ജര്‍മന്‍ നോവലിസ്റ്റും ചലച്ചിത്ര നാടക പ്രവര്‍ത്തകയുമായ വ്യക്തി; കേരളത്തിലെത്തി ശാസ്ത്രീയ നൃത്തവും കഥകളിയും അഭ്യസിച്ച കലാകാരി; ആറു മാസം കൊണ്ട് ആഫിക്ക മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച സാഹസികത: ആലപ്പുഴയുടെ സ്വന്തം സില്‍വിയ ബ്രിഗിറ്റേ വിടപറയുമ്പോള്‍

ആലപ്പുഴയുടെ സ്വന്തം സില്‍വിയ ബ്രിഗിറ്റേ വിടപറയുമ്പോള്‍

Update: 2024-09-30 01:07 GMT

ആലപ്പുഴ: ആരാണ് സില്‍വിയാ ബ്രിഗേറ്റ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയില്ല. കലയും സാഹസികതയും സാഹിത്യവും എല്ലാം ഒന്നു ചേര്‍ന്ന ഒരു അപൂര്‍വ്വ പ്രതിഭയാണ് സില്‍വിയ ബ്രിഗിറ്റേ ബാന്‍ഡില്‍ (69) എന്ന ജര്‍മന്‍കാരി. ഇന്ത്യയെ ഏറെ സ്‌നേഹിച്ച അവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലെത്തി താമസമാക്കിയെങ്കിലും കേരളത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല സില്‍വിയയുടെ പ്രവര്‍ത്തനങ്ങള്‍.

ആലപ്പുഴയെ ഏറെ സ്‌നേഹിച്ചിരുന്ന സില്‍വിയ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഇന്നലെയാണ് മരണം വരിച്ചത്. ചെട്ടികാട് സില്‍വിയാണ്ടര്‍ ഹൗസില്‍ രാവിലെ 10.50 നായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് സില്‍വിയയുടെ ആഗ്രഹം പോലെ സില്‍വിയാണ്ടര്‍ ഹൗസില്‍ നടക്കും. ജര്‍മന്‍ നോവലിസ്റ്റ്, നര്‍ത്തകി, ചലച്ചിത്ര നാടക പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍, സാഹസിക സഞ്ചാരി, അധ്യാപിക ഇങ്ങനെ പോകുന്നു സില്‍വിയയെ കുറിച്ചുള്ള വിശേഷണങ്ങള്‍. 1978ല്‍ ഇന്ത്യയിലെത്തിയ സില്‍വിയ കേരളത്തിലും എത്തി. പിന്നീട് ആലപ്പുഴയില്‍ താമസമാക്കുക ആിരുന്നു.

ജര്‍മനിയിലെ കാള്‍സ്റൂഹില്‍ 1955 ല്‍ ജനിച്ച സില്‍വിയ കോളജ് പഠനത്തിനു ശേഷം ലോക സഞ്ചാരം തുടങ്ങിയതോടെയാണ് ജീവിതം മാറിയത്. റോഡ് മാര്‍ഗമാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. കാല്‍നടയായും സൈക്കിളിലും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു ഇന്ത്യയുടെ പ്രകൃതി ഭംഗിയെ മനസ്സില്‍ കുടിയിരുത്തി. കേരളത്തിലെത്തിയ ഇവര്‍ ഇന്ത്യന്‍ ക്ലാസിക് നൃത്തവും കഥകളിയും അഭ്യസിച്ചു. കേരളത്തിലെ ഗ്രാമീണ ജീവതത്തെക്കുറിച്ചും പാരമ്പര്യ ചികിത്സാ രീതികളെക്കുറിച്ചും പഠിച്ചു. ഇന്ത്യയില്‍ നിന്നും നേരെ പോയത് ആഫ്രിക്കയിലേക്ക് ആയിരുന്നു. ആറു മാസം കൊണ്ട് ആഫിക്ക മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ച ഇവര്‍ കാല്‍നടയായി സഹാറ മരുഭൂമി മുറിച്ചു കടന്നു വാര്‍ത്തകളില്‍ ഇടം നേടി.

ഹിറ്റ്‌ലര്‍ അഗ്‌നിക്കിരയാക്കിയ ജര്‍മന്‍ സാഹിത്യ കൃതികള്‍ കണ്ടെത്തി പുനഃപ്രകാശനം ചെയ്തത് സില്‍വിയുടെ ചുമതലയില്‍ ആയിരുന്നു. കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ ഇവര്‍ ശാന്തിനികേതനില്‍ വച്ച് പരിചയപ്പെടുകയും തുടര്‍ന്നു കൂടെ പ്രവര്‍ത്തിക്കുകയും ചെയ്ത പ്രശസ്ത ചിത്രകാരന്‍ ഡി. അലക്‌സാണ്ടറെ 2004 ല്‍ വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്നു ചെട്ടികാട് സ്ഥലം വാങ്ങി സില്‍വിയാണ്ടര്‍ ഹൗസ് എന്ന പേരില്‍ ആര്‍ട് ഗാലറിയും, കലാപരിശീലന കേന്ദ്രവും തുടങ്ങി. കുമളിയില്‍ സ്വന്തമായുള്ള വീട്ടിലും ഇവര്‍ ഇടയ്ക്കിടെ താമസിച്ചു ചിത്രം വരയും സാഹിത്യ രചനയും നടത്തി.

അലക്‌സാണ്ടറിന്റെ നാടായ പുന്നപ്രയെ പശ്ചാത്തലമാക്കി ജര്‍മന്‍ ഭാഷയില്‍ എഴുതിയ നോവലും, ദി ലക്ക് ഓഫ് ഫുള്‍സ് എന്ന പേരിലുള്ള ആദ്യ നോവലും ഉള്‍പ്പെടെ 9 നോവലുകളും നിരവധി കലാ നിരൂപണങ്ങളും യാത്രാ വിവരണങ്ങളും നാടകങ്ങളും സില്‍വിയ എഴുതി. ശാന്തിനികേതനില്‍ അടക്കം ഇന്ത്യയിലും വിദേശത്തുമായി നിരവധി സര്‍വകലാശാലകളിലും കലാകേന്ദ്രങ്ങളിലും സെമിനാറുകളില്‍ സിവില്‍യ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചെട്ടികാട് ഗ്രാമവും കടപ്പുറവും പശ്ചാത്തലമാക്കി എഴുതി തുടങ്ങിയ നോവലിന്റെ അവസാന ഘട്ടത്തിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതയായി ചികിത്സയ്ക്ക് ജര്‍മനിയില്‍ പോയിരുന്നെങ്കിലും ആഗ്രഹം പ്രകാരം രണ്ടാഴ്ച മുന്‍പ് ചെട്ടികാട് തിരിച്ചെത്തി വിശ്രമത്തിലായിരുന്നു. സിവില്‍വിയുടെ കുടുംബാംഗങ്ങള്‍ മ്യൂണിക്കില്‍ ആണ് താമസം.

Tags:    

Similar News