അവയവങ്ങള്‍ ബഹിരാകാശത്ത് വികസിപ്പിക്കാന്‍ സാധിക്കുമോ? വിപ്ലവകരമായ പഠനവഴിയില്‍ ശാസ്ത്രലോകം; ഭൂമിയില്‍ കോശകലകളുടെ സംയോജനവുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികള്‍ ഭ്രമണപഥങ്ങളില്‍ പരിഹരിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍

അവയവങ്ങള്‍ ബഹിരാകാശത്ത് വികസിപ്പിക്കാന്‍ സാധിക്കുമോ?

Update: 2024-10-21 02:44 GMT

ലണ്ടന്‍: ആരോഗ്യ ഗവേഷണ രംഗത്ത് പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പടെയുള്ള അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ വന്‍ കുതിപ്പിന് തയ്യാറെടുക്കുകയാണ് ശാസ്ത്രലോകമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുള്‍. ബഹിരാകാശത്ത് അവയവങ്ങള്‍ വികസിപ്പിച്ച് അവ ഭൂമിയില്‍ എത്തിക്കുന്നതിനുള്ള ഗവേഷണ പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ (ഐ എസ് എസ്) ഓണ്‍ ബോര്‍ഡ് അനുഭവങ്ങലുടെ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടക്കുന്നത്. മനുഷ്യ കരള്‍ കോശകലകളുടെ സ്വയമേവയുള്ള സംയോജനമാണ് ഇവിടെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത്. അത് വിജയിച്ചാല്‍ ഭൂമിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട് അത് പ്രയോജനപ്പെടും.

ഭൂസമീപ ഭ്രമണപഥങ്ങളില്‍, (ഭൂമിയില്‍ നിന്നും 1200 മൈല്‍ ഉയര അപ്രിധിക്ക് കീഴില്‍) കണ്ടുവരുന്ന തരം മൈക്രോഗ്രാവിറ്റി, ഭൂമിയില്‍ കോശകലകളുടെ സംയോജനവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികള്‍ പരിഹരിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഈ അനുമാനം ശരിയാണെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ തെളിയിക്കുകയും ചെയ്തു.ഇപ്പോള്‍, പ്രായോഗിക രീതിയില്‍, കോശകലകള്‍ ബഹിരാകാശത്ത് വികസിപ്പിച്ച്, ഭൂമിയിലെക്ക് കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

ഭൂമിയിലെതിനെക്കാള്‍, മൈക്രോഗ്രാവിറ്റി പശ്ചാത്തലത്തില്‍ കരള്‍ കോശകലകളുടെ വികസനം കൂടുതല്‍ കാര്യക്ഷമമായി നടക്കുമെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ടാമി ടി ചാംഗ് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പടെയുള്ള ചികിത്സാ നടപടികള്‍ കൂടുതല്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് വികസിപ്പിക്കുന്ന കോശങ്ങള്‍ ഐസോകോറിക് സൂപ്പര്‍ കൂളിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് സൂക്ഷിക്കുകയും പിന്നീട് ഭൂമിയില്‍ എത്തിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഗുരുത്വാകര്‍ഷണം തീരെയില്ലാത്ത ബഹിരാകാശത്ത് മനുഷ്യര്‍ക്ക് പ്രത്യുല്‍പാദനം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള ഗവേഷണം ജപ്പാന്‍ ഗവേഷകര്‍ കുറച്ചു കാലമായി നടത്തുന്നുണ്ട്. ബ്‌ളാസ്റ്റോസിസ്റ്റില്‍ രണ്ട് കൂട്ടം കോശങ്ങളുണ്ട്. പുറം പാളിയും ഉള്ളിലുള്ള കോശങ്ങളുടെ കൂട്ടവും. ഉള്ളിലുള്ള കോശങ്ങളുടെ കൂട്ടം എപ്പോഴും ഭ്രൂണത്തിന്റെ അടിത്തട്ടിലായിരിക്കും ഉണ്ടാകുക. അത് സൂചിപ്പിക്കുന്നത് മറ്റ് കോശങ്ങളെ അപേക്ഷിച്ച് അവയ്ക്ക് ഭാരം കൂടുതലായിരിക്കാം എന്ന സാധ്യതയാണല്ലോ.

ഗുരുത്വാകര്‍ഷണം മൂലമാണ് ബ്‌ളാസ്റ്റോസിസ്റ്റിലെ വിവിധ കോശങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ അതിന്റെ അഭാവത്തില്‍ അവയ്ക്ക് സ്ഥാനചലനം ഉണ്ടാവുകയും അത് ഭ്രൂണവളര്‍ച്ചയെ തടയുകയും ചെയ്യും. അങ്ങനെയെങ്കില്‍ മനുഷ്യര്‍ക്ക് ബഹിരാകാശത്ത് പ്രത്യുല്‍പാദനം അസാധ്യമാകും. പ്രസ്തുത പരികല്പനയുടെ സാധുത പരീക്ഷിക്കുകയായിരുന്നു ഗവേഷണത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മനുഷ്യരില്‍ പരീക്ഷണം നടത്തുക അസാധ്യമായതിനാല്‍ ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്.

Tags:    

Similar News