'കേരളത്തില്‍ രക്ഷയില്ലാതെ വന്നതോടെ സവര്‍ണരായ ആളുകള്‍ യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറുന്നു; ജാതിയില്‍ മുതിര്‍ന്നവര്‍ നാടുവിടാന്‍ കാരണം ഇവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം എടുക്കാന്‍ ഇല്ലാത്തതിനാല്‍; രാഷ്ട്രീയം കേരളത്തില്‍ ഏറ്റവും ലാഭമുള്ള ബിസിനസ് ആയി മാറി'; അഡ്വ. ജയശങ്കര്‍ പറയുന്നു

രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ വക്കീല്‍ മനസ് തുറക്കുന്നതിങ്ങനെ

Update: 2024-11-11 05:28 GMT

കവന്‍ട്രി: ഇന്ത്യ ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്താണ് രണ്ടു ലോക മഹായുദ്ധങ്ങളും സംഭവിച്ചത്. ഈ യുദ്ധങ്ങളില്‍ ബ്രിട്ടന്‍ കൗശല പൂര്‍വം ഉപയോഗിച്ചതും കോളനി രാജ്യങ്ങളിലെ തടിമിടുക്കുള്ള പുരുഷന്മാരെയാണ്. ഓരോ യുദ്ധവും വലിയ പരാജയക്കണക്കുകള്‍ ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കുമെങ്കിലും ബ്രിട്ടനും സഖ്യ കക്ഷികള്‍ക്കും വേണ്ടി പോരാടിയ മൂന്നാം ലോകത്തിലെ പേര് പോലും പ്രസക്തം അല്ലാത്ത ആയിരക്കണക്കിന് സൈനികരാണ് ഓരോ കോളനി രാജ്യങ്ങളില്‍ നിന്നും യുദ്ധക്കളത്തില്‍ പിടഞ്ഞു വീണതും ഒടുക്കം ഇവരുടെ പേരോ വിവരമോ ഒരു കണക്കിലും പെടാതെ പോയതും.

ഇന്ത്യയില്‍ നിന്നും സൈനിക തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്വാഭാവികമായും അനേകം മലയാളികളും അക്കാലത്തു പടയാളികളായി ഇഷ്ടം ഇല്ലാഞ്ഞിട്ടും ബ്രിട്ടന് വേണ്ടി ലോകത്തിന്റെ പലയിടത്തും പൊരുതേണ്ടി വന്നു. അക്കാലത്തു സൈന്യത്തില്‍ ചേര്‍ക്കും എന്ന് ഭയന്ന് നാട് വിട്ടോടി പോകുന്ന പുരുഷന്മാരെക്കുറിച്ചുള്ള കഥകള്‍ കേരളത്തില്‍ പിന്നീട് പല തലമുറകള്‍ വായ്‌മൊഴികളായി പറഞ്ഞിരുന്നു. യുദ്ധ ശേഷം സൈന്യത്തെ സഹായിച്ചവരെ സിംഗപ്പൂരിലും ജമൈക്ക, കെനിയ, ഉഗാണ്ട തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും എത്തിച്ചു. അന്നാടുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗപ്പെടുത്തുക ആയിരുന്നു ലക്ഷ്യം.

അന്നാടുകളില്‍ നിന്നും പിന്നീട് യുകെയില്‍ എത്തിയ മലയാളികളുടെ പിന്തലമുറക്കാരാണ് ഇപ്പോള്‍ ക്രോയ്‌ഡോണ്‍ അടക്കമുള്ള പല പ്രദേശത്തെയും ആദ്യ തലമുറ മലയാളികള്‍. ഇവര്‍ അറിയപ്പെടുന്നത് തന്നെ സിംഗപ്പൂര്‍ വിസ മലയാളികള്‍ എന്നുമാണ്. ഇവരുടെ പൂര്‍വികര്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് പ്രത്യേക പരിഗണന നല്‍കി ബ്രിട്ടന്‍ ഇവരെയൊക്കെ പുനരധിവാസം നല്‍കി പിന്തുണച്ചത്. എന്നാല്‍ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരെ ഓര്‍മ്മിക്കാനോ ആദരിക്കാനോ ബ്രിട്ടന്‍ മറക്കുകയോ മറന്നതായി ഭാവിക്കുകയോ ആയിരുന്നു. ഇപ്പോള്‍ കേംബ്രിജില്‍ മലയാളി യുവാവ് ബൈജു തിട്ടാല മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്മറഞ്ഞു പോയ സൈനികരെ ഓര്‍മ്മിക്കാന്‍ യുകെയിലെ സൈനിക ദിനം പ്രയോജനപ്പെടുത്തുക ആയിരുന്നു.

വലിയ പ്രാധാന്യത്തോടെ സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍ എന്നിവരൊക്കെ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അവര്‍ എത്തിയില്ല. എന്നാല്‍ മുന്‍ നിശ്ചയിക്കപ്പെട്ടത് പോലെ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ ഈ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മേയറുടെ അതിഥിയായി പങ്കെടുകയും ചെയ്തു. യുകെയില്‍ എത്തിയ അഡ്വ. ജയശങ്കറുമായി മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

പല തലമുറകളുടെ രാഷ്ട്രീയം കണ്ടയാളാണ് താങ്കള്‍. ഇന്ദിര മുതല്‍ മോദി വരെ. കരുണാകരന്‍ മുതല്‍ സതീശന്‍ വരെ. ഇഎംഎസ് മുതല്‍ പിണറായി വരെ. ഇപ്പോള്‍ മറ്റൊരു തലമുറ കൂടി കടന്നു വരുന്നു. റഹീമും റിയാസും ഷാഫിയും രാഹുല്‍ മാങ്കൂട്ടവും അടക്കമുള്ളവര്‍. തലമുറകളുടെ മാറ്റത്തിലൂടെ എന്തായിരിക്കും കേരളത്തിന്റെ ഭാവി?

വളരെ നിരാശയോടെ പറയട്ടെ, ഒരു ഭാവിയും ഇല്ല. ഇതുവരെ ഉണ്ടായിരുന്ന പഴയ തലമുറ നേതാക്കള്‍ക്ക് ഒക്കെ രാഷ്ട്രീയം ഏതായാലും കുറച്ചെങ്കിലും എത്തിക്സും മര്യാദയും ഐഡിയോളജിയും ഒക്കെ ഉണ്ടായിരുന്നു. കരുണാകരനിലും നായനാരിലും അച്യുതാനന്ദനിലും ഒക്കെ ഈ കമ്മിറ്റ്‌മെന്റ് നമുക്ക് കാണാനാകും. പാര്‍ട്ടിയായിരുന്നു അവര്‍ക്കെല്ലാം. വേണമെങ്കില്‍ കുറച്ചൊക്കെ പിണറായി വിജയനില്‍ വരെ ഉണ്ടെന്നു സമ്മതിക്കാം. എന്നാല്‍ ഇടത്തില്‍ റിയാസും റഹീമും മുതല്‍ വലതില്‍ ഷാഫിയും രാഹുലും വരെയുള്ള നിരകളില്‍ ഒരു കമ്മിറ്റ്‌മെന്റും നാടിനോടോ സ്വന്തം പാര്‍ട്ടിയോടോ പോലും ഇല്ലെന്ന നിരീക്ഷണത്തിലേക്ക് എത്തേണ്ടി വരും.

അടച്ചാക്ഷേപിക്കുകയല്ല, കാലത്തിന്റെ മാറ്റം വഴിയുള്ള മൂല്യച്യുതി എന്നും പറയാം. പക്ഷെ സ്വന്തം കാര്യം നോക്കി മാത്രം രാഷ്ട്രീയം കളിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. അല്‍പം കടത്തി പറഞ്ഞാല്‍ ഇന്നത്തെ പിണറായി വിജയനാണ് ഇവരുടെയൊക്കെ റോള്‍ മോഡല്‍. അത് തിരഞ്ഞെടുപ്പായാലും പൊതു പ്രവര്‍ത്തനം ആയാലും ഒക്കെ ഇതാണ് സ്ഥിതി. ഇത് ജനങ്ങള്‍ക്കും നന്നായി മനസ്സിലായിട്ടുണ്ട്. അതിനാല്‍ തന്നെ ആരും പ്രതികരിക്കാനുമില്ല. ഇങ്ങനെ ഒരു നാട്ടില്‍ എന്ത് ഭാവിയാണ് നാം പ്രതീക്ഷിക്കേണ്ടത്?

ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് കുറയുമോ?

ഇപ്പോള്‍ പെട്ടിയെടുപ്പുകാരുടെ രാഷ്ട്രീയമാണ് നാം കാണുന്നത്. ഇന്ന് രാഷ്ട്രീയത്തില്‍ വരുന്നത് ബെനഫിറ്റ് ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് രാഷ്ട്രീയം ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആണ്. അപ്പോള്‍ അവര്‍ക്ക് മുടക്ക് മുതല്‍ ലാഭത്തോടെ തിരികെ കിട്ടണം, അതിനു ആരില്‍ നിന്നും പിടിച്ചു പറിക്കും. കിട്ടാവുന്നിടത്തു നിന്നൊക്കെ വാങ്ങിക്കൂട്ടും. ഈ കലയില്‍ പിടിച്ചു നിന്ന് കയറാന്‍ പറ്റുന്നവര്‍ ആയിരിക്കും ഇനിയും രാഷ്ട്രീയത്തില്‍ സജീവ റോളില്‍ എത്തുക. അല്ലാത്തവരൊക്കെ പിന്തള്ളപ്പെട്ടു പോകും. കഴിവും പ്രാപ്തിയും ഉള്ളവര്‍ ഇന്നും ഉണ്ട്. പക്ഷെ നേതൃത്വം അവരെ പ്രോത്സാഹിപ്പിക്കില്ല.

ഓരോ നേതാവിനോടും ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കേ ഭാവിയുണ്ടാകൂ. ആ കലയില്‍ വിജയിക്കാനാകണം. മുന്‍പ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഈ ശീലം ഇപ്പോള്‍ ഇടതു പാര്‍ട്ടികളിലും വ്യാപകമായി. രാഷ്ട്രീയം വലിയൊരു ബിസിനസ് മേഖലയായി വളര്‍ന്നു കഴിഞ്ഞു. മൂലധന ശക്തികള്‍ ഇല്ലാതെ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാനാകില്ല എന്ന അവസ്ഥയായി. പണം എല്ലാത്തിനെയും നിയന്ത്രിക്കുന്ന അവസ്ഥയിലും ആയി. ഈ സാഹചര്യത്തില്‍ ഭാവിയെ കുറിച്ച് നമ്മള്‍ എന്ത് പ്രതീക്ഷിക്കാനാണ്?

ഇത് കൊണ്ടാണോ ഇന്ന് ചെറുപ്പക്കാര്‍ യുകെയിലേക്കും കാനഡയിലേക്കും യൂറോപ്പിലേക്കും ഒക്കെ ചേക്കേറാന്‍ തിരക്ക് കൂട്ടുന്നത്?

ഉറപ്പായും. അതില്‍ ആരും പറയാത്ത അല്ലെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. തിരുവിതാകൂറിലെയും മധ്യ കേരളത്തിലെയും ക്രിസ്ത്യന്‍, നായര്‍ തുടങ്ങിയ മുന്നോക്ക സമുദായക്കാരാണ് നാടുവിടുന്നതില്‍ അധികവും. ഒറ്റവാക്കില്‍ സവര്‍ണര്‍ ആയവര്‍ നാടുവിടുന്നു എന്ന് പറയണം ( ഇക്കാര്യം വിവാദമായേക്കും, എഴുതണോ എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചപ്പോള്‍, കൃത്യമായും എഴുതണം എന്നാണ് ജയശങ്കര്‍ പറഞ്ഞത്, അദ്ദേഹം ഇക്കാര്യം കഴിഞ്ഞ കുറേനാളായി പറയുന്നതാണ്, പക്ഷെ എഴുതാന്‍ ധൈര്യം ഉള്ളവരും വേണ്ടേ എന്നാണ് അദ്ദേഹം തിരികെ ചോദിച്ചത്).

ജാതിയില്‍ മുതിര്‍ന്നവര്‍ നാടുവിടാന്‍ കാരണം ഇവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം എടുക്കാന്‍ ഇല്ല. പിഎസ്സി എഴുതിയാലും സര്‍ക്കാര്‍ ജോലികള്‍ കൂടുതലും സംവരണ വിഭാഗത്തിലേക്ക് പോകുമ്പോള്‍ എന്ത് പ്രതീക്ഷയോടെയാണ് നാട്ടില്‍ പിടിച്ചു നില്‍ക്കുക? സര്‍ക്കാര്‍ ജോലിക്കാരും സ്വകാര്യ മേഖല ജീവനക്കാരും തമ്മില്‍ ഉള്ള വരുമാനത്തില്‍ വലിയ അന്തരം സംഭവിക്കുമ്പോള്‍ സാമൂഹിക ജീവിതത്തില്‍ അതിന്റെ പ്രതിഫലനം വ്യക്തമാകും. വളരെ കുറച്ചാളുകള്‍ നല്ല നിലയില്‍ ജീവിക്കുകയും ബഹുഭൂരിഭാഗം അത് കണ്ടുകൊണ്ടു നില്‍ക്കേണ്ടി വരുകയും വേണം. ഈ ചെറിയ വിഭാഗം നല്ല നിലയില്‍ ജീവിക്കുന്നതില്‍ ഏറ്റവും അധികം ഉള്ളത് സര്‍ക്കാര്‍ ജീവനക്കാരാണ്. പഴയ കാല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ മിക്കതും തകര്‍ന്നു കഴിഞ്ഞു.

കാരണം കൃഷി ആയിരുന്നു അവരുടെ വരുമാന മാര്‍ഗം. കേരളത്തില്‍ കൃഷി ചെയ്തു വരുമാനം ഉണ്ടാകാനാകില്ല എന്ന ചിന്ത വന്നതോടെ ജീവിക്കണം എങ്കില്‍ നാട് വിടണം എന്ന അവസ്ഥയായി. ഞാന്‍ ഇന്നലെ കേംബ്രിജില്‍ കെ എഫ് സി കഴിക്കാന്‍ പോയപ്പോള്‍ ഭക്ഷണം എടുത്തു തന്ന പെണ്‍കുട്ടിയും മലയാളിയാണ്. പരിചയപെട്ടപ്പോള്‍ കേരളത്തിലെ ഇടത്തരം സാമ്പത്തിക ശേഷിയുള്ള വീട്ടിലെ കുട്ടിയാണ്. പക്ഷെ നാട്ടില്‍ നിന്നാല്‍ ഒരു ജോലിയും കിട്ടാന്‍ പോകുന്നില്ല.

ഇത് ഒറ്റപ്പെട്ട കാഴ്ചയോ സംഭവമോ അല്ല. ഇങ്ങനെയുള്ള ചെറുപ്പക്കാരെ ഇപ്പോള്‍ യുകെയിലും കാനഡയിലും ജര്‍മനിയിലും ഒക്കെ എവിടെ വേണമെങ്കിലും കാണാം എന്നാണ് പ്രവാസി സുഹൃത്തുക്കള്‍ പറയുന്നത്. ഇങ്ങനെ നാട് വിടുന്നവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കി അവരെ നാട്ടില്‍ പിടിച്ചു നിര്‍ത്താന്‍ ഉള്ള ആഗ്രഹമോ ചിന്തയോ ഒന്നും ഭരിക്കുന്നവര്‍ക്കില്ല. അതിനാല്‍ എന്തൊക്കെ തടസങ്ങള്‍ ഉണ്ടായാലും ചെറുപ്പക്കാര്‍ നാട് വിടുന്നത് തുടരും. അവസാനം വോട്ടു ചെയ്യാന്‍ പോലും ആളില്ല എന്ന അവസ്ഥ വരുമ്പോഴായിരിക്കും ഇതിന്റെ ഗൗരവം പാര്‍ട്ടികള്‍ക്ക് നന്നായി മനസിലാകുക.

ഇത്തരം സാഹചര്യം രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും മാത്രമാണോ?

നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, മലയാളിയുടെ ജീവിതത്തില്‍ ഇപ്പോള്‍ ജാതിയും മതവും പറഞ്ഞുള്ള കാഴ്ച എവിടെയും കാണാം. ഇത് കൃത്രിമമായി സൃഷ്ടിക്കുന്നതും ഉണ്ട്, സ്വാഭാവികമായി സംഭവിക്കുന്നതും ഉണ്ട്. രാഷ്ട്രീയവും തിരഞ്ഞെടുപ്പും വരുമ്പോള്‍ എത്ര കൃത്യമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മളെ ജാതി പറയാനും ചിന്തിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും പഠിപ്പിക്കുന്നത്. എറണാകുളം ലോക് സഭ മണ്ഡലത്തില്‍ വരാപ്പുഴ രൂപതയ്ക്കാണ് സീറ്റ് എന്ന മട്ടില്‍ ലാറ്റിന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നും തന്നെ കൃത്യമായി സ്ഥാനാര്‍ത്ഥി എത്തും.

തൃക്കാക്കരയില്‍ സുറിയാനി ക്രിസ്ത്യാനി വേണം. ആലുവയില്‍ മുസ്ലിം തന്നെയാകണം സ്ഥാനാര്‍ത്ഥി. പെരുമ്പാവൂരില്‍ യാക്കോബായക്കാരനും. ഇങ്ങനെ മണ്ഡലം തിരിച്ചു കൃത്യമായി സ്ഥാനാര്‍ത്ഥികളെ വിന്യസിച്ച് അതാതിടത്തെ ഭൂരിപക്ഷ വോട്ടുകള്‍ സ്വന്തമാക്കുന്ന പാര്‍ട്ടികളാണ് നമ്മളെ മതേതരത്വം പഠിപ്പിക്കുന്നത്. ഇനി ഈ ജാതിയിലെ ഏതെങ്കിലും ഒരുത്തനെ പിടിച്ചു സ്ഥാനാര്‍ത്ഥിയാകുമോ അതുമില്ല. മുതലാളിമാരെയും പാറമട ലോബിയെയും ഒക്കെ കക്ഷത്തില്‍ എടുക്കാന്‍ കെല്‍പ്പുള്ളവനെ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റൂ.

നാളെ വായിക്കുക - എന്തുകൊണ്ട് ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല, മലയാളിക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുമറിയില്ല, ജയശങ്കര്‍ അഭിമുഖം രണ്ടാം ഭാഗം

Tags:    

Similar News