'ആയകാലത്തെ സത്യൻ അന്തിക്കാട് പിടിച്ച ഒരു ലൈന്‍, പ്രേമലു ഇസ് നത്തിംഗ് ബട്ട് ഒരു ജെന്‍സി നാടോടിക്കാറ്റ്'; ഈ രണ്ട് ചിത്രങ്ങൾക്കും ഒരു വലിയ ഓഡിയന്‍സുണ്ട്; കുറിപ്പുമായി ഹരിശങ്കർ കർത്ത

Update: 2025-11-04 13:14 GMT

കൊച്ചി: ഗിരീഷ് എ.ഡി.യുടെ 'പ്രേമലു' എന്ന ചിത്രം 1987-ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം 'നാടോടിക്കാറ്റി'ന്റെ യുവതലമുറ പതിപ്പാണെന്ന് ഹരിശങ്കർ കർത്ത. ഇരു ചിത്രങ്ങളും ഇടത്തരം മലയാളികളുടെ ജീവിതയാഥാർഥ്യങ്ങളെയും ആസക്തികളെയും ഓർക്കസ്ട്രേറ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പ്രേമലു ഒരു ജെന്‍സി നാടോടിക്കാറ്റാണെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഗിരീഷേഡിയുടെ സിനിമകള്‍ ഓര്‍ക്കസ്‌ട്രേറ്റ് ചെയ്യുന്നത് ഇടത്തരം മലയാളികളുടെ ജീവിതാസക്തികളാണ്. ആയകാലത്തെ സത്യനന്തിക്കാട് പിടിച്ച ഒരു ലൈന്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ തുടങ്ങി കോളേജ് വിദ്യാര്‍ത്ഥിനിയായ സൂപ്പര്‍ ശരണ്യയും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നടക്കുന്ന ദീപുവും തമ്മിലുള്ള പ്രണയത്തിലൂടെ കടന്ന് ഐടി ജീവനക്കാരി റീനുവും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നടക്കുന്ന സച്ചിനും തമ്മിലുള്ള പ്രണയത്തിലേക്ക് വരെ എത്തുന്നു. അടുത്ത പടത്തില്‍, അതായിരുന്നു മൂന്നാമത് വരേണ്ടിയിരുന്ന പടം എന്ന് പറയപ്പെടുന്നു, കാച്ച് മി ഇഫ് യു കാനിലെ പോലെ ഒരു ക്യൂട് ക്രിമിനലിന്റെ കഥ തിരഞ്ഞെടുക്കുന്നതിലൂടെ ഗിരീഷേഡി തന്റെ അന്തിക്കാടന്‍ മോഡല്‍ യൂണിവേഴ്‌സില്‍ നിന്നും ഒരു അനിവാര്യതയെന്ന പോലെ തെന്നിമാറുന്നു.

പ്രേമലു ഇസ് നത്തിംഗ് ബട്ട് ഒരു ജെന്‍സി നാടോടിക്കാറ്റാണ്. എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു വലിയ ഓഡിയന്‍സ് ഈ രണ്ട് പടത്തിനും ഉണ്ട്. രാധയും രാംദാസും പങ്ക് വെക്കുന്ന അതെ ആസക്തികളാണ് റീനുവിനും സച്ചിനും കൈകാര്യം ചെയ്യാനുള്ളത്. അവള്‍ സഹായസന്നദ്ധയെങ്കിലും അവന്‍ സ്വന്തം പരാജയങ്ങളിലേക്ക് തന്നെ തന്നെ മറിഞ്ഞ് വീഴാന്‍ അനുവദിക്കുന്നു. വിജയന് പകരം അമല്‍ ഡേവിസ് സ്‌കോര്‍ ചെയ്യുന്നു.

ഒന്ന് മറ്റതിന്റെ ഈച്ചക്കോപ്പിയാണെന്ന പടുവാണത്തരമൊന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. (ശെ ??) തികച്ചും വ്യത്യസ്തമായ രണ്ട് സാമ്പത്തിക സാമൂഹിക ലോകങ്ങളിലാണ് ഈ കഥകള്‍ സംഭവിക്കുന്നത്. ആഫ്റ്റര്‍ ഓള്‍ ഇവിടെ ഒരു അനന്തന്‍ നമ്പ്യാരൊന്നുമില്ല. പ്രഭാകരാ! തിലകനും കരമനയുമില്ലാതെ അതൊക്കെ വലിയ സീനാണ്.

ആദിയിലുള്ള സ്റ്റഫ് പഴയ ചില ശ്രീനിവാസന്‍ കഥാപാത്രങ്ങളില്‍ കാണാവുന്ന ചില എലമെന്‍സാണ്. കേരളത്തില്‍ ഈ ഐറ്റം ആദ്യം അടിച്ചത് പക്ഷേ ചന്തുമേനോനാണ്. സൂരി നമ്പൂതിരിയാണ് ആദിയുടെ ആദിമരൂപം. ആദി പക്ഷേ സൂരി നമ്പൂതിരിയെ പോലെ റീനുവില്ലെങ്കില്‍ കാര്‍ത്തിക മതി എന്നൊന്നും പറയുന്നില്ല എന്നെയുള്ളൂ.

ഗിരീഷേഡിയുടെ ജെന്‍സി യൂണിവേഴ്‌സ് റൂട്ട് ചെയ്തിരിക്കുന്ന അരൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ തന്നെയാണ് മഞ്ഞുമ്മല്‍ എന്ന സ്ഥലവും നിലവിലുള്ളത്. അതാണ് കേരളത്തിലെ വെരി ഹാപ്പനിംഗായ ഒരു സ്‌പോട്ട്. ഇതെ റൂട്ടില്‍ ഇറങ്ങി വലിയ ചലനമൊന്നും ഉണ്ടാക്കാതെ പോയ ഒരു എപിക്ക് മൂവി തുറമുഖമാണ്. വണ്‍സ് അതിന്റെ ഗ്രേറ്റ്‌നെസ് റീ ഇന്‍വെന്റ് ചെയ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഈ പോസ്റ്റ് ഓര്‍ക്കണമെന്നില്ല, ചുമ്മാ എണ്ണീറ്റ് നിന്ന് രണ്ട് ഇന്‍ക്വിലാബ് വിളിച്ചാല്‍ മതിയാവും.

ദെന്‍, വേടന്റെ ലിറിക്‌സ് ലൊക്കേറ്റ് ചെയ്യുന്നതും അതെ ആലുവപ്പുഴയുടെ തീരങ്ങളിലാണ്. ആയിരം പാദസരങ്ങള്‍ കിലുക്കി യേശുദാസീയമായ് പ്രേം നസീറിലൂടെ പിന്നെയും പിന്നെയും ഒഴുകിയകലുന്ന ഒരു വയലാറല്ല വേടന്റെ ആലുവപ്പുഴ. അത് ആകപ്പാടെ മലിനമായിരിക്കുന്നു. അത് ലൊക്കേറ്റ് ചെയ്തിരിക്കുന്ന പോയിന്റ് പക്ഷേ ഏതാണ്ട് ഒരു ഇരുപത് വര്‍ഷം മുമ്പാണ്.

മലിനമായ ഒരു വലിയ പുഴയുടെ തീരത്ത് അര്‍ബനൈസേഷന്‍ കൊണ്ടുണ്ടായ തിക്കിമുട്ടലിനുള്ളില്‍ ജീവിക്കുന്ന ഒരു ആണ്‍ഗാംഗിന്റെ ആസക്തികളാണ് വേടന്‍ എഴുതാന്‍ ശ്രമിക്കുന്നത്. വേടന്റെ സമരോത്സുകമായ ഒരു സ്വതന്ത്രസൃഷ്ടി ഒന്നുമല്ലിത്. പക്ഷേ വയലാര്‍ ചെയ്യാറുണ്ടായിരുന്ന പോലെ കിട്ടിയ പഴുതില്‍ വേടന്‍ അയാള്‍ ഹോള്‍ഡ് ചെയ്യുന്ന ഐഡിയോളജി ഇവിടെയും കേറ്റിവിട്ടിട്ടുണ്ട്.

ഇതെ മാതിരി അച്ചനും ബാപ്പയും സിനിമയില്‍ മനുഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത് എന്നെല്ലാം എഴുതിയാണ് വയലാറും പണ്ട് അവാര്‍ഡ് മേടിച്ചത്. വയലാര്‍ ഒരു മില്ലിറ്റന്റ് പ്രസ്ഥാനത്തിന്റെ പടപ്പാട്ടുകാരനായിരുന്നിട്ടും അന്നത്തെ ബൂമറുകള്‍ അയാളെയും തകര്‍ത്ത് തെറി വിളിച്ചിട്ടുണ്ട്. അന്നത്തെ വയലാറിന് ഉണ്ടായിരുന്നതിന്റെ പാതിയുടെ പാതി മിലിറ്റന്‍സി പോലും വേടനില്ല. വേടന്‍ ഹോള്‍ഡ് ചെയ്യുന്ന ഐഡിയോളജി ഇവിടെ സായുധ വിപ്ലവം ഒന്നും ആഹ്വാനം ചെയ്തിട്ടില്ല. ഇതെ വയലാര്‍ തന്റെ കരവാള് വിറ്റ് മണിപൊന്‍വീണ വാങ്ങിക്കയും മറ്റും വേറെ ചെയ്യുന്നുണ്ട്. അതുമൊരു കാര്യം.

2006 കാലത്തെ മഞ്ഞുമ്മല്‍ അന്തരീക്ഷത്തിനും പത്ത് വര്‍ഷം കഴിഞ്ഞ് തുടങ്ങുന്ന ഗിരീഷേഡി യൂണിവേഴ്‌സിനും 2025ല്‍ അവാര്‍ഡ് കേറിയിട്ടുണ്ട്. പത്ത് വര്‍ഷത്തിന്റെ രണ്ട് ഗ്യാപ്പുകള്‍ ഇവിടെ കാണാം. ഇതിനിടയില്‍ കേരളത്തില്‍ വന്ന മാറ്റങ്ങളെയും മാറ്റങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് വന്ന മാറ്റങ്ങളും കാണാം. അല്ലെങ്കില്‍ ഒരെ അന്തരീക്ഷത്തിലെ കോണ്‍ട്രാസ്റ്റിംഗായ രണ്ട് സെന്‍സിബിലിറ്റികളും കാണാം.

ആലുവാപ്പുഴയുടെ തീരങ്ങള്‍ മച്ച് ഹാപ്പനിംഗായ കൊണ്ട് ഈ കോണ്‍ട്രാസ്റ്റ് തന്നെ പത്ത് വര്‍ഷത്തിന് ശേഷം റിപ്പീറ്റ് ചെയ്തിരിക്കുന്നതാണ്. 2015ലാണ് ആലുവാപ്പുഴയുടെ തീരത്ത് എന്ന പാട്ടുള്ള അന്നത്തെ ഒരു പ്രേമലുവായ് പൊട്ടിത്തെറിച്ച പ്രേമം സിനിമ ഇറങ്ങിയത്. 2016ല്‍ വേടനും കൂടി അഭിനയിച്ച കമ്മട്ടിപ്പാടവും ഇറങ്ങി...

Tags:    

Similar News