിയും 'കല്‍ക്കി 2898 എഡി' സ്വന്തമാക്കി.

'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.

Tags:    

Similar News