'ഗവര്‍ണറോട് തോറ്റുകൊടുത്ത മുഖ്യമന്ത്രിയോ? സിപിഎമ്മില്‍ പിണറായിക്കെതിരെ പടപ്പുറപ്പാട്! വിസി നിയമനത്തില്‍ ഗവര്‍ണറുമായുള്ള രഹസ്യസമവായത്തില്‍ ഒറ്റപ്പെടുന്നു; പി എം ശ്രീ പോലെ തിരിച്ചടി കിട്ടുമെന്ന് മുന്നറിയിപ്പ്; എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം; 'സര്‍ക്കാര്‍ നിലപാട് ഇതാണ്' എന്ന് ആവര്‍ത്തിച്ച് തെല്ലും കുലുങ്ങാതെ മുഖ്യനും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായിക്ക് വിമര്‍ശനം

Update: 2025-12-17 17:40 GMT

തിരുവനന്തപുരം: തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്ന് കരുതിയിരുന്ന സിപിഎമ്മില്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടയൊരുക്കം. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി മുഖ്യമന്ത്രി എത്തിയ 'രഹസ്യ സമവായം' പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി നേതാക്കള്‍ ആഞ്ഞടിച്ചു.

ഒരാള്‍ പോലും കൂട്ടിനില്ല; പിണറായി ഒറ്റപ്പെട്ട നിമിഷം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സാധാരണയായി മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന പതിവില്ല. എന്നാല്‍ ഇത്തവണ ചിത്രം മാറി. വിസി നിയമനത്തില്‍ ഗവര്‍ണറുമായി കൈകോര്‍ക്കാനുള്ള പിണറായിയുടെ തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ പോലും അനുകൂലിച്ചില്ല എന്നത് പാര്‍ട്ടിക്കുള്ളിലെ മാറിയ കാറ്റിന്റെ സൂചനയാണ്. എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന കടുത്ത ആക്ഷേപമാണ് നേതാക്കള്‍ ഉന്നയിച്ചത്.

പാര്‍ട്ടി അറിയാതെ ഗവര്‍ണറുമായി എന്ത് ഇടപാട്?

ഗവര്‍ണറുമായി ഇത്രകാലം പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ നിലപാട് മുഖ്യമന്ത്രി ഒറ്റയടിക്ക് മാറ്റിയത് പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നു. വിസി നിയമനത്തിലെ വിട്ടുവീഴ്ച പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നില്ല. പിഎം ശ്രീ (PM-SHRI) പദ്ധതിയുടെ കാര്യത്തില്‍ ഉണ്ടായതിന് സമാനമായ തിരിച്ചടി വിസി നിയമനത്തിലും ഉണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയമായി ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും ഗവര്‍ണറുടെ മുന്നില്‍ പാര്‍ട്ടി കീഴടങ്ങിയെന്ന സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

അനുനയമില്ലാതെ പിണറായി; വാശി തുടരുന്നു

പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും മുഖ്യമന്ത്രി തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. 'സര്‍ക്കാര്‍ നിലപാട് ഇതാണ്' എന്ന് ആവര്‍ത്തിച്ചുകൊണ്ട് പിണറായി വിജയന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. പാര്‍ട്ടിയേക്കാള്‍ വലുതാണോ സര്‍ക്കാരും മുഖ്യമന്ത്രിയുടെ തീരുമാനങ്ങളും എന്ന ചോദ്യം ഇപ്പോള്‍ എകെജി സെന്ററിന്റെ ഇടനാഴികളില്‍ സജീവമായിരിക്കുകയാണ്.

വരാനിരിക്കുന്നത് കടുത്ത രാഷ്ട്രീയ പോര്?

മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലുള്ള ഈ ഭിന്നത വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകും.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തില്‍ ആയുധമായിരുന്ന വിസി നിയമന വിഷയത്തില്‍ മുഖ്യമന്ത്രി കാണിച്ച ഈ 'മൃദുസമീപനം' അണികള്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News