ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്തും; വാര്‍ത്ത കേട്ട് അമേരിക്കന്‍ വിപണി വീണ്ടും വീണു; ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്നു പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയേയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ട്
ന്യുയോര്‍ക്ക്: ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 1 മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് കൊറിയക്കും ജപ്പാനും അയച്ച കത്തുകളും ട്രംപ് പുറത്തുവിട്ടു.
ഇരു രാജ്യങ്ങളും പകരം താരിഫ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഉയര്‍ത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. മ്യാന്‍മാറിനും പുതിയ താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഡസന്‍ രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കത്തുകള്‍ കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതല്‍ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മ്യാന്മറിനും ലാവോസിനും 40 ശതമാനമാണ് തീരുവ.
തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെര്‍ബിയ, കാംബോഡിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള താരിഫ് കത്തുകളും ട്രംപ് പങ്കുവെച്ചു. വ്യാപാര കരാറുകളില്‍ ഒപ്പിടാനുള്ള അവസാന തീയതി അടുത്തുവരുന്നതിനാല്‍ ട്രംപ് ഭരണകൂടം കത്തുകള്‍ അയച്ചു തുടങ്ങി. രാജ്യങ്ങള്‍ കരാറുകളില്‍ എത്തിയില്ലെങ്കില്‍ യുഎസ് ഇറക്കുമതി തീരുവകള്‍ ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിരക്കിലേക്ക് മാറ്റുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ കത്ത് ആഗോള സാമ്പത്തിക രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.
ഇത് സാമ്പത്തിക മാന്ദ്യത്തിനും ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും നികുതിയിളവുകള്‍ നല്‍കുന്നതിനും താരിഫുകള്‍ അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ജപ്പാന്‍ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യൂങ്ങിനുമുള്ള കത്തുകളില്‍ ഓഗസ്റ്റ് 1 മുതല്‍ താരിഫ് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് അറിയിച്ചു. രാജ്യങ്ങള്‍ വ്യാപാര നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ വാഷിംഗ്ടണുമായി വ്യാപാര ചര്‍ച്ചകളില്‍ എളുപ്പത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ വ്യക്തമാക്കി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 12 രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച കത്തുകള്‍ അയക്കുമെന്ന് അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റില്‍ നിന്ന് താരിഫ് കത്തുകള്‍ വൈകാതെ ഇന്ത്യയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചര്‍ച്ചകള്‍ തുടരുകയാണ്. ജൂലൈ 9ന് അവസാനിക്കുന്ന അവസാന തീയതിക്ക് മുന്‍പ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ അന്തിമമായേക്കും. അതേ സമയം ബ്രിക്സിനോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പത്ത് ശതമാനം അധിക നികുതിയെന്ന് ട്രംപ് പറഞ്ഞത് സുഹൃദ് രാജ്യങ്ങളായ ഇന്ത്യയെയും സൗദിയേയും യുഎഇയെയും ലക്ഷ്യമിട്ടാണെന്നാണ് കരുതപ്പെടുന്നത്.
ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടി ഇപ്പോള്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ട്രംപ് ഇത്തരം ഒരു ഭീഷണി മുഴക്കുന്നത്. ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഹകരിക്കുന്ന രാജ്യങ്ങളെയാണ് താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ അമേരിക്കയുടെ സൈനിക നടപടിയെ ബ്രിക്സ് അപലപിച്ചിരുന്നത് ട്രംപിനെ ചൊടിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്.
അതിനിടെ ഈ വാര്‍ത്ത പുറത്തുവന്നയുടനെ വിപണിയില്‍ വലിയ തോതിലുള്ള തകര്‍ച്ച രേഖപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും കൊറിയന്‍ യുദ്ധത്തിനു ശേഷവും സമഗ്രമായ വ്യാപാര ബന്ധങ്ങളിലൂടെ ജപ്പാന്റെയും കൊറിയയുടേയും സമ്പദ്വ്യവസ്ഥകളെ പുനര്‍നിര്‍മ്മിക്കാന്‍ അമേരിക്ക ഏറെ സഹായിച്ചിരുന്നു.