ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?

Update: 2026-01-10 05:02 GMT

തിരുവനന്തപുരം: സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ പൂജയ്ക്ക് വെച്ച ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങളുമായുളള ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ ബന്ധം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണ്ണായകമായി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച ഈ പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും കണ്ഠരര് രാജീവര് തന്നെയായിരുന്നു തന്ത്രിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. മറ്റ് ക്ഷേത്രങ്ങളില്‍ ശബരിമലയിലെ പാളികള്‍ പൂജയ്ക്ക് വയ്ക്കുന്നത് ശരിയല്ല. സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ ഇതു കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് അറസ്റ്റ് നിര്‍ണ്ണായകമാകുന്നത്.

ശബരിമലയിലെ പരമാധികാര പദവി ദുരുപയോഗം ചെയ്ത് നടന്ന വലിയ ക്രമക്കേടുകളിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. നട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ അവസാന വാക്കാകേണ്ട തന്ത്രി, ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് എസ്ഐടി റിപ്പോര്‍ട്ട്. 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ കടത്തിയ സമയത്ത് രാജീവരായിരുന്നു ശബരിമല തന്ത്രി. ശ്രീകോവില്‍ വാതിലിലെ ദശാവതാര രൂപങ്ങള്‍ പതിച്ച പാളികളുള്‍പ്പെടെ ഇളക്കി മാറ്റിയപ്പോള്‍ ആവശ്യമായ താന്ത്രിക നടപടികള്‍ പാലിച്ചില്ലെന്നും ആചാരലംഘനം ബോര്‍ഡിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1903 മുതല്‍ ശബരിമലയുടെ താന്ത്രികാവകാശം കൈവശം വച്ചിരിക്കുന്ന താഴമണ്‍ കുടുംബത്തിലെ അംഗമെന്ന നിലയില്‍ ലഭിച്ച വിശ്വാസ്യത തട്ടിപ്പിനായി ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്താന്‍ പാടില്ലെന്ന നിയമം തന്ത്രിയുടെ സാന്നിധ്യത്തില്‍ ലംഘിക്കപ്പെട്ടു. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം ഈ പാളികള്‍ ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് വെച്ചപ്പോഴും രാജീവര് അവിടെ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന ജീവനക്കാരനായതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തന്ത്രിക്കെതിരെ നിലനില്‍ക്കും. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കഴിഞ്ഞ ദിവസം കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. വിജയ മല്യ സന്നിധാനം സ്വര്‍ണ്ണം പൊതിഞ്ഞ കാലം മുതലുള്ള ഇടപാടുകളില്‍ തന്ത്രിയുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

പരികര്‍മികളെ നിശ്ചയിക്കുന്നതും തന്ത്രി അറിഞ്ഞാവണം. മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും വയ്ക്കുന്ന പരികര്‍മികളില്‍ തന്ത്രിയുടെ ആളുകള്‍ സ്ഥിരമാണ്. സാധാരണ പരികര്‍മികളുടെ കാലയളവ് ഒരുവര്‍ഷമാണെങ്കില്‍ തന്ത്രിയുടെ ആളിന് മാറ്റമുണ്ടാകാറില്ല. പത്തിലധികം പേര്‍ ഇങ്ങനെ സ്ഥിരമായി ഇവിടെയുണ്ടാകും. ശബരിമലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് വരുന്ന ദേവസ്വം ഉദ്യോഗസ്ഥരിലും തന്ത്രിക്ക് 'റോളു'ണ്ട്. 1903ലാണ് താഴമണ്‍ കുടുംബം ശബരിമലയുടെ താന്ത്രികപദവിയിലേക്ക് വരുന്നത്. കുടുംബാംഗങ്ങള്‍ പിന്നീട് പരമാധികാരം വീതിച്ചെടുത്തു. ദേവസ്വം ബോര്‍ഡ് മാനുവലനുസരിച്ച് ദേവസ്വം സെക്രട്ടറിയുടെ കീഴിലാണ് തന്ത്രി. എന്നാല്‍ 'അയ്യപ്പന്റെ പിതൃസ്ഥാനീയനാണ്' തന്ത്രിയെന്ന വിശ്വാസം ചിലര്‍ 'അനുഗ്രഹ'മാക്കിയതാണ് തട്ടിപ്പിനും വെട്ടിപ്പിനുമാണ് കളമൊരുക്കിയത് എന്ന് സര്‍ക്കാരും വിലയിരുത്തുന്നു.

ശബരിമല ക്ഷേത്രത്തിലെ താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള കണ്ഠര് രാജീവര് 1998 -1999ല്‍ വിജയ് മല്യ ക്ഷേത്രം സ്വര്‍ണം പൊതിഞ്ഞപ്പോഴും 2019ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മോഷ്ടിച്ചപ്പോഴും ശബരില തന്ത്രിയായിരുന്നെന്ന് എസ്എടി കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രി പങ്കാളിയാണെന്നും ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News