നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് വിട; സംസ്‌ക്കാരം പാളയം ജുമാമസ്ജിദില്‍ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് ചലച്ചിത്ര, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ
തിരുവനന്തപുരം: നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസിന്റെ സംസ്കാരം പാളയം ജുമാ മസ്ജിദിൽ നടന്നു. അഞ്ചുമണിയോടെയായിരുന്നു കബറടക്കം. വൈകിട്ട് 3 മണി വരെ മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി സജി ചെറിയാൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകേഷ് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. പാളയം മസ്ജിദിലും, വഴുക്കാട്ടെ ഫ്ലാറ്റിലുമായി നൂറുകണക്കിനാളുകൾ പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു ഷാനവാസിന്റെ അന്ത്യം. കുറച്ച് നാളുകളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്‌ളാറ്റിലായിരുന്നു താമസം. പ്രേംനസീറിന്റെ നാലുമക്കളിൽ ഏക മകനാണ് ഷാനവാസ്.
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസിന്റെ അരങ്ങേറ്റം. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'മണിത്താലി', 'ഗാനം', 'ഹിമം', 'ചൈനാ ടൗണ്‍', 'ചിത്രം', കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. 'ഇവന്‍ ഒരു സിംഹം' എന്ന സിനിമയില്‍ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ് സിനിമകളില്‍ പിതാവും മകനും ഒന്നിച്ചു. ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് ഇടവേളക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. 'ജനഗണമന'യാണ് അവസാന ചിത്രം.
പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കള്‍: അജിത്ഖാന്‍(ദുബായ്), ഷമീര്‍ഖാന്‍. മരുമകള്‍: ഹന(കൊല്ലം). സഹോദരങ്ങള്‍: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും.