കാര്‍ഷിക വായ്പയും അടിയന്തര വായ്പകളും പറഞ്ഞ ആവശ്യത്തിനു തന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കണം; വായ്പ തിരിച്ചടച്ച ശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ മാത്രമേ ആഭരണങ്ങള്‍ തിരികെ നല്‍കൂ; വിചിത്ര നിര്‍ദ്ദേശവുമായി ആര്‍ബിഐ; സ്വര്‍ണ്ണ വായ്പകളില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കോളടിക്കും
കൊച്ചി: സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്ന നിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനു പകരം നിബന്ധനകള്‍ കര്‍ശനമാക്കുന്ന ആര്‍ബിഐ നടപടിയില്‍ വ്യാപക പ്രതിഷേധം. സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.
ഈ നീക്കം സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ ആരോപിച്ചു. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയും നിലവില്‍ വരികയാണ്്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്.
കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കണം. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ മാത്രമേ ആഭരണങ്ങള്‍ തിരികെ നല്‍കൂ. ഇതും വ്യാപക പ്രതിഷേധത്തിന് ഇടനല്കും. ഏറ്റവും സുതാര്യമാണ് സ്വര്‍ണ്ണ വായപ. സ്വര്‍ണ്ണ വില ഉയര്‍ന്നതോടെ സാധ്യതകളും കൂടി. പൊതുമേഖലാ ബാങ്കുകളെയാണ് സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. വിശ്വാസ്യത കൂടുതല്‍ കാരണമാണ് ഇത്. നിബന്ധനകള്‍ കൂട്ടുമ്പോള്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കൂടുതല്‍ ഇടപാടുകാരെ കിട്ടും.
സ്വര്‍ണ്ണം പണയമാകുന്നതു കൊണ്ട് തന്നെ സ്വര്‍ണ്ണ വായ്പ നല്കാന് ബാങ്കുകള്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടാറുണ്ട്. റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ യോഗത്തിന്റെ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 0.25 (25 ബേസിസ് പോയിന്റ്) മുതല്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വരെ കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് എംപിസി യോഗത്തിലും റിപ്പോ നിരക്ക് 0.25 ശതമാനംവീതം കുറച്ചു. നിലവില്‍ നിരക്ക് ആറുശതമാനമാണ്.
റിപ്പോനിരക്ക് കുറയുമ്പോള്‍ ബാങ്കുകള്‍ വായ്പാ പലിശനിരക്ക് കുറയ്ക്കുന്നത് വായ്പയെടുത്തവര്‍ക്ക് ആശ്വാസമാകും. ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകളുടെ പലിശനിരക്കിലും കുറവുവരും. ബാങ്കുകള്‍ ഇതിനനുസതിച്ച് നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറയ്ക്കാറുണ്ട്. ഇത് നിക്ഷേപ പലിശ കുറയ്ക്കും.