ഭവന വായ്പയുടെ തിരിച്ചടവ് തുക കുറയും; വീണ്ടും റിപ്പോ നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ; ആദായ നികുതി ഇളവിനൊപ്പം ഇടത്തരക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനവും; പണപ്പെരുപ്പം നാലില്‍ താഴെയായത് ഗുണകരമായി; ട്രംപിസത്തെ ചെറുക്കാന്‍ കരുതലോടെ റിസര്‍വ്വ് ബാങ്ക്

Update: 2025-04-09 05:13 GMT

മുംബൈ: വീണ്ടും റിപ്പോ നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തീരുമാനം.

തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത് രാജ്യത്ത് സാമ്പത്തിക ഉയര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. റീ പര്‍ച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപേരാണ് റിപോ നിരക്ക്. ആര്‍ബിഐ രാജ്യത്തെ ബാങ്കുകള്‍ക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വര്‍ധിക്കും. കുറച്ചാല്‍ കുറയും. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന സര്‍പ്ലസ് പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.

ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. യുഎസിന്റെ 26 ശതമാനം തീരുവ ബാധിക്കാനിടയുള്ളതിനാല്‍ അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടുപോകുകയുമാണ്. അമേരിക്കന്‍ നയം ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിക്കെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ തീരുമാനം. ഫെബ്രുവരിയില്‍ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.

റിപ്പോ നിരക്കിലെ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കായ 6.5ല്‍ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് കുറക്കുന്നത്. ഇപ്പോള്‍ വീണ്ടും കുറയ്ക്കുന്നു. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവുവരും.

25 ലക്ഷം രൂപയുടെ ഭവന വായ്പയും തിരിച്ചടവ് കാലാവധി 20 വര്‍ഷവും പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെങ്കില്‍ റീപ്പോനിരക്ക് 0.25% കുറച്ചതോടെ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും. റീപ്പോയില്‍ വരുന്ന കുറവ് സ്ഥിരനിക്ഷേപങ്ങളുടെയും ലഘുസമ്പാദ്യ പദ്ധതികളുടെയും നിരക്കില്‍ പ്രതിഫലിക്കാറുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മനസ്സ് മനസിലാക്കിയതുകൊണ്ടാവാം റിപ്പോ നിരക്ക് കുറച്ചത് ന്നെും വിലയിരുത്തലുണ്ട്.

അതിനുമുപരി നികുതിയില്‍ കുറവ് വരുത്തിയതിന്റെ ആനുകൂല്യം ചെറിയൊരു വിഭാഗത്തിന് മാത്രമേ ലഭിക്കുന്നുള്ളൂ. പുതിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലൂടെ പണം വിപണിയിലെത്താനും സമയമെടുക്കും. അതിനാല്‍ റിപ്പോ നിരക്കിലെ കുറവ് നിര്‍ണ്ണായകമാണ്.

Tags:    

Similar News