അപകടം ഉണ്ടായില്ലെങ്കില്‍ എന്ന് മരിക്കുമെന്ന് ഇനി കൃത്യമായി പ്രവചിക്കാം; നിര്‍മ്മിത ബുദ്ധിയില്‍ തീര്‍ത്ത ഇ സി ജി യു കെയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി; 78 ശതമാനം കൃത്യതയുള്ള എ ഐ ഇ സി ജിയെ അറിയാം
ലണ്ടന്‍: ഇത് ബ്രിട്ടണില്‍ നിന്നുള്ള വാര്‍ത്തയാണ്. ആശുപത്രികളില്‍ എത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് ഇനി തങ്ങളുടെ ഏകദേശ മരണ തീയതി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞേക്കും. നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡെത്ത് കാല്‍ക്കുലേറ്ററാണ് ഇക്കാര്യത്തില്‍ ആളുകളെ സഹായിക്കുന്നത്. ഒരേയൊരു ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇ സി ജി) പരിശോധനയുടെ ഫലം നോക്കി, ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത, മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വരെ കണ്ടെത്താന്‍ കഴിയും. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ പരിശോധനയില്‍ ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളാണ് രേഖപ്പെടുത്തുക.
എ ഐ ഇ സിജി റിസ്‌ക് എസ്റ്റിമേഷന്‍ അഥവാ എ ഐ ആര്‍ ഇ എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ, 10 വര്‍ഷത്തിന് ശേഷം നടക്കുന്ന മരണങ്ങളുടെ തീയതികള്‍ പോലും പ്രവചിക്കുന്നതില്‍ 78 ശതമാനം വിജയിച്ചു എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ ലണ്ടനിലെ രണ്ട് എന്‍ എച്ച് എസ് ട്രസ്റ്റുകളില്‍ ഈ സാങ്കേതികവിദ്യയുടെ ക്ലിനിക്കല്‍ പരീക്ഷണം നടക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ഉടനീളം ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുവാന്‍ ലക്ഷ്യമിടുന്ന രണ്ട് ട്രസ്റ്റുകളില്‍ ഒന്നായ ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്‌കെയര്‍ എന്‍ എച്ച് എസ് ട്രസിലെ കാര്‍ഡിയോളജി റെജിസ്ട്ട്രാര്‍ ആയ ഡോക്ടര്‍ അരുണാശിസ് സാവു പറയുന്നത്, ഡോക്ടര്‍മാര്‍ക്കുള്ള ഒരു ബദല്‍ സംവിധാനമായല്ല ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നാണ്. അമാനുഷിക കഴിവുകള്‍ ആരോഗ്യ സംരക്ഷണ രംഗത്ത് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം എന്നും അവര്‍ പറഞ്ഞു.
ഇലക്ട്രിക്കല്‍ സിഗ്‌നലുകളുടെ പാറ്റേണ്‍ മനസ്സിലാക്കുന്നതിനായി ഇ സി ജി ഫലങ്ങല്‍ വായിക്കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. പിന്നീട് ഹൃദയത്തിന്റെ ഘടനയില്‍ നിന്നും ജനിതക വിവരങ്ങള്‍ ശേഖരിച്ച് ഹൃദയതാളത്തിലെ പിഴവുകളും, ഹൃദ്രോഗ വിവരങ്ങളും അവ ഉണ്ടാകുന്നതിന് മുന്‍പായി അറിയാന്‍ കഴിയും. പിന്നീട്, രോഗിയുടെ ഏകദേശ മരണദിനവും പ്രവചിക്കും.