കടന്നു പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്; പൂനം പാണ്ഡെയ്‌ക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ
നടി പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പൂനം പാണ്ഡെ ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകനായ യുവാവ് സെല്‍ഫി എടുക്കാനെത്തുകയും സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പിറകിലൂടെയെത്തിയ യുവാവ് സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ താരം ഞെട്ടിത്തിരിഞ്ഞു നോക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൂനം പാണ്ഡെ യുവാവിനെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.
പിന്നാലെ ആരാധകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ ശാസിക്കുകയും പോകാന്‍ ആവശ്യപ്പെടുന്നുമുണ്ട്. യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം, മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം താന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പൂനം പുറത്തുവിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് പൂനം പാണ്ഡെ തന്റെ വ്യാജ മരണ വാര്‍ത്ത ഉണ്ടാക്കിയത്. പിന്നാലെ നടിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാല്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.