ഇഷ്ടം തോന്നിയ പെണ്‍കുട്ടിയ്ക്ക് കൈമാറാന്‍ പ്രണയലേഖനം ഏല്‍പ്പിച്ചത് ചോദ്യം ചെയ്തതില്‍ തുടങ്ങിയ പക; ക്രിക്കറ്റ് സ്റ്റമ്പില്‍ തിരിച്ചു പിടിച്ച ജീവിതം ചോദ്യചിഹ്നമായത് പലയാവര്‍ത്തി; ദിവസേന മുടങ്ങാതെ പള്ളിയില്‍ പോയിരുന്ന അനീഷ് എങ്ങിനെ'മരട് അനീഷാ'യി? മരട് അനീഷ് ജീവിതം തുറന്നു പറയുമ്പോള്‍
കൊച്ചി:കുടുംബം പുലര്‍ത്താന്‍ നിത്യവൃത്തി ചെയ്ത് ചെറിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി ജീവിക്കുന്ന സാധാരണ മനുഷ്യര്‍ക്കിടയില്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മളെ കടന്നുപോകുന്ന ചില ജീവിതങ്ങളുണ്ട്.വാര്‍ത്തകളിലും ചില സംഭവങ്ങളിലുടെയുമൊക്കെ നമ്മള്‍ അറിയുന്ന ജീവിതം..അധോലോകമെന്നൊക്കെ പേരിട്ടുവിളിക്കുന്ന ഈ ലോകത്തിനുമുണ്ട് ഒരുപാട് കഥകള്‍ പറയാന്‍.അത്തരത്തിലുള്ള ജീവിതത്തെ തുറന്നുകാട്ടുകയാണ് മരട് അനീഷ് എന്ന ഗുണ്ടത്തലവന്‍.
സിനിമയെവ്വെല്ലുന്ന ജീവിതാനുഭവങ്ങളോടെ ഈ മേഖലയിലേക്ക് വന്ന ദൈവവിശ്വാസിയായ അനീഷിന്റെ ജീവിതം കൊച്ചയിലെ ഗുണ്ടസംഘങ്ങളുടെ ചരിത്രവും കൂടിയാണ് പറയുന്നത്. മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി മരട് അനീഷ് തന്റെ കഥ പറയുന്നു..
ആദ്യമായി ചോദിക്കട്ടെ എനിക്കൊരു അഭിമുഖം തരാമെന്ന് അനീഷ് തീരുമാനിക്കാന്‍ കാരണം എന്താണ്?
ഞാനൊരിക്കലും നന്മമരമൊന്നുമല്ല.. പക്ഷെ നമ്മുടെ ജീവിതസത്യങ്ങള്‍ നമ്മള്‍ പറഞ്ഞാലെ മറ്റുള്ളവര്‍ അറിയു.അപ്പോള്‍ അതില്‍ കൃത്യമായി പറയുന്ന കാര്യങ്ങള്‍ അതേപടി ജനങ്ങളിലേക്കെത്തണം എന്നുണ്ട്.അതുകൊണ്ടാണ് അഭിമുഖത്തിന് തയ്യാറായത്.
അനീഷ് ഒരു ഗുണ്ടതലവനാണ് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.ഇതില്‍ വാസ്തവമുണ്ടോ? നിങ്ങള്‍ ഗുണ്ട ലിസ്റ്റില്‍ ഉണ്ടോ?
ഉണ്ട്.. ലിസ്റ്റില്‍ ഉണ്ട്.രണ്ടുവര്‍ഷം മുന്‍പാണ് എനിക്കെതിരെ കാപ്പ വരുന്നത്.. അതും ഇത്രയും വര്‍ഷത്തിനിടയ്ക്ക്.പക്ഷെ ഞാന്‍ ജയില്‍വാസം അനുഭവിച്ചത് കുറവാണ്.എനിക്കെതിരെ കേസുകള്‍ ഒരുപാടുണ്ട്.ഇത്രയും വര്‍ഷത്തിനിടയ്ക്ക് 7 വര്‍ഷത്തോളം മാത്രമെ എനിക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുള്ളു.ഇപ്പോള്‍ എനിക്കെതിരെ കേസുണ്ട്.പക്ഷെ കേരള പോലീസില്‍ ഇല്ല.കൊയമ്പത്തൂരിലെ ഒരു സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട്.പക്ഷെ അന്ന് കേരളത്തില്‍ എന്റെ വീട്ടിലായിരുന്നു.അതിനാല്‍ തന്നെ ഞാന്‍ പ്രതിയല്ല കേസില്‍.എന്നിട്ടും ഈ കേസില്‍ കേരള പോലീസ് എന്നെ തപ്പുന്നുണ്ട്.കാരണം തമിഴ്‌നാട് പോലീസിനെക്കൊണ്ട് എന്നെ എന്‍കൗണ്ടര്‍ ചെയ്യിക്കുക അല്ലെങ്കില്‍ ആജീവനാന്തം പിടിച്ച ജയിലില്‍ ഇടുക എന്നത് കേരള പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ആവശ്യമാണ്.
ഇതുപോലെ ഒരു കേസ് രണ്ടുവര്‍ഷം മുന്‍പും ഉണ്ടായിട്ടുണ്ട്.ഞാന്‍ ഈ ഫീല്‍ഡില്‍ എത്തി 10-20 വര്‍ഷം കഴിഞ്ഞു.ഇതിനിടയില്‍ പലരും എന്റെ കൂടെ വന്നുപോയിട്ടുണ്ട്.അപ്പൊ അവര്‍ ആരെങ്കിലും എന്തെലും പ്രശ്‌നത്തില്‍ വന്നുപെട്ടാല്‍ അതില്‍ ഞാനും പ്രതിയാകും.ഇങ്ങനെ ആരുടെയെങ്കിലും ഫോട്ടോയുമായി കര്‍ണ്ണാടക പോലീസൊ മറ്റൊ വന്നാല്‍ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് ഇതിന്റെ ഒക്കെ തലപ്പത്ത് ഞാനാണ് എന്നാണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോടാലി ശ്രീധരനുമായി ചേര്‍ത്ത് എന്റെ പേര് പറയുന്നത്.ജീവിതത്തില്‍ ഞാന്‍ അയാളെ കണ്ടിട്ടില്ല.തൃശ്ശൂരില്‍ പെട്ടിക്കട പോലെയാണ് കുഴല്‍പ്പണം തട്ടാന്‍ പോകുന്ന സംഘങ്ങള്‍.അതില്‍ ആരേലും ഒരാള്‍ പറയട്ടെ ഞാന്‍ അവരുടെ കൂടെ പോയിട്ടുണ്ടെന്ന്..
കര്‍ണ്ണാടക പോലീസും തമിഴ്‌നാട് പോലീസും എന്നെ അന്വേഷിക്കുന്നത് അവര്‍ക്ക് ആ പണം റിക്കവറി ചെയ്യാനാണ്.അപ്പൊ ഒരു പണക്കാരനെ പിടിച്ചാല്‍ അയാള്‍ എങ്ങിനേലും അ പണം കൊടുക്കും.അതാണ് അവരുടെ ലക്ഷ്യം.കേരള പോലീസിന്റെ ആവശ്യം എന്നെ അവര്‍ക്കു പിടിച്ചുകൊടുക്കുക എന്നതാണ്.അതിന്റെ പ്രധാന കാരണം ഞാന്‍ ഡ്രഗ്ഗിന് എതിരാണെന്നതാണ്.കൊച്ചിയിലെ നിരവധി പോലീസുകാര്‍ക്ക് ഈ ഡ്രഗ് ഡിലേഴ്‌സുമായാണ് ഇടപാട്.ഞാന്‍ അതിനെതിരായതാണ് അവരെ ചൊടിപ്പിക്കുന്നത്.നേരത്തെ പറഞ്ഞപോലെ പലപ്പോഴായി എന്റെ സംഘത്തില്‍ നിന്ന് പോയവരുണ്ട്.അതില്‍ ചിലരൊക്കെ എത്തിപ്പെടുന്നത് നമ്മുടെ ശത്രുപാളയത്തിലാണ് അങ്ങിനെയാണ് ഡ്രഗ്ഗ് കേസിലേക്ക് പോലും എന്റെ പേര് വന്നത്.അല്ലാതെ ഞാന്‍ ഡ്രഗ്ഗ് ബിസിനസ്സില്‍ പോയിട്ടേ ഇല്ല.
ആലപ്പുഴ ഒരു ബര്‍ത്ത്‌ഡേ ഫംഗ്ഷന് പോയതാണ് ഞാന്‍.അന്ന് അവിടുന്ന് വീഡിയോ എടുക്കാമെന്ന് പറഞ്ഞ് മറ്റൊരു വാഹനത്തിലേക്ക് എന്ന കയറ്റി.എന്റെ വാഹനം തൊട്ടുപിറകിലായിരുന്നു.അപ്പോഴാണ് രണ്ട് പോലീസുകാര്‍ വന്ന് എന്നോട് വണ്ടി ഒന്ന് ചെക്ക് ചെയ്യണം ജസ്റ്റ് ഒരുഫോര്‍മാലിറ്റിയാണെന്ന് പറയുന്നത്.അത്രയും മാന്യമായാണ് അവര്‍ സംസാരിച്ചത്.എന്നിട്ട് എംഡിഎംഎ പിടിച്ചത് ആ വാഹനം ഓടിച്ചവന്റെ കയ്യില്‍ നിന്ന്.അങ്ങിനെ ഞാനും പെട്ട്.പക്ഷെ പുതുതലമുറയോട് ഉള്‍പ്പടെ ഞാന്‍ പറയുന്നു..ഇത് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നിങ്ങള്‍ ഉപയോഗിച്ചാലും എംഡിഎംഎ പിടിക്കുമ്പോള്‍ നിങ്ങളുടെ കുടെ ഉള്ളവരും പ്രതികളാകും.വീട്ടില്‍ നിന്ന് പിടിച്ചാല്‍ ഭാര്യയുള്‍പ്പടെ പ്രതിയാകും.അങ്ങിനെ പ്രതിയായ വ്യക്തിയാണ് ഞാന്‍.അന്ന് വേണമെങ്കില്‍ പിഴ അടച്ച് എനിക്ക് ഊരിപ്പോരാമായിരുന്നു.പക്ഷെ അങ്ങിനെ ചെയ്താല്‍ ഞാന്‍ സ്മ്മതിച്ചെന്നാകും.എന്റെ കയ്യില്‍ നിന്നല്ലലോ പിടിക്കുന്നെ.. പിന്നെന്തിന് പിഴ അടക്കണം.
പക്ഷെ പത്രക്കാര്‍ക്ക് എന്റെ പേര് കൂടി വരുമ്പോ വാര്‍ത്ത കുറച്ചുകൂടി ശ്രദ്ധിക്കപ്പെടും.അന്ന് നാട്ടുകാര്‍ കൂടി നില്‍ക്കുമ്പോഴാണ് ഈ സംഭവം.പക്ഷെ ആരും ചോദിച്ചിട്ടില്ല.എംഡിഎംഎയുടെ പ്രശ്‌നം അതാണ്.ഓരാള്‍ ചെയ്താല്‍ അയാളെ വിശ്വസിച്ച് അയാളുടെ അടുത്തേക്ക് വരുന്നയാള്‍ പോലും കുടുങ്ങും.പത്രത്തിലൊക്കെ ഭാര്യയും ഭര്‍ത്താവും കൂടി കടത്തി എന്നൊക്കെ വാര്‍ത്ത കാണാറില്ലെ.. അത് ഇങ്ങനെയാണ്.ഭാര്യ അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല.
ഇത്രയും അധോലോക സംവിധാനങ്ങളും ബന്ധങ്ങളും ഒക്കെയുണ്ടായിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ലഹരിക്ക് എതിരായി നില്‍ക്കുന്നത്?
ലഹരിക്കെതിരായി നില്‍ക്കുന്നതിന് കാരണം.. പണ്ട് കാലത്ത് നമ്മുടെ കയ്യില്‍ പണമൊന്നുമില്ലാതിരുന്നപ്പോള്‍ വല്ല കേസിലോ മറ്റൊ പെട്ടാല്‍ മാറി താമസിക്കാന്‍ സ്ഥലമില്ല.അപ്പൊള്‍ സമീപത്തെ എതെലും വീടിന്റെ മുകളിലൊക്കെയാണ് ഒരു പായും തലയിണയും ആയി പോയി കിടന്നിരുന്നത്.വീട്ടില്‍ നിന്ന് ശബ്ദം കേട്ട് ഞാനാണെന്ന് മനസിലായാല്‍ വീട്ടുകാര്‍ പറയും അവന് ദുശ്ശീലങ്ങളൊന്നുമില്ല.അതുകൊണ്ട് പ്രശ്‌നമില്ലെന്ന്.
1999-2000 കാലഘട്ടത്തിലൊക്കെ അങ്ങിനെയാണ്.അന്ന് വെള്ളമടി പുകവലി പോലും കുറവായിരുന്നു.അയല്‍വാസികളൊക്കെ വീട്ടില്‍ വന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.. അവന് ഈ വക ദുശ്ശീലങ്ങളൊന്നുമില്ല അതൂകൊണ്ടാണ് അവനെ നമ്മള്‍ സഹിക്കുന്നത് എന്ന്.ഇത് കേട്ടുകേട്ട് നമുക്ക് അതൊരു ഉത്തരവാദിത്തം പോലെയായി.പിന്നെ എന്നെക്കൊണ്ട് പൊറുതുമുട്ടിയിരിക്കുന്ന വീട്ടുകാരും പറയും അവന് ഇങ്ങനെ ഒരു ഗുണമെങ്കിലും ഉണ്ടല്ലോയെന്ന്.അപ്പൊ വീട്ടുകാരെ സന്തോഷിപ്പിക്കാനാണ് നമ്മള്‍ ആദ്യം നോക്കുന്നത്. ഞാന്‍ എല്ലാ ദിവസും പള്ളിപ്പോയിക്കൊണ്ടിരുന്ന വ്യക്തിയാണ്.എന്റെ കാര്യങ്ങള്‍ മാത്രം നോക്കിക്കൊണ്ടിരുന്ന വ്യക്തിയാണ്.
എങ്ങിനെയുള്ള ഒരാള്‍ എങ്ങിനെ ഈ ഫീല്‍ഡിലേക്ക് വന്നു?
ദൈവത്തിന് ഒരോ പ്ലാനിങ്ങ് ഉണ്ടല്ലോ ഒരോ ആള്‍ക്കാരെക്കുറിച്ച്.. (ചിരിക്കുന്നു)അപ്പന് കോട്ടയത്തായിരുന്നു വര്‍ക്ക്‌ഷോപ്പ്.അപ്പൊ ഞാന്‍ തറവാട്ടില്‍ ആയിരുന്നു നിന്നിരുന്നത്.എനിക്ക് രണ്ടനിയന്മാരാണ്.അപ്പൊ കുട്ടിക്കാലത്ത് എന്റെ കുട്ടുകള്‍ എല്ലാം തന്നെ എന്നെക്കാളും മുതിര്‍ന്നവരും ആയിട്ടായിരുന്നു.ഈ ഫീല്‍ഡിലേക്ക് എത്തിപ്പെട്ടതിന് ശേഷവും 2004 വരെയൊക്കെ ഞാന്‍ മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു.പിന്നെ എവിടെപ്പോയാലും നമ്മള്‍ ഒരു നോ്ട്ടപ്പുള്ളി ആകുമ്പോഴാണ് മാറ്റം വന്നത്.ഇപ്പോഴും വിശ്വാസിയാണ്.
വിശ്വാസിയായ ഒരാള്‍ ഇങ്ങനെയുള്ള ജോലിക്ക് പോകുമ്പോള്‍ വിഷമം വരില്ലെ?
എന്റെ പത്തു പന്ത്രണ്ട് വയസ്സിലൊക്കെ വൈകുന്നേരമായാല്‍ വഴിയില്‍ കൂടി കുടുംബത്തിനും സ്ത്രികള്‍ക്കുമൊന്നും നടക്കാന്‍ പറ്റില്ല.മദ്യപന്മാരുടെ വലിയ ശല്യമായിരുന്നു.അപ്പൊ അങ്ങിനെ നമ്മള്‍ ക്രിക്കറ്റ് കളിക്കാനായി അങ്ങോട്ട് പോയാല്‍ ഈ മദ്യപന്മാരുടെയൊക്കെ സഹോദരങ്ങള്‍ക്ക് ഒക്കെയുണ്ടാകും കളിക്കാനായിട്ട്.അവര്‍ക്ക് കളിയിലെ നിയമങ്ങള്‍ അവര് പറയുന്നതാണ്.അത് ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ആ പ്രായത്തിലെ ഞാന്‍ നോട്ടപുള്ളിയായി.പെട്ടെന്ന് ചുടാകുന്ന പ്രകൃതമാണ് എന്റെത്.അപ്പൊ ഇവര്‍ കളിയാക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും.ഇങ്ങനെയാണ് ആദ്യത്തെ അടിപിടിയുണ്ടാകുന്നത്.അന്നെനിക്ക് ഒരു പെണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു.അതിലൊരാളോട് എനിക്ക് പ്രണയമാണെന്നാണ് ഞാന്‍ കരുതിയത്.അവള്‍ക്ക് കൊടുക്കാനുള്ള ഒരു പ്രേമലേഖനം ഈ സംഘത്തിന്റെ ഒരുത്തന്‍ എനിക്ക് കൊണ്ടുവന്നുതന്നു.അതില്‍ ദേഷ്്യം വന്ന ഞാന്‍ അവനോട് ചൂടായി.
ഒരു ദിവസം ക്രിക്കറ്റ് കളിക്കിടെ ഇത് ചോദ്യം ചെയ്ത് അവന്റെ ചേട്ടന്‍ എന്നെ വന്ന് തല്ലി.എല്ലാരുടെയും മുന്നില്‍ നിന്ന് അടികൊണ്ട വിഷമത്തില്‍ ഞാന്‍ അവനോട് പറഞ്ഞു നിന്റെ ഏരിയയില്‍ വച്ച് നീ നിന്റെ എട്ടനെക്കൊണ്ട് എന്നെ തല്ലിച്ചു..നീ ആണാണെങ്കില്‍ എന്റെ ഏരിയയിലോട്ട് വാ എന്ന്.ഒരു ദേഷ്യത്തില്‍ പറഞ്ഞതാണ്.ഇവന്മാര്‍ വരും എന്ന് നമ്മളുണ്ടൊ കരുതുന്നു.പക്ഷെ തൊട്ടടുത്ത ദിവസം ഇവന്മാര്‍ വന്നു.എന്റെ ഒരു കൂട്ടുകാരന്‍ ഓടി വന്നുപറഞ്ഞു അനീഷേ.. ഓടിക്കൊ അവന്മാര്‍ വരുന്നുണ്ടെന്ന്..വീട്ടില്‍ ആകെയുള്ളത് അപ്പൂപ്പനാണ്.അപ്പൂപ്പന് വല്ലോം പറ്റിയാല്‍ എങ്ങിനെ ജീവിക്കും.ഓടിപ്പോയാല്‍ അവര്‍ വീട്ടില്‍ വരും.ഞാനും നേരെ റോഡിലേക്ക് ചെന്നു.അപ്പൊ അടുത്ത് നിന്ന ഒരാള്‍ വിളിച്ചു പറഞ്ഞു നീ ഒടിക്കോ അവരുടെ കയ്യില്‍ കത്തിയുണ്ടെന്ന്.അപ്പൊള്‍ എന്തൊ്‌ക്കെ കാര്യങ്ങളാ മനസ്സിലൂടെ കടന്നുപോയെ എന്ന് ഇപ്പോഴും അറിയില്ല.
എല്ലാരും നോക്കിനിക്കുന്നത് അടി കാണാന്‍ വേണ്ടി മാത്രമാണ്.സഹായിക്കാന്‍ പോലും ആരുമില്ല.എനിക്ക് ഓടണം എന്നുണ്ട്.പക്ഷെ കൈയ്യും കാലും അനങ്ങണ്ടെ..കയ്യില്‍ അകെ ഉണ്ടായിരുന്നത് ക്രിക്കറ്റ് സ്റ്റമ്പ് മാത്രമായിരുന്നു.ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എന്ന് ഞാന്‍ അവരോട് എതിരിട്ടു.
ഒരു വര്‍ഷക്കാലത്തോളം അനുഭവിച്ച നാണക്കേടുകളൊക്കെ ഞാന്‍ അന്ന് തല്ലിതീര്‍ത്തു.കത്തിയെടുത്ത് വന്നവനെ മാത്രമാണ് ഞാന്‍ സ്റ്റമ്പ് കൊണ്ടു അടിച്ചത്.കാരണം അവന്‍ എഴുന്നേറ്റ എനിക്ക് കുത്തുകിട്ടും എന്നെനിക്ക് അറിയാം.ഇവനെ ഞാന്‍ അടിക്കുമ്പോള്‍ കുടെ വന്ന എന്നെ പിന്നില്‍ നിന്നും അടിക്കുന്നുണ്ട്.പക്ഷെ അതൊന്നും എന്നെ ബാധിച്ചില്ല.എനിക്ക് ലക്ഷ്യം ഇവന്‍മാത്രമായിരുന്നു.അവന്‍ രക്ഷപ്പെട്ടോടിയതോടെ കൂടെ വന്നവരും ഓടി.അത് കണ്ടപ്പൊ എനിക്ക് തോന്നി ഇവനൊക്കെ ഇത്രെയുള്ളുവെന്ന് അതെനിക്ക് വല്ലാത്തൊരു ധൈര്യമായിരുന്നു തന്നത്.
പിന്നെ അത് അവിടംകൊണ്ട് നിന്നില്ല.കാരണം അന്ന് നമ്മുടെ ഏരിയയിലെ രണ്ട് പ്രധാന ഗുണ്ടകള്‍ ഉണ്ടായിരുന്നു...തമ്മനം ഷാജിയും വെട്ടില്‍ സുരേഷും.അതില്‍ തമ്മനം ഷാജിയുടെ ആള്‍ക്കാരെയാണ് ഞാന്‍ അടിച്ചത്.ഇവരുടെ എതിര്‍ ടീം ഇതറിഞ്ഞതോടെ എന്നെ കാണാന്‍ വന്നു.അവര്‍ ഈ സംഘത്തെ നോട്ടമിട്ടിരിക്കുകയായിരുന്നു.പക്ഷെ രസകരമായ ഒരു കാര്യം ഈ വന്ന സംഘത്തില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു.ബിജുവെന്ന് പറഞ്ഞിട്ട്.ഞാന്‍ പുറത്തൊക്കെ പോകുമ്പോള്‍ എന്നോട് സംസാരിക്കുന്ന ചേട്ടന്‍..ആയാള്‍ ഈ സംഘത്തിലുണ്ട്.പുള്ളി ഒരു ഗുണ്ടയായിരുന്നുവെന്ന് ഞാനറിയുന്നത് അപ്പോഴാണ്.ഈ സംഭവത്തിന് ശേഷം കുറച്ചുദിവസം കഴിഞ്ഞ് ഞാന്‍ പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഹൈവേയില്‍ വച്ച് ഒരു വണ്ടി വന്ന് എന്റെ സൈക്കിളിനെ ഇടിച്ചിട്ടു.നിലത്ത് തെറിച്ചുവീണ ഞാന്‍ കേള്‍ക്കുന്നത് വെട്ടട അവനെ എന്ന കൊലവിളിയാണ്.
തിരിഞ്ഞുനോക്കാതെ ഞാന്‍ ഓടി.അന്നെനിക്ക് 16 വയസ്സാണ് പ്രായം.പക്ഷെ ഒരാള്‍ പോലും അന്നെന്നെ സഹായിക്കാന്‍ വന്നില്ല.മാത്രമല്ല ഞാന്‍ ഓടുമ്പോള്‍ മനസിലത്രയും ദൈവത്തോടുള്ള പരാതിയായിരുന്നു.എപ്പഴും പ്ള്ളിയില്‍ വന്ന് പ്രാര്‍ത്ഥിച്ചിട്ട് എനിക്ക് ഇതാണല്ലോ തരുന്നെ എന്ന്.
എന്റെ കരച്ചില്‍ ദൈവം കേട്ടതുപോലെയായിരുന്നു.കുറച്ചു ദുരം ഓടിയപ്പോ റോഡ് സൈഡില്‍ മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നു.അതെടുത്ത് ഞാന്‍ പിന്നാലെ വരുന്നവര്‍ക്ക് നേരെ എറിഞ്ഞു.ഒരുപാട് എറിഞ്ഞതോടെ അവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ആയുധം എനിക്ക് കിട്ടി.അതുവച്ച് ഞാന്‍ അവരെ എതിരിട്ടു.ഇപ്പഴും ഞാന്‍ കരുതുന്നത് ദൈവം അന്നെന്നെ രക്ഷിച്ചുവെന്ന് തന്നെയാണ്.അന്ന് പക്ഷെ അവര്‍ കേസാക്കിയില്ല ഒരു ചെറുക്കന്‍ അവരെ നേരിട്ടുവെന്നത് അവര്‍ക്ക് അപമാനം ആയതുകൊണ്ടാവാം.
ഇങ്ങനെയാണ് വെട്ടില്‍ ഷാജിയുടെ ടീം എന്നെ സഹായിക്കാനെത്തുന്നത്.അത് ഞാന്‍ ചോദിച്ചിട്ടല്ല.പക്ഷെ അ സമയത്ത് അപ്പന്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി.അതോടെ ഇവര്‍ വന്നത് എനിക്കൊരു ആശ്വാസവുമായി.ഇന്നുവരെ പണത്തിന് വേണ്ടി മാത്രം ഞാന്‍ കൊട്ടേഷന്‍ പണിക്ക് പോയിട്ടില്ല.പലതും ബന്ധങ്ങളുടെ പേരില്‍ വന്നുപെട്ടതാണ്.
വെട്ടില്‍ സുരേഷിനെ എപ്പോഴാണ് കാണുന്നത്?
ഇവര്‍ക്കൊക്കെ ഭയങ്കര മതിപ്പാണ് നാട്ടില്‍.ഒരൂ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച് തമ്മനം ഷാജിയുടെ ആളാണെന്ന് പറഞ്ഞ പണം കൊടുക്കണ്ട.. ഒരു തുണിക്കടയിലായാലും ഇതന്നെ അവസ്ഥ.ഇങ്ങനെ ഒരോ ഏരയയില്‍ ഒരോ ആളുണ്ട്.ഇവര്‍ക്ക് കടക്കാരുടെ വക പണം നല്‍കാറുമുണ്ട്.ഇതിനെയൊക്കെച്ചൊല്ലിയാണ് അക്കാലത്ത് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.അല്ലാതെ ഇന്നത്തെ കാലത്തെപ്പൊലെയല്ല.ഞാന്‍ എറണാകുളത്തൊക്കെ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുമ്പോ എന്റെ കൂടെയുള്ള ടീമിന് സംശയം ഞാന്‍ ഷാജിയുമായി കമ്പനിയാകാന്‍ പോകുന്നുവെന്നാണ്.ഇവര്‍ക്ക് ഷാജിയുമായി പ്രശ്‌നം ഉണ്ട്.പക്ഷെ എനിക്ക് ഇല്ലല്ലോ..കാരണം ഞാന്‍ അടിയുണ്ടാക്കിയത് ഒക്കെയും എനിക്ക് വേദനിച്ചപ്പോഴാണ്.അല്ലാതെ പൈസക്കോ ഇടപാടോ ഒന്നും അല്ലല്ലോ.
അതുപോലെ മറ്റൊരു അടിപിടിയുണ്ടായപ്പോല്‍ സുരേഷേട്ടന്‍ വന്ന് എന്നോട് പറഞ്ഞു എനി നീ പ്രശ്‌നം ഉണ്ടാക്കിയ നിന്നെ ഞാനിടിക്കും എന്നു.അപ്പോള്‍ ഞാനും തിരിച്ചുപറഞ്ഞു എന്റെ ശരീരം വേദനിച്ചാല്‍ ഞാനും ഇടിക്കും എന്നു.അത് ഞാന്‍ ദേഷ്യത്തില്‍ പറഞ്ഞതല്ല.പക്ഷെ ഈ ഗ്രൂപ്പില്‍ അത് ചര്‍ച്ചയായി.സുരേഷ് ഏട്ടനോട് ആരും അങ്ങിനെ പറഞ്ഞിട്ടില്ല.നീ മാപ്പുപറയണമെന്നും പറഞ്ഞു.ഞാന്‍ മാപ്പ് പറഞ്ഞെങ്കിലും കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.ഇവന് ഗുണ്ടാനേതാവ് ആകാനാണ് പ്ലാന്‍.അതാണ് ഇവന്‍ നമുക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നത്.അന്ന് രാത്രി ശരിക്കും ഞാന്‍ ഉറങ്ങിയിട്ടില്ല.ഞാന്‍ ഗുണ്ടനേതാവ് എന്ന ചിന്ത ആദ്യമായി വരുന്നത് അന്നാണ്.
പക്ഷെ സുരേഷേട്ടന് എന്നെ ഇഷ്ടമായിരുന്നു.കൂട്ടത്തിലെ ചെറിയ ആളായതുകൊണ്ട് എന്നെ വീട്ടിലൊക്കെ കൊണ്ടുപോകും.സുരേഷേട്ടന്റെ അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു.ഇവര്‍ ജയിലിലൊക്കെ ആകുമ്പോള്‍ എന്നെയും കൊണ്ടുപോകും കാണാന്‍.എന്നിട്ട് പറയും ഇതൊക്കെ നിന്നെ കാണിക്കുന്നത് എന്തിന എന്നറിയാമോ? ഇങ്ങനെയുള്ള ജോലിക്ക് ഇറങ്ങുമ്പോ അവരും കുടുംബവുമൊക്കെ എന്താ അനുഭവിക്കുന്നെ എന്ന് നീ കാണണം.എന്നിട്ട് നീ പിന്മാറണം ഇതില്‍ നിന്ന്.ഇങ്ങനെ പറഞ്ഞ് എന്നെ നുള്ളുവൊക്കെ ചെയ്യും.ആ പ്രായത്തില്‍ അതൊക്കെ മനസിലാക്കാനുള്ള യുക്തിയില്ലലോ.ഇങ്ങനെ ഇവരെ കോടതിയില്‍ കൊണ്ടുവരുന്ന ദിവസം നമ്മള്‍ കാണാന്‍ പോകുമ്പോഴാണ് ഞാന്‍ ആദ്യമായി തമ്മനം ഷാജിയെ കാണുന്നത്.
അങ്ങിനെ പോയിപോയി ഞാനൊരു കൊലക്കേസില്‍ പെട്ടു.ഇതേ ഗ്യാങ്ങ് വാര്‍ തന്നെ.ഷാജിയുടെ കൂടെയുള്ള ഒരാളെയാണ് ചെയ്തത്.പക്ഷെ അതില്‍ സുരേഷ് എട്ടന്‍പോലും അറിയാതെയാണ് പെട്ടത്.കാരണം ഇത് പ്ലാന്‍ ചെയ്തതൊക്കെ പുള്ളിയുടെ കൂടെയുണ്ടായ മറ്റ് ചിലരായിരുന്നു.
ഈ കേസില്‍ ഞാന്‍ കുറെക്കഴിഞ്ഞാണ് ജയിലിലാകുന്നത്.പ്രശ്‌നം ഉണ്ടായപാടെ സ്ഥലം വിട്ടിരുന്നു.സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും വണ്ടി ഓടിച്ചതും കൊണ്ടുകൊടുത്തതുമൊക്കെ ഞാന്‍ തന്നെയായിരുന്നു.അങ്ങിനെ അങ്കമാലിയിലേക്ക് വിട്ടു.അവിടത്തെ ഒരു ഗാര്‍ഡ്ബിനു എന്നുപറയുന്ന ഒരു ടീമിനൊപ്പം കേറി.ചെമ്പന്‍ വിനോദ് ഒക്കെ ആ സമയത്ത് അവിടെ ടീമിലുണ്ട്.പിന്നീടാണ് പുള്ളി ഒക്കെ വിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.ആ സമയത്തെ കഥയാണ് അങ്കമാലി ഡയറീസ് എന്ന ചിത്രം പറയുന്നത്
എറാണാകുളത്ത് നിന്ന് കേസില്‍പെട്ട് പോയരൊളെ അങ്കമാലിയില്‍ പോലീസ് പിടിക്കില്ലെ?
ഇന്നത്തെപ്പൊലയല്ല അന്ന്.. മിക്ക കേസുകളും സ്റ്റേഷന്‍ ലിമിറ്റിലെ നോക്കു ഇന്നത്തെപ്പോലെ ഓടി നടന്നുപിടിക്കില്ല.ഒരു തവണ അങ്കമാലിയില്‍ പിടിയിലായപ്പോള്‍ പൊലീസ് എന്നോട് പറഞ്ഞത് നമുക്ക് ആവശ്യത്തിന് ഗുണ്ടകള്‍ ഇവിടെയുണ്ട്.അവിടുന്ന് ഇങ്ങോട്ട് ആള്‍ക്കാര്‍ വേണ്ട എന്നാണ്.അക്കാലത്ത് എറണാകുളത്തെക്കാള്‍ വലിയ ഗുണ്ടായിസമാണ് അങ്കമാലിയില്‍.കാരണം അവിടെ പന്നിപ്പടക്കമൊക്കെയാണ്.കൊലപാതകം കൂടിയ സ്ഥലവും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് മുത്തശ്ശിയെക്കാണമെന്ന് തോന്നും അങ്ങിനെയാണ് വീണ്ടും എറണാകുളത്തേക്ക് വരുന്നത്.പക്ഷെ അപ്പോഴേക്കും ചെറുതായി മാറ്റങ്ങള്‍ വന്നിരുന്നു.പരോക്ഷമായി ഗുണ്ടസംഘങ്ങള്‍ പാര്‍ട്ടിയുടെ നിഴലില്‍ വന്നുതുടങ്ങി.ആദ്യമായി ഞാന്‍ പിടിക്കപ്പെടുന്നത് എന്നെ നേരിട്ട് പിടിച്ചല്ല.മറിച്ച് ഇതേ സംഘത്തില്‍ പെട്ട ഒരാള്‍ പറഞ്ഞു നീ പോയി സറണ്ടറാവു.. ഞങ്ങാള്‍ വേഗം പുറത്തിറക്കാം..അവര്‍ നിന്നെ ഉപദ്രവിക്കുകയുമൊന്നുമില്ലെന്ന്.പക്ഷെ അത് ട്രാപ്പായിരുന്നുവെന്ന് പെട്ടപ്പോഴാണ് മനസിലായത്.പോലീസ് നന്നായി ഉപദ്രവിക്കുകയും ചെയ്തു ഞാന്‍ ജയിലിലും ആയി.ജാമ്യത്തിലിറങ്ങാന്‍ കൈയ്യില്‍ കാശുമില്ല.
അന്ന് ജയിലില്‍ നിന്ന് ഇറങ്ങുമ്പോ ഇനി ഈ ഫീല്‍ഡില്‍ ഇല്ല എന്നുറപ്പിച്ചാണ് ഇറങ്ങിയത്.സുരേഷ് ഏട്ടന്‍ ഒഴിവാക്കുകയും ചെയ്തു.പക്ഷെ പിന്നീട് പലരും നമ്മളെ മുതലെടുക്കുകയായിരുന്നു.നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഒരു പ്രശനം ഉണ്ടായാല്‍ നമ്മള്‍ അതില്‍ ഇടപെടുമെന്ന് അവര്‍ക്ക് നന്നായി അറിയാം.അങ്ങിനെയാണ് പിന്നെ പലതിലേക്കും ഞാന്‍ എത്തിപ്പെടുന്നത്.പതിയെ പതിയെ തമ്മനം ഷാജിയും സുരേഷ് എട്ടനുമൊക്കെ നിര്‍ത്തിയിരുന്നു.ഞാന്‍ പക്ഷെ ഒരോ ആള്‍ക്കാര്‍ക്കുവേണ്ടി ഇടപെട്ട് ഇടപെട്ട് നമുക്ക് ഒരു പിന്തുണയില്ലാതെ നില്‍ക്കാന്‍ പറ്റില്ലെന്നായി.
അങ്ങിനെയാണ് ബായി നസീറിന്റെ അടുത്തെത്തുന്നത്.പിന്നെ നസീറിന്റെ നേതൃത്വത്തിലായി ഇടപെടലുകള്‍.പക്ഷെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ കൂടിയതോടെ നസീറും ഫീല്‍ഡ് വിടാന്‍ തീരുമാനിച്ചു.
പിന്നെ അ്ത്തരത്തിലായി ഗുണ്ടാസംഘങ്ങളെ ഉപയോഗിക്കല്‍.അതോടൊ ഇ ഫീല്‍ഡിന്റെ സ്വഭാവം മാറി.ബിസിനസുകാര്‍ ഉള്‍പ്പടെ ഇവരെ ഉപയോഗിക്കാന്‍ തുടങ്ങി.ഗുണ്ടകളെ മുന്‍നിര്‍ത്തി ബിസിനസ് ചെയ്യാന്‍ തുടങ്ങി.
(തുടരും)
