'അപര്‍ണാ സെന്നിനോട് പ്രണയമായിരുന്നു; ആരാധന കാരണം അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചു; റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന് ആ പേര് നല്‍കി'; കമല്‍ഹാസനെ കുറിച്ച് ശ്രുതി ഹാസന്‍
ചെന്നൈ: നടി അപര്‍ണാ സെന്നിനോട് തെന്നിന്ത്യന്‍ താരം കമല്‍ഹാസന് പ്രണയം ഉണ്ടായിരുന്നുവെന്നും ആരാധന കാരണം അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചുവെന്നും മകളും നടിയുമായ ശ്രുതി ഹാസന്‍. അപര്‍ണാ സെന്നിനോടുള്ള ആരാധന കാരണം അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചു. 'ഹേ റാം' എന്ന ചിത്രത്തില്‍ ബംഗാളി സ്ത്രീയായി അഭിനയിച്ച റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന് അപര്‍ണാ സെന്‍ എന്ന് പേര് നല്‍കിയെന്നും ശ്രുതി ഹാസന്‍ പറയുന്നു. കൂലി എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു ശ്രുതി.
തന്റെ സിനിമാനുഭവങ്ങളെക്കുറിച്ചും ഒന്നിലധികം ഭാഷകള്‍ അറിയുന്നതിനെക്കുറിച്ചും കൂലിയിലെ സഹതാരം സത്യരാജിനോട് സംസാരിക്കുന്നതിനിടയിലാണ് ശ്രുതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 'അച്ഛന്‍ ബംഗാളി സിനിമ ചെയ്യുന്നതുകൊണ്ടല്ല ആ ഭാഷ പഠിച്ചത്. അപര്‍ണാ സെന്നിനോടുള്ള ഇഷ്ടം കൊണ്ടാണ്. അവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അന്ന് അത് പഠിച്ചെടുത്തത്.'-ശ്രുതി പറയുന്നു.
കമല്‍ ഹാസന്‍ ഒരു ബംഗാളി സിനിമ ചെയ്തിട്ടുണ്ടെന്നും അതിനായി ഭാഷ പഠിച്ചിട്ടുണ്ടെന്നും സത്യരാജ് പറഞ്ഞപ്പോഴായിരുന്നു ശ്രുതി ഈ മറുപടി നല്‍കിയത്. അച്ഛനെപ്പോലെ ഒരുപാട് ഭാഷകള്‍ അറിയുന്നതിന് സത്യരാജ് ശ്രുതിയെ അഭിനന്ദിക്കുകയും ചെയ്തു.
കമല്‍ഹാസന്‍ തന്റെ 'ഹേ റാം' എന്ന സിനിമയിലെ റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന് അപര്‍ണ സെന്നിന്റെ പേരാണ് നല്‍കിയതെന്നും ശ്രുതി പറഞ്ഞു. 'ഹേ റാം' എന്ന ചിത്രത്തില്‍ ഒരു ബംഗാളി സ്ത്രീയുടെ വേഷമാണ് റാണി മുഖര്‍ജി അവതരിപ്പിച്ചത്. അതില്‍ കമല്‍ഹാസന്റെ നായികയായിരുന്നു അവര്‍.