കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത വിശ്വസ്തന്‍; എ.കെ ആന്റണി മന്ത്രിസഭയിലും അംഗം; മന്ത്രിസ്ഥാനം രാജിവച്ച് കെ.പി.സി.സി അധ്യക്ഷനുമായി; സി.വി പദ്മരാജന്‍ ഇനി ജനമനസുകളില്‍; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ്

സി.വി പദ്മരാജന്‍ ഇനി ജനമനസുകളില്‍; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ്

Update: 2025-07-16 14:03 GMT

കൊല്ലം: മുന്‍ മന്ത്രിയും കെപിസിസി മുന്‍ അധ്യക്ഷനുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം കേരള രാഷ്ട്രീയത്തിലെ കുലീന സാന്നിധ്യമായാണ് അറിയപ്പെടുന്നത്. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സി.വി പദ്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.

1982ല്‍ ചാത്തന്നൂരില്‍നിന്ന് വിജയിച്ച് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന - ഫിഷറീസ് മന്ത്രിയായി. പിന്നീട് മന്ത്രിപദം രാജിവച്ചു കെപിസിസി പ്രസിഡന്റായി. 87ല്‍ തോറ്റെങ്കിലും 91ല്‍ വീണ്ടും വിജയം. വൈദ്യുതി- കയര്‍ മന്ത്രിയും പിന്നീട് വൈദ്യുതി മന്ത്രിയുമായി. ഇക്കാലത്താണ്, 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ.കരുണാകരന്‍ അപകടത്തില്‍പ്പെട്ട് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ആക്ടിങ് മുഖ്യമന്ത്രിയായി. 1994 ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ധനം-കയര്‍- ദേവസ്വം മന്ത്രി. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിട്ടുണ്ട്. സംസ്ഥാനം കണ്ട ഏറ്റവും മികച്ച സഹകാരികളില്‍ ഒരാളായിരുന്നു സി.വി.പത്മരാജന്‍. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ആക്ടിങ് പ്രസിഡന്റായിരുന്നു.

പരവൂര്‍ കുന്നത്തു വേലു വൈദ്യര്‍- കെ.എം. തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22 നാണ് ജനനം. കോട്ടപ്പുറം പ്രൈമറി സ്‌കൂള്‍, എസ്.എന്‍.വി സ്‌കൂള്‍, കോട്ടപ്പുറം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശേരി സെന്റ് ബെര്‍ക്മാന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ്. തിരുവനന്തപുരം എം.ജി. കോളജിലെ ആദ്യബാച്ചില്‍ ബിഎ പാസ്സായി. കോട്ടപ്പുറം സ്‌കൂളില്‍ത്തന്നെ 3 വര്‍ഷം അധ്യാപകനായി. എറണാകുളം ലോ കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടായിരുന്നു നിയമപഠനം.അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു.

ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്ന പദ്മരാജന്‍ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പദ്മരാജന്‍ വഹിക്കാത്ത പദവികള്‍ ചുരുക്കമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവര്‍ത്തിക്കുമ്പോള്‍ സജീവ രാഷ്ട്രീയം നിലനിര്‍ത്തിയിരുന്നു. 1982-ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു.

1983-ല്‍ മന്ത്രിപദം രാജിവെച്ച് കെ.പി.സി.സി. പ്രസിഡന്റായി. 1991-ല്‍ വൈദ്യുതി, കയര്‍ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. 1994-ലെ എ.കെ.ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.

സഹകാരിയെന്നനിലയിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം വിപുലമായിരുന്നു. 1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. പരവൂര്‍ എസ്.എന്‍.വി.സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം എന്നീനിലകളിലൊക്കെ പ്രവര്‍ത്തിച്ചു. ആര്‍.ശങ്കര്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍, അഖിലകേരള ഉപനിഷദ് വിദ്യാഭവന്‍ പ്രസിഡന്റ്, എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കള്‍: അജി (മുന്‍ പ്രൊജക്ട് മാനേജര്‍, ഇന്‍ഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോ ഫോണ്‍ഐഡിയ, മുംബൈ). മരുമകള്‍: സ്മിത.

Similar News