നിങ്ങളുടെ ശബ്ദത്തിന് പൊടുന്നനെ മാറ്റം വന്നോ? എങ്കില്‍ അത് കാന്‍സറിന്റെ ലക്ഷണമാകാം; നിങ്ങളുടെ പങ്കാളി കൂര്‍ക്കം വലിക്കുന്നതിനാല്‍ ഉറക്കം നഷ്ടപ്പെടുകയാണോ? അതിനും പരിഹാരമുണ്ട്

Update: 2024-10-19 03:42 GMT

നിങ്ങളുടെ ശബ്ദം പെട്ടെന്ന് ഒരു ദിവസം പരുക്കന്‍ ശബ്ദമായി മാറിയോ? എങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണമെന്ന് ഒരു കൊറോണര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരുപക്ഷെ അത് കാന്‍സറിന്റെ ലക്ഷണമാകാം. ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം എങ്ങനെയാണ് കാന്‍സറിന്റെ ലക്ഷണമാകുക എന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം കുറവാണെന്നാണ് മാഞ്ചസ്റ്ററിലെ സീനിയര്‍ കൊറോണര്‍ ആയ ആലിസന്‍ മച്ച് പറയുന്നത്. ശബ്ദമാറ്റം കാര്യമാതെയിരുന്നതിനാല്‍, നാലാംഘട്ടത്തില്‍ മാത്രം കാന്‍സര്‍ തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍, അതിന് കീഴടങ്ങേണ്ടി വന്ന സ്റ്റീഫന്‍ സ്ടിംഗര്‍ എന്ന 74 വയസ്സുകാരന്റെ മരണശേഷമാണ് ഇക്കാര്യം പുറത്ത് വരുന്നത്.

തന്റെ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സ്ടിംഗറുടെ ശബ്ദത്തില്‍ വ്യത്യാസം വന്നതായി കണ്ടെത്തിയെന്ന് കൊറോണര്‍ പറയുന്നു. എന്നാല്‍, ഇത് കാന്‍സറിന്റെ ലക്ഷണമാകാം എന്ന രീതിയില്‍ അന്ന് പരിഗണിച്ചില്ല. പിന്നീട് ഒക്ടോബറില്‍ മാത്രമാണ് ശബ്ദവ്യത്യാസം ഉണ്ടായത് തൊണ്ടയിലെ കാന്‍സര്‍ മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഒരുപാട് ആരോഗ്യ പ്രവര്‍ത്തകര്‍, അന്തിമ ഘട്ടത്തിലെത്തുന്നതു വരെ ഇത് കാന്‍സറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു എന്നാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വകുപ്പിന് എഴുതിയ കത്തില്‍ മച്ച് പറയുന്നത്.

പരുക്കന്‍ ശബ്ദം വന്ന രോഗികളോട് എത്രനാളായി ഇത് തുടങ്ങിയിട്ട് എന്ന് ചോദിക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരു ഇ എന്‍ ടി സര്‍ജന്‍ പറഞ്ഞതായി അവര്‍ കത്തില്‍ പരാമര്‍ശിക്കുന്നു. തൊണ്ടയില്‍ അണുബാധ പോലുള്ള മറ്റു കാരണങ്ങള്‍ ഇല്ലെങ്കി, ചികിത്സകള്‍ ഫലിക്കുന്നില്ലെങ്കില്‍ അത് തൊണ്ടയിലെ കാന്‍സറിനുള്ള ലക്ഷണമാണെന്നും അവര്‍ പറയുന്നു. മൂത്രത്തില്‍ രക്തത്ത്ന്റ്‌റെ അംഷം പോലുള്ള മറ്റു കാന്‍സര്‍ ലക്ഷണങ്ങളില്‍ നിന്നും വിഭിന്നമായി ശബ്ദ വ്യതിയാനം ഒരു കാന്‍സര്‍ ലക്ഷണമായി പരിഗണിക്കപ്പെട്ടിട്ടില്ല എന്നും മച്ച് പറയുന്നു.

പങ്കാളിയുടെ കൂര്‍ക്കംവലി ശല്യമാകുന്നുവോ? പരിഹാരമുണ്ട്

രാത്രിയുടെ നിശബ്ദതയില്‍ ഉറക്കത്തിലേക്ക് ഒഴുകിയിറങ്ങുമ്പോഴായിരിക്കും പങ്കാളിയുടെകൂര്‍ക്കം വലി ഉയരുക. തീര്‍ച്ചയായും ഇത് സുഖനിദ്രക്ക് ഒരു തടസ്സം തന്നെയാണ്. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞത് ബ്രിട്ടനില്‍ ആകമാനം 15 മില്യന്‍ കൂര്‍ക്കം വലിക്കാരുണ്ട് എന്നാണ്. ഒട്ടും കര്‍ണ്ണാനന്ദകരമല്ലാത്ത ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെടുന്നവരും അത്രതന്നെ വരും. കൂര്‍ക്കം വലി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക അമിത വണ്ണമുള്ള മദ്ധ്യവയസ്‌കരായ പുരുഷന്മാരുടെ ചിത്രമായിരിക്കും. എന്നാല്‍, സ്ത്രീകളും കൂര്‍ക്കം വലിയുടെ കാര്യത്തില്‍ പിറകിലല്ല എന്ന് പഠനം തെളിയിക്കുന്നു. ആര്‍ത്തവ വിരാമത്തിന് ശേഷമാണ് സ്ത്രീകളില്‍ കൂര്‍ക്കം വലി കൂടുതലായി ഉണ്ടാവുക എന്ന് പഠനം പറയുന്നു.

അസ്വസ്ഥതക്കും, ഗാര്‍ഹിക കലഹത്തിനും പുറമെ കൂര്‍ക്കം വലി ചില ഗുരുതര ആരോഗ്യാവസ്ഥകളിലേക്കും നയിച്ചേക്കാം എന്ന് വിദഗ്ധര്‍ പറയുന്നു. കൂര്‍ക്കം വലി , ശ്വസനനാളത്തിലെ കോശങ്ങളില്‍ കമ്പനം സൃഷ്ടിക്കുന്നു. ഇത് കാലക്രമേണ ശ്വസനതടസ്സം പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. ചിലപ്പോള്‍ കൂടുതല്‍ ഗുരുതരമായ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നോയിയ (ഒ എസ് എ) എന്ന അവസ്ഥയുടെ ലക്ഷണം കൂടിയാകാം ഇത്. ശ്വസനനാളം കുറച്ച് നേരത്തേക്ക് മാത്രമായി അടയുന്ന അവസ്ഥയാണിത്.

ഇത് കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിലേക്കും ഡിമന്‍ഷ്യയിലെക്കും ഹൃദയസ്തംഭനത്തിലേക്കും ഒക്കെ തിരിഞ്ഞേക്കാം. എന്നാല്‍, കൂര്‍ക്കം വലിക്കാരെ സഹായിക്കാന്‍ ചില ജീവിത ശൈലികളും ഗാഡ്ജറ്റുകളും ഉണ്ടെന്ന് അറിയുക. ആദ്യം കൂര്‍ക്കം എന്താണെന്നും എങ്ങനെയാണ് സംഭവിക്കുന്നതെന്നും അറിയണം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നാവ്, വായ്. തൊണ്ട എന്നിവിടങ്ങളിലെ മൃദുകോശങ്ങള്‍ വികസിക്കുകയും അതുമൂലം ശ്വസനനാളം ചെറുതാവുകയും ചെയ്യും. ഈ ഇടുങ്ങിയ നാളത്തിലൂടെ ഓരോ ശ്വാസോച്ഛാസത്തിലും വായു കടന്നു പോകുമ്പോള്‍ അത് കോശകലകളില്‍ കമ്പനം സൃഷ്ടിക്കും. ഇതാണ് കൂര്‍ക്കം വലി ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്.

മലര്‍ന്ന് കിടക്കുന്നത് കൂര്‍ക്കം വലിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയൊക്കെ കൂര്‍ക്കം വലിയെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.അമിതവണ്ണം മറ്റൊരു കാരണമാണ്. കഴുത്തിന് ചുറ്റുമുള്ള അമിത കൊഴുപ്പ് ശ്വസനനാളം ചുരുങ്ങുന്നതിന് കാരണമായേക്കാം. സ്ത്രീകളില്‍ ഓസ്‌ട്രോജന്‍ കുറയുന്നതും ആര്‍ത്തവ വിരാമവും കൂര്‍ക്കംവലിക്ക് കാരണമായേക്കാം.

വലിയ കൂര്‍ക്കം വലിക്കാര്‍ ഏത് നിലയില്‍ കിടന്നാലും കൂര്‍ക്കം വലിക്കുമെങ്കിലും ഒരു ശരാശരി കൂര്‍ക്കംവലിക്കാരന്‍ മലര്‍ന്ന് കിടക്കുമ്പോള്‍ മാത്രമാണ് കൂര്‍ക്കം വലിക്കുന്നത്. അതുകൊണ്ടു തന്നെ വശം തിരിഞ്ഞു കിടക്കുന്നത് വലിയൊരു പരിധിവരെ കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കും. തല ഉയര്‍ത്തിവെച്ച് കിടക്കുക എന്നതാണ് മറ്റൊരുപാധി. അതുപോലെ മദ്യപാനം കൂര്‍ക്കം വലിയെ പ്രോത്സാഹിപ്പിക്കും എന്നത് ഓര്‍ക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മദ്യപിക്കാതിരിക്കാന്‍ ശ്രമിക്കുക. ഒഴിവാക്കാന്‍ ആയില്ലെങ്കില്‍ അളവ് കുറയ്ക്കുക. പുകവലി ഉപേക്ഷിക്കുക, വണ്ണം കുറയ്ക്കുക എന്നിവയും കൂര്‍ക്കം വലി ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് എന്ന് വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News