കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം; സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്: അന്തരിച്ച സാഹിത്യ വിമര്‍ശകനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ വടക്കേടത്തിന് ആദരാഞ്ജിലികള്‍
സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
തൃപ്രയാര്‍: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോള്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിന് സമീപമുള്ള തറവാട്ടു വളപ്പില്‍ നടക്കും.
പ്രഭാഷകന്‍, രാഷ്ട്രീയ- സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 'അകം' സാംസ്‌കാരികവേദി ചെയര്‍മാന്‍, അങ്കണം സാംസ്‌കാരികവേദിയുടെ സ്ഥാപകരില്‍ ഒരാള്‍, എംപ്ലോയീസ് കോണ്‍കോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എന്‍. ജി.ഒ. അസോസിയേഷന്‍ തൃശ്ശൂര്‍ താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് 2012 ഡിസംബറില്‍ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാര്‍ത്തയായിരുന്നു.
എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. വടക്കന്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. 1955 ല്‍ തൃശൂര്‍ നാട്ടികയില്‍ എഴുത്തുകാരനായ രാമചന്ദ്രന്‍ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂള്‍, നാട്ടിക എസ്. എന്‍. കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സതി. മകന്‍: കൃഷ്ണചന്ദ്രന്‍(ഗള്‍ഫ്).
വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങള്‍, രമണന്‍ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവല്‍ സന്ദര്‍ശനങ്ങള്‍, പ്രത്യവമര്‍ശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമര്‍ശകന്റെ കാഴ്ചകള്‍, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍, സച്ചിന്‍ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അര്‍ത്ഥങ്ങളുടെ കലഹം, ചെറുത്തുനില്‍പ്പിന്റെ ദേശങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.