തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെ; മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ 'ഒരു കിഡയിന്‍ കരുണൈ മനു' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമ പ്രവർത്തകർ
ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കോവിൽപട്ടി സ്വദേശിയാണ് സുരേഷ് സംഗയ്യ. ഒരു കിഡയിന്‍ കരുണൈ മനു, സത്യ സോതനൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്.
കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്‍റെ സഹായിയായാണ് സുരേഷ് സംഗയ്യ സിനിമയിലേക്ക് എത്തുന്നത്. വിധാർത്ഥും രവീണ രവിയും പ്രധാന വേഷങ്ങളിലെത്തിയ സുരേഷിൻ്റെ ആദ്യ ചിത്രമായ 'ഒരു കിടയിൻ കരുണൈ മനു' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു ചിത്രം. 2016-ൽ ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പതിനഞ്ചാമത് ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തമിഴ് ചിത്രമായും 'ഒരു കിഡയിന്‍ കരുണൈ മനു' തിരഞ്ഞെടുക്കപ്പെട്ടു.
അഭിനേതാക്കളുടെ പ്രകടനത്തിലും, തിരക്കഥയിലും, മികച്ച അഭിപ്രായങ്ങൾ ചിത്രം നേടി. പ്രേം ജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സംഗയ്യ.
സംവിധായിക ഹലിത ഷമീം, ഛായാഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ഞെട്ടലോടും സങ്കടത്തോടും കൂടിയാണ് സുരേഷിന്‍റെ വിയോഗ വാര്‍ത്ത കേട്ടത്. ഒരു കിഡയിന്‍ കരുണഐ മനു മൂല്യമുള്ള ഒരു ചിത്രമായാണ് മുന്‍പേ എന്‍റെ മനസിലുള്ളത്. ഇപ്പോഴതിന് കൂടുതല്‍ ആഴമുള്ള പ്രസക്തി ഉണ്ടെന്ന് തോന്നുന്നു, ഹലിത ഷമീം എക്സില്‍ കുറിച്ചു.