മൈറ്റോകോണ്‍ഡ്രിയയിലെ മ്യൂട്ടേഷനുകള്‍ കാരണം പല കുഞ്ഞുങ്ങള്‍ക്കും ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതല്‍; പ്രതീക്ഷയായി പുതിയ ഗവേഷണം; ഡി എന്‍ എ ഉപയോഗിച്ച് ഐ വി എഫ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍

Update: 2025-07-18 08:54 GMT

കുട്ടികള്‍ക്ക് ഭേദമാക്കാനാവാത്ത ജനിതക വൈകല്യങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നത് തടയാന്‍ ഉതകുന്ന രീതിയില്‍ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ ഒരു പരീക്ഷണംവിജയിച്ചിരിക്കുന്നു. മൂന്ന് പേരുടെ ഡി.എന്‍.എ ഉപയോഗിച്ച് ഐ.വി.എഫ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചാണ് യു.കെയിലെ ഡോക്ടര്‍മാര്‍ ഈ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് ഇത്തരത്തില്‍ ആരോഗ്യം കൈവരിച്ച എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചതായും അവര്‍ വ്യക്തമാക്കി.

മൈറ്റോകോണ്‍ഡ്രിയയിലെ മ്യൂട്ടേഷനുകള്‍ കാരണം പല കുഞ്ഞുങ്ങള്‍ക്കും ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇതിനെ എങ്ങനെ തടയാം എന്നത് സംബന്ധിച്ച് ഗവേഷണങ്ങളിലായിരുന്നു ഒരു സംഘം ശാസ്ത്രജ്ഞന്‍മാര്‍. എന്നാല്‍ ഇതിനായി നിയമം തന്നെ മാറ്റിയെഴുതേണ്ടി വന്നു. 2017 ല്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് സര്‍ക്കാര്‍ ആദ്യ ലൈസന്‍സ് നല്‍കിയിരുന്നു. അവിടെയുള്ള ഡോക്ടര്‍മാരാണ് ഈ നൂതന സാങ്കേതികതയ്ക്ക് തുടക്കമിട്ടത്. ഇത്തരത്തില്‍ നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ജനിച്ചത്. ഇവര്‍ക്ക് പാരമ്പര്യമായി ലഭിക്കാന്‍ സാധ്യതയുള്ള മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങളുടെ ലക്ഷണങ്ങളൊന്നും തന്നെയില്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഗര്‍ഭധാരണം കൂടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ ഗവേഷണത്തിനായി രണ്ട് പതിറ്റാണ്ടിലേറെ ചെലവഴിച്ച സംഘത്തിന്റെ ഭാഗമായിരുന്ന പ്രൊഫസര്‍ ഡഗ് ടേണ്‍ബുള്‍ ഈ പരീക്ഷണം വിജയിച്ചത് ഗവേഷകര്‍ക്കും ഇത്തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസകരമാണെന്ന് ചൂണ്ടിക്കാട്ടി. ഈ പരീക്ഷണത്തിലൂടെ എട്ട് ആരോഗ്യമുള്ള കു്ട്ടികളെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നത്. മൈറ്റോകോണ്‍ഡ്രിയല്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കുട്ടിക്കാലത്ത് തന്നെ പ്രത്യക്ഷപ്പെടുന്നതാണ് പതിവ്. തലച്ചോറ്, ഹൃദയം, പേശികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയാണ് ഇത് ഗുരുതരമായി ബാധിക്കുക. ഇവരില്‍ പലരും ചെറുപ്പത്തില്‍ തന്നെ മരിക്കുകയാണ് പതിവ്. ലോകത്തെ ഓരോ അയ്യായിരം നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് വീതം ഈ ആരോഗ്യപ്രശ്നം ബാധിക്കാറുണ്ട്.

പുതിയ പരീക്ഷണത്തിലൂടെ കുട്ടികളില്‍ ഈ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയും. ജനനസമയത്ത് എട്ട് കുട്ടികളും ആരോഗ്യവാന്മാരായിരുന്നു. ഒരു കുട്ടിക്ക് മൂത്രാശയ അണുബാധയുണ്ടായി, അത് ചികിത്സിച്ചു, മറ്റൊരാളിന്റെ പേശിവേദനയും സ്വയം പരിഹരിച്ചു. മൂന്നാമത്തെ കുട്ടിക്ക് ഉയര്‍ന്ന രക്ത കൊഴുപ്പും ഹൃദയ താളത്തില്‍ അസ്വസ്ഥതയും ഉണ്ടായി, അതും ചികിത്സിച്ചു. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടായ ഒരു ആരോഗ്യ പ്രശ്നവുമാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്.

Similar News