യുഎഇയിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; താപനിലയും മാറും; മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയിൽ നവംബർ 3 മുതൽ 7 വരെ അസ്ഥിരമായ കാലാവസ്ഥ തുടരാനും നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശരത്കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ചില തീരദേശ, ഉൾപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശവും പുലർച്ചെ ഈർപ്പമുള്ള അന്തരീക്ഷവും അനുഭവപ്പെടും. തീരദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇത് ചിലയിടങ്ങളിൽ ചെറിയ മഴയ്ക്ക് കാരണമായേക്കാം.
വ്യാഴാഴ്ചയോടെ താപനില വീണ്ടും നേരിയ തോതിൽ ഉയരും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭാഗികമായോ ഇടയ്ക്കിടെയോ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാറ്റ് തെക്കുകിഴക്ക് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്ക് മാറി വീശും.
വെള്ളിയാഴ്ച പുലർച്ചെ തീരദേശ, ഉൾപ്രദേശങ്ങളിൽ ഈർപ്പം നിലനിൽക്കും. പ്രധാനമായും അൽ ദഫ്‌റ മേഖലയിൽ ഭാഗികമായോ കൂടുതലായോ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഈ പ്രദേശങ്ങളിൽ ചെറിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ശനിയാഴ്ചത്തെ താപനിലയിൽ വീണ്ടും നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും.