ഫുള്‍ കോപ്പിയടി; അജിത് ചിത്രം വിടാമുയര്‍ച്ചി കോപ്പിയടെന്ന് ആരോപണം; ലൈക പ്രൊഡക്ഷന്‍സിന് 150 കോടി നോട്ടീസ് അയച്ച് പാരാമൗണ്ട് പിക്ചേഴ്സ്
അജിത് നായകനായെത്തുന്ന പുതിയ ചിത്രമാണ് വിടാമുയര്‍ച്ചി. ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണമുയര്‍ന്നിരിക്കുകയാണ്. പാരാമൗണ്ട് പിക്ചേഴ്സ് ആണ് പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടീസ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് അയച്ചിരിക്കുന്നത്. എന്നാല്‍ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയര്‍ച്ചിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാര്‍ കേടാകുന്നു. തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നു.
അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കുമെന്ന ട്രക്ക് ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ട്രക്കില്‍ കയറി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. വിടാമുയര്‍ച്ചിയുടെ കഥയും ഇതിനു സമാനമാണ്. അസര്‍ബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ.
അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അര്‍ജുനും റെജീന കസാന്ദ്രയും ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലെത്തുന്നു. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ മങ്കാത്തയ്ക്ക് ശേഷം അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഹൈലൈറ്റ്.