നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുകയാണോ? പറയുന്നത് ഒന്നും കൂട്ടാക്കില്ലെ? എങ്കില്‍ അത് മടിയോ പരസ്ത്രീ ബന്ധമോ മൂലമല്ല; ഭര്‍ത്താക്കന്മാരുടെ ജീവിതത്തില്‍ വരുന്ന ഈ മാറ്റം ഭാര്യമാര്‍ അറിഞ്ഞിരിക്കുക

ഇത് പങ്കാളിയോട് തോന്നുന്ന വിരക്തിയോ മടുപ്പോ അല്ലെന്നും ഒരു രോഗാവസ്ഥയാണെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

Update: 2024-10-03 03:33 GMT

ലോകമാകമാനമുള്ള സ്ത്രീകള്‍ അവരുടെ സുഹൃത് സദസ്സുകളില്‍ പറയുന്ന ആവര്‍ത്തന വിരസതയുളവാക്കുന്ന പരാതിയാണ്, ' അങ്ങേര് ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ലെന്നേ', 'ഞാന്‍ പറയുന്നതൊന്നും അങ്ങേര് ചെയ്തുതരില്ലെന്നേ' എന്നിവയൊക്കെ. ഇത്തരത്തില്‍, കുടുംബ ജോലികളില്‍ സഹായിക്കാതെ, നിങ്ങളുടെ വാക്കുകള്‍ക്ക് വില കൊടുക്കാത്ത ഒരു ഭര്‍ത്താവ് വിവാഹ മോചനത്തിനുള്ള ഒരു കാരണമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇത്തരം പെരുമാറ്റം, ഏതാണ്ട് കുടുംബം എന്ന സങ്കല്പം ഉണ്ടായ കാലം മുതലെ നിലനില്‍ക്കുന്നതാണെങ്കിലും ഇപ്പോള്‍ ഇതിന് പുതിയൊരു ശാസ്ത്രീയ നാമം കൈവന്നിരിക്കുകയാണ്, പത്തോളജിക്കല്‍ ഡിമാന്‍ഡ് അവോയ്ഡന്‍സ് അഥവാ പി ഡി എ.

ഇത് പങ്കാളിയോട് തോന്നുന്ന വിരക്തിയോ മടുപ്പോ അല്ലെന്നും ഒരു രോഗാവസ്ഥയാണെന്നുമാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, ഈ അവസ്ഥയെ ഗൗരവത്തില്‍ എടുക്കണമെന്നും പറയുന്നു. എല്ലാ പുരുഷന്മാരിലും ഒരേ തീവ്രതയോടെ ഈ അവസ്ഥ ഉണ്ടാകാറില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് ഏറെ ശ്രദ്ധവേണ്ട ഒരു അവസ്ഥയാണ്. ഈ അവസ്ഥയില്‍ പെട്ടവരെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെയ്യാന്‍ ആഗ്രഹിക്കാത്തതോ, ആവശ്യപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്നതോ ആയ ഒരു കാര്യവും ചെയ്യാതിരിക്കുക എന്ന നിര്‍ബന്ധമാണ് പി ഡി എ എന്ന അവസ്ഥ. സമൂഹം ആവശ്യപ്പെടുന്നതിനെ നിരാകരിച്ചും, നിഷേധിച്ചും തന്റെ നിയന്ത്രണം മറ്റുള്ളവര്‍ക്ക് മേല്‍ ഉറപ്പിക്കുന്നതിനുള്ള അബോധ മനസ്സിന്റെ ഒരു ശ്രമമാണത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇത് അവസാനം പി ഡി എ ബാധിച്ച വ്യക്തിയെ ഒറ്റപ്പെടലിന്റെ വക്കിലെത്തിക്കും.

ബന്ധങ്ങള്‍ ഉറപ്പിക്കുക, നിരാകരിക്കല്‍ ഒഴിവാക്കുക എന്നതൊക്കെ ഏതൊരു മനുഷ്യന്റെയും സഹജമായ ഒരു സ്വഭാവമാണ്. മറ്റുള്ളവര്‍ പറയുന്നത് സ്ഥിരമായി അനുസരിക്കാതെ വരുമ്പോള്‍ നിങ്ങള്‍ അവരില്‍ നിന്നും സ്വാഭാവികമായും ഒറ്റപ്പെടും. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യം വന്നു ചേരും. ജീവിതം എന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ ഒരിക്കലും നിലയ്ക്കാത്ത ആവശ്യങ്ങളുടെ ഒരു ശ്രേണിയാണ്. അതുകൊണ്ടു തന്നെ ഓരോ ദിവസത്തെ ജീവിതത്തിലും, പല ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്ക് ധാരാളം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും. നിങ്ങള്‍ ലക്ഷ്യം വച്ചതൊന്നും നേടാനായില്ലെന്ന് വിചാരിക്കുക, അതാണ് പത്തോളജിക്കല്‍ ഡിമാന്‍ഡ് അവോയ്ഡന്‍സ് അഥവാ പി ഡി എ.

ഒരുതരത്തില്‍ പറഞ്ഞാല്‍ ഇത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ്. ഇത് വിദഗ്ധമായി കൈകാര്യം ചെയ്യേണ്ടുന്ന ഗുരുതര സാഹചര്യം കൂടിയാണെന്ന് വിദഗ്ധര്‍ പറയുന്നു. താന്‍ അടുക്കളയില്‍ നിന്നും പോയാല്‍, അത് ഭാര്യയെ വിഷമിപ്പിക്കും എന്ന് ഓര്‍ത്തുകൊണ്ടല്ല ഭര്‍ത്താവ് നിങ്ങളെ സഹായിക്കാതെ അടുക്കളയില്‍ നിന്നും പോകുന്നത്, അയാള്‍ വേറൊരു ലോകത്തിലാണ് എന്ന സത്യം മനസ്സിലാക്കുക എന്നതാണ് ഇത് ചികിത്സിക്കുന്നതിനുള്ള ആദ്യ പടി.

നിങ്ങളുടെ ഭര്‍ത്താവ് ഒരു പ്രമേഹ രോഗിയാണെങ്കില്‍, നിങ്ങള്‍ അയാളുടെ ജീവിത ശൈലിയുമായി പൊരുത്തപ്പെട്ട് ജീവിക്കാറില്ലെ? അതുപോലെ, ഇതും ഒരു രോഗമാണെന്ന ബോദ്ധ്യത്തോടെ പെരുമാറണം എന്നാണ് പഠന റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ഇത് സ്ഥിരമായ ഒരു രോഗാവസ്ഥയല്ലെന്നും, അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ മാറ്റിയെടുക്കാവുന്നതാണെന്നും അതില്‍ പറയുന്നുണ്ട്.

Tags:    

Similar News