''കേരളം മാറണമെങ്കില്‍ പണ്ടേ മാറാമായിരുന്നു, ഉദ്യോഗസ്ഥ ഹുങ്കാണ് പലതിനും തടസം, ബിജെപി പച്ച പിടിക്കില്ല, അദാനിക്ക് പണിയറിയാം, സോഷ്യല്‍ മീഡിയ ഉപയോഗം പോലും മലയാളിക്കറിയില്ല, കൊച്ചി ഇഴയുന്നു''; അഡ്വ. ജയശങ്കര്‍ കേരള സമൂഹത്തെ അടുത്ത് നിന്നും നിരീക്ഷിക്കുമ്പോള്‍ പുറത്തു വരുന്നത് പൊള്ളുന്ന വാക്കുകള്‍

അഡ്വ. ജയശങ്കര്‍ കേരള സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ പുറത്തു വരുന്നത് പൊള്ളുന്ന വാക്കുകള്‍

Update: 2024-11-12 06:44 GMT

കവന്‍ട്രി: ലോക മഹായുദ്ധങ്ങളില്‍ മണ്മറഞ്ഞ മലയാളി സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ നമ്രശിരസ്‌കരാകാന്‍ കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചപ്പോള്‍ തദ്ദേശീയരോട് ഇന്ത്യന്‍ സൈനികര്‍ ചെയ്ത മഹത്തായ സേവനത്തെ പറ്റി സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടവരില്‍ പ്രധാനിയാണ് രാഷ്ട്രീയ ചര്‍ച്ചകളിലൂടെ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായ അഡ്വ. ജയശങ്കര്‍. കേംബ്രിഡ്ജില്‍ മലയാളിയായ ബൈജു തിട്ടാല മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അപൂര്‍വമായ ഇത്തരം ഒരു വേദിക്ക് അവസരം സൃഷ്ടിക്കപ്പെട്ടത്.

മുന്‍പും പലയിടത്തും മലയാളികള്‍ കൗണ്‍സിലര്‍മാരായും മേയര്‍ ആയും ഒക്കെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിട്ടന് വേണ്ടി ഇന്ത്യ കോളനികാലത്തു ചെയ്ത കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ചടങ്ങുകള്‍ ഒന്നും എവിടെയും സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഈ അസാധാരണത്വമാണ് കേംബ്രിഡ്ജില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങുകള്‍ ശ്രദ്ധ നേടുന്നത്, അമേരിക്കന്‍ സൈനികരെ ഓര്‍മ്മിക്കുന്ന ചടങ്ങിലും ഇന്നലെ ജയശങ്കര്‍ പ്രധാന അതിഥി ആയി പങ്കെടുത്തിരുന്നു.

ജയശങ്കറിന്റെ യുകെ സന്ദര്‍ശനം ഇപ്പോള്‍ യുകെ മലയാളികള്‍ ആഘോഷമാക്കുകയാണ്. നാളെ കവന്‍ട്രിയില്‍ ടിഫിന്‍ ബോക്സില്‍ കവന്‍ട്രി മലയാളികളുമായി രാഷ്ട്രീയ സംവാദവും നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തിയും എന്ന വിഷയത്തില്‍ അഡ്വ. ജയശങ്കര്‍ സംസാരിക്കും. മറ്റന്നാള്‍ ലിവര്‍പൂളിലാണ് മലയാളി സമൂഹം ജയ്ശങ്കറിന് ആദരവ് ഒരുക്കുന്നത്. ടെലിവിഷന്‍ സ്‌ക്രീനിലും യുട്യൂബ് ചാനലുകള്‍ വഴിയും പൊള്ളയായ സത്യങ്ങള്‍ സധൈര്യം വിളിച്ചു പറയുന്ന അപൂര്‍വം മലയാളികളില്‍ ഒരാളായ ജയശങ്കര്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നത് പതിനായിരങ്ങളാണ്.

രാഷ്ട്രീയ നേതാക്കളെക്കാള്‍ വിശ്വാസ്യത ഇപ്പോള്‍ ഒപ്പീനിയന്‍ ലീഡേഴ്‌സ് എന്നറിയപ്പെടുന്ന ഇത്തരം വ്യക്തിത്വങ്ങള്‍ നേടിയെടുക്കുന്നതും കേരളത്തില്‍ സോഷ്യല്‍ മീഡിയ സാധ്യതതകള്‍ വഴി ഉണ്ടായ വഴിത്തിരിവ് തന്നെയാണ്. ഇതടക്കമുള്ള കാര്യങ്ങളാണ് പതിവ് പോലെ മറയില്ലാതെ ജയശങ്കര്‍ മറുനാടന്‍ മലയാളി വായനക്കാരുമായി പങ്കിടുന്നത്. അഡ്വ. ജയശങ്കറുമായി മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോന്‍ നടത്തിയ അഭിമുഖത്തിലെ രണ്ടാം ഭാഗം:

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകം വല്ലാതെ മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയും മറ്റും ഏറ്റെടുത്തു മുന്നേറുന്ന ഈ മാറ്റങ്ങളുടെ കൊടുംകാറ്റില്‍ കേരളം എങ്ങനെ മാറും എന്നാണ് അങ്ങ് കരുതുന്നത്?

സത്യത്തില്‍ രാഷ്ട്രീയമായോ ഭരണതലത്തിലോ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കാന്‍ വയ്യ. അങ്ങനെ ആണെങ്കില്‍ ആ മാറ്റങ്ങള്‍ പണ്ടേ വന്നേനെ. പുതിയ കാറും സ്മാര്‍ട്ട് ഫോണും ഒക്കെ വരുന്നത് മാറ്റം ആണെങ്കില്‍ കേരളത്തില്‍ ലോകത്തെവിടേയും ഇല്ലാത്ത മാറ്റം ഉണ്ടാകും എന്ന് പറയാം. പക്ഷെ ഗ്ലോബലൈസേഷനും മില്ലേനിയവും കണ്ട നാട് രാഷ്ട്രീയവും സാമൂഹികവും ആയി വല്ലാത്ത ജീര്‍ണതയിലാണ്, അല്ലെങ്കില്‍ താഴേക്കാണ്. കൃത്യമായ ദിശാബോധം ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം തന്നെയാണ് പ്രധാന കാരണം. നാടിനോട് ഒരു തരത്തിലും ഉള്ള കമ്മിറ്റ്മെന്റ് രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും കാണാനില്ല.

ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ആണ് ശ്രമം. അപൂര്‍വം ഒറ്റപ്പെട്ട ആളുകള്‍ അപവാദമായി ഉണ്ടാകാം. പക്ഷെ അങ്ങനെ ഏതാനും പേരെക്കൊണ്ട് ഒരു നാട് നന്നാകുമോ അഥവാ മാറുമോ? മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷ പോലും വിദൂരമാണ് എന്ന് ഞാന്‍ പറയും. ഇതൊക്കെ കൊണ്ട് കൂടിയാണ് ചെറുപ്പക്കാര്‍ നാട് വിടാന്‍ ഒരുങ്ങി നില്‍ക്കുന്നതും. മുന്നില്‍ എത്തുന്ന ഏതു അവസരവും നല്ലതെന്നു കരുതി അവര്‍ പോളണ്ടിലോ ഹാങ്കറിയിലോ ദക്ഷിണാഫ്രിക്കയിലോ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാകും. ഒരു യോഗ്യതയും ഇല്ലാത്ത കുറെയേറെ ആളുകള്‍ ബ്രിട്ടനില്‍ എത്തിയാല്‍ നല്ല ജോലി ലഭിക്കും എന്ന് കരുതി എത്തിയിട്ടുണ്ട് എന്നാണ് ഇവിടെ എത്തിയപ്പോള്‍ അറിയാനായത്.

ഒരു മാറ്റം വരാന്‍ രാഷ്ട്രീയമായി മൂന്നാം കക്ഷിയോ മൂന്നാം മുന്നണിയോ സാധ്യമാകുമോ?

കേരളത്തില്‍ ബിജെപി ജയിച്ചു കയറാനോ അധികാരത്തില്‍ എത്താനോ ഒക്കെ ഏറെ വിഷമമാണ്. ശക്തമായ മുന്നണി സംവിധാനം തന്നെ കാരണം. അവരെ പൊളിച്ചടുക്കുക എന്നത് അത്ര എളുപ്പമല്ല. മുന്നണികളില്‍ സാമുദായിക ശക്തികള്‍ അടക്കം ഉള്ളവര്‍ ആഴത്തില്‍ വേര് പിടിച്ചു കിടക്കുകയാണ്. ഡല്‍ഹിയിലെയും പഞ്ചാബിലെയും പോലെ മൂന്നാം ശക്തിയുടെ വരവ് അറിയിച്ച് ആപ്പിനോ കിഴക്കമ്പലത്തെ പോലെ ട്വന്റി ട്വന്റിക്കോ ഒന്നും കേരളമാകെ പടരാനാകില്ല. പണം ഒരു പ്രധാന പ്രശ്നം തന്നെയാണ്. പിന്നെ വിശ്വാസ്യത ഉള്ള നേതാക്കള്‍ സംസ്ഥാന തലത്തില്‍ ഉണ്ടാകാനും വിഷമതകള്‍ ഈ മൂന്നാം ബദലില്‍ വ്യക്തമാണ്.

വലിയ അഴിമതിക്കാരാണ് എന്ന് പേരുകേട്ട ജയലളിതയും കരുണാനിധിയും ഒക്കെ ഭരിച്ചിട്ടും എങ്ങനെയാണു തമിഴ്നാട് കേരളത്തിന് മുന്നില്‍ കയറി പോകുന്നത്?

തമിഴ്നാടിന്റേയും കര്‍ണാടകത്തിന്റെയും ഒക്കെ രാഷ്ട്രീയം വളരെ വ്യത്യസ്തമാണ്. പ്രാദേശിക കക്ഷികള്‍ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്നവരാണ്. കേരളത്തില്‍ നിറയെ ദേശീയ പാര്‍ട്ടികളാണ്. കോണ്‍ഗ്രസും ബിജെപിയും മാത്രമല്ല സിപിഎം പോലും ദേശീയ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് ദേശീയ താല്‍പര്യങ്ങളില്‍ സംസ്ഥാനത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കേണ്ടി വന്നേക്കാം. തമിഴ്നാട് ഒക്കെ എത്ര വൈകാരികമായാണ് ഓരോ വിഷയത്തിലും പ്രതികരിക്കുക. ജെല്ലിക്കെട്ട് സമരത്തില്‍ ഒകെ നമ്മള്‍ അത് കണ്ടതാണ്. വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ വരെ അവര്‍ തയ്യാറാകും.

അത്ര ശക്തമായ നിലപാട് ഒന്നും കേരളത്തില്‍ ഉണ്ടാകില്ല. സ്വന്തം നാടിനു വേണ്ടി ശക്തിയോടെ വാദിക്കുന്ന നേതാക്കള്‍ ഉണ്ടാകുമ്പോള്‍ വികസനവും പുരോഗതിയും ഒക്കെ വഴിയേ എത്തും. സംസ്ഥാനത്തു നല്ല ഭരണം നടത്തിയാല്‍ മാത്രമേ അവര്‍ക്ക് വീണ്ടും ജയിക്കാനാകൂ. പക്ഷെ നമ്മള്‍ ദേശീയ താല്‍പര്യം കൂടി പരിഗണിച്ചു വോട്ടു ചെയ്യുന്നവരാണ്. അപ്പോള്‍ സംസ്ഥാന ഭരണം പതറിയാലും വോട്ടു ചിലപ്പോള്‍ മറിയില്ല.

ഇത് മാത്രമാണോ കേരളത്തെ പിന്നോക്കം വലിക്കുന്നത്?

അല്ല, ഉദ്യോഗസ്ഥ മേധാവിത്വം ഒരു വലിയ വിഷമം തന്നെയാണ്. നിങ്ങള്‍ ഒരു പ്രവാസി ആണെങ്കില്‍ കേരളത്തില്‍ വന്നു ബിസിനസോ വ്യവസായമോ തുടങ്ങാന്‍ ആലോചിച്ചു നോക്കൂ. എങ്ങനെ തടസപ്പെടുത്താന്‍ കഴിയും എന്ന ഗവേഷണമാണ് ഉദ്യോഗസ്ഥ ലോബി നടത്തുക. സാറേ എന്ന് വിളിച്ചില്ലെങ്കില്‍ പോലും പ്രകോപിതരാകുന്ന ഉദ്യോഗസ്ഥരുണ്ട്. പണ്ട് പറഞ്ഞിരുന്ന റെഡ് ടേപ്പിസം ഒക്കെ അതോ പടി നിലനില്‍ക്കുന്നുണ്ട്.

ഉപദ്രവിക്കാന്‍ സാധിക്കുന്ന നിലയിലൊക്കെ അത് ചെയ്യാന്‍ ഉദ്യോഗസ്ഥ വൃന്ദം കാത്തിരിപ്പുണ്ട്. ഏകജാലക സംവിധാനം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ഒരിക്കല്‍ ശ്രമം നടത്തി പരാജയപ്പെട്ടവര്‍ പിന്നെ ആ വഴി തിരിഞ്ഞു നോക്കില്ല എന്ന് മാത്രമല്ല ആ കാഴ്ച കാണുന്ന ആയിരങ്ങളാണ് നിക്ഷേപ ശ്രമത്തില്‍ നിന്നും പിന്തിരിയുക. ഇങ്ങനെ എല്ലാവരും കൂടി കേരളത്തെ പിന്നോക്കം പിടിച്ചു വലിച്ചു വലിച്ചാണ് നാം ഈ പരുവത്തില്‍ കിടന്ന് ഇഴയുന്നത്.

സോഷ്യല്‍ മീഡിയ ആധിപത്യം നടത്തിയിട്ടും നല്ലതൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലേ?

വാസ്തവത്തില്‍ സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് പോലും മലയാളിക്ക് അറിയില്ലലോ. ഒരു അപകടം നടന്നാലും അത് കണ്ടു വിഡിയോ എടുത്തു സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു ലൈക്ക് വാങ്ങാന്‍ ഉള്ള ശ്രമമല്ലേ നമ്മള്‍ നടത്തുക. ഇത്തരം കാഴ്ചകള്‍ വിദേശത്തു കാണാനാകുമോ? സോഷ്യല്‍ മീഡിയ ഉപയോഗം പോലും വിദേശത്തൊക്കെ സ്‌കൂള്‍ സിലബസില്‍ എത്തി എന്നാണ് അറിയാനാകുന്നത്. പക്ഷെ ഇത്തരം കാര്യങ്ങള്‍ ഒന്നും ചിന്തിക്കാന്‍ കേരളത്തില്‍ അതിനു പ്രാപ്തിയുള്ളവരും ചുമതലയുള്ളവരും മിനക്കെടുന്നുമില്ല. കോവിഡ് കാലത്തിനു ശേഷം ലോകമെങ്ങും മനുഷ്യരുടെ ചിന്തയിലും പ്രവര്‍ത്തിയിലും ഒക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ നമ്മള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല, ഒന്നും പഠിക്കാനും തയ്യാറാകുന്നില്ല.

എന്ത് കാര്യത്തിലും ഇപ്പോള്‍ കോടതികളാണ് ആശ്രയം എന്ന ശൈലി നല്ലതാണോ?

ഒരിക്കലുമല്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ പോലും എനിക്ക് അതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. എത്ര പേര്‍ക്ക് കോടതിയില്‍ എത്താനാകും എന്നത് പോലും വലിയൊരു ചോദ്യമാണ്. ഒരു പത്തു ശതമാനം പേര്‍ക്ക് പോലും കോടതിയില്‍ എത്താനാകില്ല. എത്തിയാല്‍ തന്നെ അത് പേര്‍ക്ക് വിജയം വരെ കൊണ്ടെത്തിക്കാനാകും എന്നതും പ്രധാനമാണ്. മാത്രമല്ല കോടതി നടപടികള്‍ വലിയ പണച്ചിലവ് ഉള്ള കാര്യവുമാണ്. സമൂഹത്തില്‍ എത്ര പേര്‍ക്ക് ഏതു താങ്ങാനാകും എന്നതും പ്രധാനമല്ലേ.

വല്ലാര്‍പാടം വന്നു, സ്മാര്‍ട്ട് സിറ്റി വന്നു, ഇപ്പോള്‍ വിഴിഞ്ഞം വന്നു... വന്‍കിട പദ്ധതികള്‍ വന്നിട്ടും കേരളം നന്നാകാന്‍ മടിക്കുകയാണോ?

കേരളത്തില്‍ എത്തിയ ഒരു വന്‍കിട പദ്ധതിയും ഹിറ്റായില്ല എന്നത് സത്യമാണ്. വല്ലാര്‍പാടത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി സ്വദേശികളുടെ കണ്ണീരാകാം ആ പദ്ധതിയുടെ ശാപം എന്ന് വേണമെങ്കില്‍ ഒരു രസത്തിനു പറയാം. വാസ്തവത്തില്‍ വലിയ പദ്ധതികള്‍ വരുമ്പോള്‍ കൃത്യമായ ഫോളോ അപ് ഒന്നും ആ പദ്ധതികളില്‍ ഉണ്ടാകുന്നില്ല. സ്മാര്‍ട്ട് സിറ്റിക്ക് അനുബന്ധിതമായി എത്രയോ പ്രോജക്ടുകള്‍ പ്രഖ്യാപിക്കപെട്ടതാണ്. ഒന്നെങ്കിലും ഉണ്ടായോ? ആകെ ഒരു റോഡ് ഉണ്ടായതു കൊണ്ട് ഞങ്ങള്‍ കുറച്ചാളുകള്‍ക്ക് നഗരത്തിന്റെ തിക്കു മുട്ടല്‍ ഇല്ലാതെ യാത്ര ചെയ്യാനാകുന്നുണ്ട്. കണ്ടെയ്‌നറുകള്‍ക്ക് വേണ്ടി പണിത റോഡാണ്. എന്നാല്‍ എത്ര കണ്ടെയ്‌നറുകള്‍ അതിലെ വരുന്നുണ്ട്. എന്നാല്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ പഴി പറയാന്‍ ഞാന്‍ ഇല്ല. കാരണം നടത്തിപ്പ് അദനിക്കാണ്. അയാള്‍ക്ക് പണിയറിയാം. അയാള്‍ പദ്ധതി ലാഭത്തിലാക്കാന്‍ പലതും ചെയ്തേക്കാം. അങ്ങനെയെങ്കില്‍ വിഴിഞ്ഞം ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

സ്മാര്‍ട്ട് സിറ്റികൊണ്ടു കൊച്ചി വലുതായില്ല, എന്നാല്‍ ബാംഗ്ലൂരിലേക്ക് ലണ്ടനില്‍ നിന്നും എല്ലാ ദിവസവും ബ്രിട്ടീഷ് എയര്‍വെയ്സും എയര്‍ ഇന്ത്യയും നേരിട്ട് വിമാന സര്‍വീസ് നടത്തുന്നു. ഇതിനെ അങ്ങ് എങ്ങനെ കാണുന്നു?

ബാംഗ്ലൂര്‍ പണ്ടേ ഒരു റെസിഡന്‍ഷ്യല്‍ സിറ്റിയാണ്. കൊച്ചിയുടെ പല മടങ്ങു സാധ്യതകള്‍ അവിടെയുണ്ട്. ബാംഗ്ലൂരിന്റെ വികസന സാധ്യതകള്‍ ഒന്നും കൊച്ചിക്ക് അവകാശപ്പെടാന്‍ ആകില്ല. എങ്കിലും സ്മാര്‍ട്ട് സിറ്റി വന്ന കൊച്ചി ഇങ്ങനെ ആയാല്‍ പോരായിരുന്നു. ബാംഗ്ലൂരില്‍ വലിയ തോതില്‍ പണക്കാരുള്ള ഒരു സമൂഹമുണ്ട്, നഗരത്തെ വലയം ചെയ്താണ് അവര്‍ ജീവിക്കുന്നത്. യഥാര്‍ത്ഥ ഐടി വിപ്ലവമാണ് അവിടെ നടന്നത്. ഹൈദ്രാബാദിനും ഈ നേട്ടം ഉണ്ടാകും. അവിടെയും വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. വലിയ തോതില്‍ ജോലികള്‍ സൃഷ്ടിക്കപ്പെടുകയാണ് ബാംഗ്ലൂരിലും ഹൈദരാബാദിലും. അത്ര ഉയര്‍ന്ന ശമ്പളം ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിലെ കുട്ടികള്‍ ഈ രണ്ടു നഗരങ്ങളിലും എത്തിപ്പെടാന്‍ തിരക്ക് കൂട്ടുകയാണ്. ഇവരെ കൊച്ചിയില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ് വസ്തുത.

മലയാളിക്ക് മൊത്തത്തില്‍ ഒരു നെഗറ്റീവ് മൈന്‍ഡ് സെറ്റ് ആണോ?

വേണമെങ്കില്‍ ആണെന്ന് പറയാം. എന്തിനെയും ഒന്നെതിര്‍ക്കാന്‍ ഉള്ള ഒരു ടെന്റന്‍സി പണ്ടേ നമുക്കൊപ്പമുണ്ട്. എന്നാല്‍ മലയാളി എതിര്‍ത്ത പലതും ഇന്ന് അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. ഇതില്‍ നിന്നൊക്കെ ജനങ്ങലെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയ കക്ഷികളാണ്. എന്തിനെയും എതിര്‍ക്കണം എന്ന ചിന്ത രൂപപ്പെടുമ്പോള്‍ ഒന്നും നന്നായി സംഭവിക്കില്ല. ഇതൊക്കെ മാറുമോ മാറ്റപ്പെടുമോ എന്ന് ചോദിച്ചാല്‍ അത്തരം പ്രതീക്ഷകള്‍ക്കുള്ള കാഴ്ചകള്‍ ഒന്നും ഇപ്പോള്‍ നമ്മുടെ പരിസരത്തില്ല എന്നാണ് ഉത്തരം.

Tags:    

Similar News