'ലിസ്റ്റിന്‍ പരസ്യമായി പ്രസ്താവനയില്‍ സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍; ഇത്തരം പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്; അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? ലിസ്റ്റിനെ പുറത്താക്കണം'; സാന്ദ്ര തോമസ്
കൊച്ചി: മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയതായ ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം വിവാദത്തില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് രംഗത്തെത്തി. ലിസ്റ്റിന്റെ പരാമര്‍ശം മുഴുവന്‍ നടന്മാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഇടയാക്കുന്നതാണെന്ന് സാന്ദ്ര വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിലാണ് സാന്ദ്രയുടെ പ്രതികരണം. 'ഇത് വ്യക്തിപരമായ പ്രമേയമല്ല. എന്നാല്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയുടെ വിശ്വാസ്യതയ്ക്കെതിരായുള്ളതാണ്,' സാന്ദ്ര കുറിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ലിസ്റ്റിനെ ഉടന്‍ നീക്കണമെന്നും, പ്രാഥമിക അംഗത്വം പോലും ഒഴിവാക്കണമെന്നും സാന്ദ്ര ആവശ്യം ഉയര്‍ത്തി. വ്യക്തിപരമായ വിവേചനങ്ങളും വ്യക്തിത്വങ്ങള്‍ക്കും പുറമേ, സിനിമാ വ്യവസായം ഏവര്‍ക്കും ഒരേപോലെ സുരക്ഷിതവും മാന്യവുമായിരിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? സിനിമ സംഘടനകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രധാനം സിനിമക്കകത്തു ഉണ്ടാകുന്ന പ്രശ്‌നങ്ങളെ രമ്യതയില്‍ പരിഹരിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇന്നലെ ഒരു പൊതുവേദിയില്‍ വെച്ച് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്.
മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്തത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.
എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി ഞാന്‍ മുന്നോട്ട് പോയപ്പോള്‍ എന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച (കോടതിയില്‍ നിലനിന്നില്ല എങ്കില്‍പ്പോലും) പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നേതൃത്വം ശ്രീ ലിസ്റ്റിന്‍ സ്റ്റീഫനെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയില്‍ കേരളാ ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.