ഇനി ഇതുമായി സ്‌കൂളിൽ കയറിയാൽ പണി ഉറപ്പ്; ടീച്ചർമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതർ; യുഎഇയിൽ സ്‌കൂൾ പരിസരത്ത് മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി
അബുദാബി: യുഎഇ യിൽ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്.
2018-ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് ഈ നടപടി. സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കുമാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന അപകട സാധ്യതകളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുക, സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫോൺ പരിശോധിക്കുമ്പോൾ കുട്ടികളുടെ സ്വകാര്യതയെ മാനിക്കണമെന്നും, പരിശോധകർ അവരെ ശാരീരികമായി സ്പർശിക്കരുതെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ബാഗുകളിലും മറ്റ് സ്വകാര്യ വസ്തുക്കളിലും മാത്രമായി പരിശോധന പരിമിതപ്പെടുത്തണം. പരിശോധനാ കമ്മിറ്റിക്കു മുന്നിൽ വിദ്യാർത്ഥികൾ അവരുടെ വസ്തുക്കൾ സ്വയം പ്രദർശിപ്പിക്കാൻ തയ്യാറാകണം.
വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കണം. രക്ഷിതാക്കൾ ഫോൺ പിടിച്ചെടുക്കുന്നതിനും തിരികെ ലഭിക്കുന്നതിനും ബന്ധപ്പെട്ട ഫോമുകളിൽ ഒപ്പിട്ട് നൽകണമെന്നും മുന്നറിയിപ്പ് ഉണ്ട്.