ഒറ്റക്കാലില്‍ എത്ര നേരം നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയും? ഒന്ന് പരീക്ഷിച്ചു നോക്കൂ; അപ്പോള്‍ അറിയാം നിങ്ങളുടെ ഞരമ്പിനും എല്ലിനും മസിലിനും എത്ര പ്രായമായെന്ന്; മായോ ക്ലിനിക്കിന്റെ ബയോളജിക്കല്‍ എയ്ഡ് പരിശോധന ഇങ്ങനെ
ചെലവേറിയ എം ആര്‍ ഐ പര്‍ശോധനയും ഡി എന്‍ എ വിശകലനവുമൊക്കെ ഇനി മറക്കാം. നിങ്ങള്‍ എത്രമാത്രം ആരോഗ്യവാനാണെന്നത് നിങ്ങളുടെ സ്വന്തം വീടിന്റെ സ്വകാര്യതയിലിരുന്ന് നിങ്ങള്‍ക്ക് പരിശോധിച്ചറിയാം. ഒറ്റക്കാലില്‍ എത്ര നേരം നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയും എന്നത് നിങ്ങളുടെ അസ്ഥികളും, മാംസപേശികളും ഞരനമ്പുകളും എത്രമാത്രം ശക്തമാണ് എന്നത് സൂചിപ്പിക്കുന്നു എന്നാണ് മായോ ക്ലിനിക്കിലെ ഗവേഷകര്‍ പറയുന്നത്. ദുര്‍ബലരാകുന്നത് ആളുകളെ പെട്ടെന്ന് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇരയാക്കും കാരണം അത് സമ്മര്‍ദ്ദങ്ങളുമായി ഒത്തുപോകുന്നതിനുള്ള കഴിവിനെ കുറയ്ക്കുകയും, വീഴ്ചയില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നത് സാവധാനത്തിലാക്കുകയും ചെയ്യും.
അന്‍പത് വയസ്സുള്ള ഒരാള്‍ക്ക് ശരാശരി ഒന്‍പത് സെക്കന്റാണ് ഒറ്റക്കാലില്‍ ശരീരം ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ കഴിയുക. അതേസമയം 80 വയസ്സുള്ള ഒരാള്‍ക്ക് മൂന്ന് സെക്കന്റ് മാത്രമെ ഇതിന് സാധിക്കുകയുള്ളു. നിങ്ങള്‍ ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരം അതീവ സങ്കീര്‍ണ്ണങ്ങളായ ഒന്നിലധികം ദൗത്യങ്ങള്‍ ഒരേ സമയത്തിന് ചെയ്യേണ്ടതായി വരും. നേരെ നില്‍ക്കുന്നതിന് ബാലന്‍സ് നിയന്ത്രിക്കുന്ന, നിങ്ങളുടെ ചെവിയ്ക്കുള്ളിലെ യും, കണ്ണുകളില്‍ നിന്നുള്ള കാഴ്ചാ സൂചനകളും അതുപോലെ നിങ്ങളുടെ ഉടലിലെയും കാലുകളിലെയും വലിയ മാംസപേശികളും ഒരേസമയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണം.
കണ്ണുകളടച്ച് പത്ത് സെക്കന്റ് നിങ്ങള്‍ക്ക് ഒറ്റക്കാലില്‍ നിങ്ങളുടെ ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സാധിക്കുന്നുവെങ്കില്‍, പ്രായമേതായാലും നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതാണ് എന്നതിന്റെ സൂചനയാണെന്ന് ഗവേഷകര്‍ പറയുന്നു. വെല്‍നെസ്സ് മേഖല അടുത്ത ഏതാനും വര്‍ഷങ്ങളിലായി വന്‍ കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിടെ റിയാലിറ്റി ടി വി താരം കിം കര്‍ദാഷിയന്‍, പ്രായാധിക്യം മൂലമുള്ള രോഗങ്ങള്‍ ഉണ്ടോ എന്നറിയാന്‍ എം ആര്‍ ഐ നടത്തിയതായി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ജൈവശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്ന ബ്രിയാന്‍ ജോണ്‍സനെപോലുള്ളവര്‍ കൊളസ്‌ട്രോള്‍ മുതല്‍ രാത്രികാലങ്ങളില്‍ ഉണ്ടാകാറുള്ള ലിംഗോദ്ധാരണം വരെ കൃത്യമായ ഇടവേളകളില്‍ അളക്കാറുണ്ടെന്ന് പറയുന്നു.
എന്നാല്‍, മായോ ക്ലിനിക്കിലെ ശാസ്ത്രജ്ഞന്മാര്‍ കുറേക്കൂടി ലളിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗങ്ങളാണ് രോഗികള്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നതിനായി നിര്‍ദ്ദേശിക്കുന്നത്. ഇത് വീട്ടിലോ ക്ലിനിക്കിലോ പരീക്ഷിക്കാവുന്നതുമാണ്.