അതിമാരക അര്‍ബുദ രോഗം തിരിച്ചറിഞ്ഞത് രണ്ടു മാസം മുമ്പ്; പോരാട്ടത്തിന്റെ പാതിവഴിയില്‍ പൊലിഞ്ഞ് ചിത്രലേഖ; അവസാനമായി ഓട്ടോറിക്ഷ ഓടിക്കണമെന്ന ആഗ്രഹം ബാക്കി വെച്ച് മടക്കം; അവസാനിക്കുന്നത് അസാധാരണ പോരാട്ടം

ചിത്രലേഖ അവസാന ശ്വാസം വരെ തന്റെ തൊഴില്‍ സ്വാതന്ത്രത്തിനായി പോരാടിയതിനു ശേഷമാണ് നാല്‍പത്തിയെട്ടാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങിയത്.

Update: 2024-10-05 04:07 GMT

കണ്ണൂര്‍: അതിജീവനത്തിന്റെ പോരാട്ട പാതയില്‍ മറ്റൊരു കനല്‍ ജീവിതം കൂടി അസ്തമിച്ചു. ദളിത് യുവതിയായ ചിത്രലേഖ ഈ ലോകത്തോട് വിട പറഞ്ഞത് ജീവിത അവസാനം വരെ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ്. ഇതിനായി ആം ആദ്മി പ്രവര്‍ത്തകരുടെ സഹായത്തോടെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നിന്നും സ്വതന്ത്രമായി ഓടിക്കാന്‍ ഏറ്റവും ഒടുവില്‍ ഒരു ഓട്ടോറിക്ഷ വാങ്ങിയെങ്കിലും പെര്‍മിറ്റ് കിട്ടാത്തതിനാല്‍ അതിനും കഴിഞ്ഞില്ല.

ജീവിതം മൂന്നോട്ടു കൊണ്ടുപോവാന്‍ വ്യവസ്ഥിതിയോടും രാഷ്ട്രീയ പാര്‍ട്ടികളോടും നിരന്തരമായി പോരാടേണ്ടി വന്ന പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ അവസാന ശ്വാസം വരെ തന്റെ തൊഴില്‍ സ്വാതന്ത്രത്തിനായി പോരാടിയതിനു ശേഷമാണ് നാല്‍പത്തിയെട്ടാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടു മാസം മുന്‍പാണ് അതിമാരകമായ അര്‍ബുദ രോഗം തന്നെ ഗ്രസിച്ചതായി ചിത്രലേഖ തിരിച്ചറിയുന്നത്.

മാരക രോഗം വരിഞ്ഞു മുറുക്കുമ്പോഴും എങ്ങനെയെങ്കിലും ജീവിതം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലായിരുന്നു. ചിത്രലേഖ തിരിച്ചു വരാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിച്ചു. നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതികൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടെത്.

അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സി.ഐ.ടി.യു പ്രവര്‍ത്തകരില്‍ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. 2004 മുതലാണ് പയ്യന്നൂര്‍ എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ ജോലി ചെയ്യുന്നതിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകരും ചിത്രലേഖയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത്. 2005 ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. ഏറ്റവും ഒടുവില്‍ കാട്ടാമ്പള്ളിയിലേക്ക് മാറി താമസിച്ചപ്പോഴും വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ഒരു വര്‍ഷം മുന്‍പെ കത്തിച്ചു. എന്നാല്‍ ഇതുകൊണ്ടെന്നും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പോരാട്ടവും പ്രതിരോധവും തുടര്‍ന്നുകൊണ്ടിരുന്നു.

സി.പി.എമ്മിനും സി.ഐ.ടി.യുവിനെതിരെ അപ്രീയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു നീതി തേടി പല വാതിലുകള്‍ മുട്ടി. പലയിടങ്ങളില്‍ നിന്നും തുറന്നില്ല എന്നിട്ടും അവര്‍ നിരാശരായില്ല. പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു മരണത്തിന് മുന്‍പില്‍ കീഴടങ്ങുന്നതുവരെ. എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടൊ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ആഗസ്തിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും സി ഐ.ടി.യു - സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം.

ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ ഇവരും കുടുംബവുംസമരവും നടത്തിയിരുന്നു. കണ്ണൂരില്‍ ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്‌നിക്കുന്നതിനിടയിലാണ് കാന്‍സറിന്റെ പിടിയില്‍പ്പെട്ട് ആശുപത്രിയിലാവുന്നത്. പണത്തിന് ബുദ്ധിമുട്ടുള്ളത് ചികില്‍സയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു.

പാന്‍ക്രിയാസ്, കരള്‍ എന്നിവിടങ്ങളിലാണ് രോഗബാധ. ചികിത്സയുടെ ഭാഗമായി മൂന്ന് സൈക്കിള്‍ കീമോയാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനൊക്കെ പണം എവിടെ നിന്ന് ലഭ്യമാക്കുമെന്ന ആശങ്കയിലായിരുന്നു ചിത്രലേയയും ഭര്‍ത്താവും. പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്ന് ചികിത്സാ സഹായം ശേഖരിച്ചു വരുന്നതിനിടെയാണ് ചെറിയ കുട്ടികളെയും ഭര്‍ത്താവിനെയും അനാഥമാക്കി അവര്‍ വിട പറയുന്നത്.

Tags:    

Similar News