ജോസ് ചേട്ടന്‍ മരിച്ചതറിഞ്ഞ് കാണാനായി വാഹനം ഏര്‍പ്പാടാക്കി പുറപ്പെടാന്‍ ഒരുങ്ങവേ കുഴഞ്ഞുവീണു; വര്‍ഷങ്ങളോളം ഒരുസ്ഥാപനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍; നെയ്യശേരിയില്‍ ജോസ് മാണിയെ അവസാനം ഒരു നോക്കുകാണാനാവാതെ യോഹന്നാനും യാത്രയായി

ജോസ് മാണിയെ അവസാനം ഒരു നോക്കുകാണാനാവാതെ യോഹന്നാനും യാത്രയായി

Update: 2025-01-16 15:49 GMT

തൊടുപുഴ: 11 വയസിന്റെ വ്യത്യാസം ഇരുവരും തമ്മിലുണ്ടെങ്കിലും ഉറ്റസുഹൃത്തുക്കള്‍. ഒന്നിച്ച് വര്‍ഷങ്ങളോളം ഒരു സ്ഥാപനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവര്‍. ഇരുവരും അടുത്തടുത്ത ദിവസങ്ങളില്‍ യാത്രയായി. അഞ്ച് പതിറ്റാണ്ട് മുന്‍പ് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് സമീപമുള്ള ജവുളി കടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉറുമ്പില്‍ ജോസ് മാണി(89), ഉളിനാല്‍ യോഹന്നാന്‍ മത്തായി (78) എന്നിവരാണ് മരണത്തിലും ഒന്നിച്ചത്.

പണ്ട് ജവുളി കടകളോടനുബന്ധിച്ചു തയ്യല്‍ കടയും പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു. ജോസ് മാണി നടത്തിയിരുന്ന സ്ഥാപനത്തില്‍ യോഹന്നാനായിരുന്നു തയ്യല്‍ ജോലി ചെയ്തിരുന്നത്. പിന്നീട് യോഹന്നാന്‍ വണ്ണപ്പുറത്തേയ്ക്ക് മാറുകയും അവിടെ ജോണ്‍സണ്‍ ടെക്‌സ്‌റ്റൈല്‍സ് ആരംഭിക്കുകയുമായിരുന്നു.

ചൊവ്വാഴ്ചയാണ് ജോസ് മാണി അന്തരിച്ചത.് ബുധനാഴ്ച വൈകുന്നേരം ജോസ് ചേട്ടന്റെ വീട്ടില്‍ പോകുവാന്‍ വാഹനം ഏര്‍പ്പാടാക്കി പുറപ്പെടുവാന്‍ തുടങ്ങുമ്പോഴാണ് യോഹന്നാന്‍ ചേട്ടന്‍ കുഴഞ്ഞുവീണു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘ കാലം ഒന്നിച്ചു പ്രവര്‍ത്തിച്ച ജോസ് ചേട്ടനെ അവസാനം ഒരു നോക്ക് കാണുവാനാവാതെ യോഹന്നാന്‍ ചേട്ടനും വിട വാങ്ങിയത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേദനയായി.

ജോസ് മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്നു. യോഹന്നാന്‍ മത്തായിയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടക്കും.

Similar News