സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാരേക്കാള്‍ മികച്ചത് നിര്‍മ്മിത ബുദ്ധിയോ? മെഡിക്കല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്കുള്ള വഴി തുറക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റിലെ ഗവേഷകര്‍

സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാരേക്കാള്‍ മികച്ചത് നിര്‍മ്മിത ബുദ്ധിയോ?

Update: 2025-07-01 05:21 GMT

ലണ്ടന്‍: സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാരേക്കാള്‍ മികച്ചതാണ് എ.ഐ അഥവാ നിര്‍മ്മിത ബുദ്ധി എന്ന വെളിപ്പെടുത്തലുമായി ഐ.ടി ഭീമനായ മൈക്രോസോഫ്റ്റിലെ ഗവേഷകര്‍. ഇക്കാര്യത്തില്‍ മനുഷ്യരായ ഡോക്ടര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് നിര്‍മ്മിത ബുദ്ധി ആണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തു വിട്ടിരിക്കുകയാണ്. ഇത് മെഡിക്കല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്കുള്ള വഴി തുറക്കുന്ന ഒന്നാണെന്നാണ് അവരുടെ വാദം.

ബ്രിട്ടീഷ് ടെക് മേഖലയിലെ തുടക്കക്കാരില്‍ ഒരാളായ മുസ്തഫ സുലൈമാന്‍ നയിക്കുന്ന മൈക്രോസോഫ്റ്റിന്റെ എ.ഐ യൂണിറ്റ് രോഗനിര്‍ണയത്തിനും ചികിത്സക്കുമായി വളരെ സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെ അനുകരിക്കുന്ന രീതിയിലാണ് എ.ഐ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെ നടത്തിയ പത്ത് പരീക്ഷണങ്ങളില്‍ എട്ടെണ്ണത്തിലും വിജയം നേടാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.

അതേസമയം ഡോക്ടര്‍മാരെ നേരിട്ട് നിയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ പത്തെണ്ണത്തില്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നു കൃത്യമായിരുന്നത്. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് ഏതൊക്കെ ടെസ്റ്റുകള്‍ നടത്തണം എന്ന് നിര്‍ണയിക്കുന്നതിലും എ.ഐ തന്നെയാണ്

മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് ഇവരുടെ നിഗമനം. ഇത് ചികിത്സയുടെ ചെലവ് കുറയ്ക്കാന്‍ ഏറെ സഹായകമാകും എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗ നിര്‍ണയം നടത്തുന്നതിനും ചികിത്സ നിശ്ചയിക്കുന്നതിനും എല്ലാം തന്നെ ഈ സംവിധാനം ഏറെ മുന്നിലാണ്. കൂടാതെ രോഗികളുടേയും അവരുടെ വീട്ടുകാരുടേയും വിശ്വാസം നേടിയെടുക്കാനും നിര്‍മ്മിതബുദ്ധിക്ക് അനായാസം കഴിയുമെന്നും മൈക്രോേസോഫ്റ്റിലെ ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സൂപ്പര്‍ഇന്റലിജന്‍സിലേക്കുള്ള പാത എന്ന ആപ്തവാക്യം ഉപയോഗിക്കുന്നത് ആരോഗ്യ സംരക്ഷണ മേഖലയില്‍ വന്‍ തോതിലുള്ള മാറ്റത്തിനുള്ള സാധ്യത ഉയര്‍ത്തുന്നതായും വ്യക്തമാണ്. സൂപ്പര്‍ഇന്റലിജന്‍സ് എന്നത് മനുഷ്യന്റെ ബൗദ്ധിക പ്രകടനത്തെ മറികടക്കുന്ന ഒരു സംവിധാനത്തെ സൂചിപ്പിക്കുന്ന സൈദ്ധാന്തിക പദമാണ് എന്നും അവര്‍ പറയുന്നു.

മൈക്രോസോഫ്റ്റ് എ.ഐയുടെ ചീഫ് എക്സിക്യൂട്ടീവ് മുസ്തഫ സുലൈമാന്‍ വെളിപ്പെടുത്തുന്നത് അടുത്ത ദശകത്തിനുള്ളില്‍ ഈ സംവിധാനം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുമെന്നാണ്. ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഇത് വലിയൊരു കൈത്താങ്ങാകും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ചുമയുടെയും പനിയുടെയും ലക്ഷണങ്ങളുള്ള ഒരു രോഗിക്ക് ഡോക്ടര്‍ക്ക് ന്യുമോണിയ ആണോ എന്ന കാര്യം നിര്‍ണയിക്കുന്നതിനായി രക്തപരിശോധനയും നെഞ്ച് എക്സ്-റേയും ആവശ്യമായി വന്നേക്കാം.

ഏതൊക്കെ പരിശോധനകള്‍ നടത്തണമെന്നും രോഗനിര്‍ണയം എന്തായിരിക്കാമെന്നും കണ്ടെത്താന്‍ മൈക്രോസോഫ്റ്റ് ഡയഗ്നോസ്റ്റിക് ഓര്‍ക്കസ്ട്രേറ്റര്‍ എന്ന് പേരിട്ടിട്ടുള്ള എ.ഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് ഡോക്ടര്‍മാരുടെ പാനലിന് തുല്യമാണ്.

Tags:    

Similar News