പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വരി നില്‍ക്കുന്ന അവസാന ആള്‍ക്കും വിഎസിനെ കാണാന്‍ അവസരം; 'വിഎസ് അമരന്‍' 'കണ്ണേ കരളേ വിഎസേ'...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അന്ത്യാഭിവാദ്യം; സംസ്‌കാരം രാത്രി വൈകി വലിയ ചുടുകാട്ടില്‍

പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം

Update: 2025-07-23 14:26 GMT

ആലപ്പുഴ: പ്രിയ വിഎസിനെ കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ചുറപ്പിച്ചവരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. പെരുമഴയെ വകവയ്ക്കാതെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. അവസാനമായി പ്രിയ സഖാവിനെ ഒരുനോക്കുകാണാന്‍ എത്തിയവര്‍ക്ക് റിക്രിയേഷന്‍ ഗ്രൗണ്ടിന് ചുറ്റുമുള്ള വെള്ളക്കെട്ട് തടസ്സമായില്ല. ചെളിയില്‍ ചവിട്ടിയും നനഞ്ഞുകുതിര്‍ന്നുമാണ് മിക്കവരും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. വരിയില്‍ കാത്തുനില്‍ക്കുന്ന അവസാന ആള്‍ക്കും വിഎസിനെ കാണാന്‍ അവസരം ഒരുക്കുമെന്നും അതിന് ശേഷമേ വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകൂ എന്നും സിപിഎം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത മന്ത്രിമാരുടെ അടക്കം വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ പെട്ടു. രാത്രി 8 മണിയോടെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം അവസാനിപ്പിക്കാമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നതെങ്കിലും ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ അവഗണിക്കാനുമാവില്ല. വിഎസിന്റെ കുടുംബവുമായി സംസാരിച്ച ശേഷമാണ് വരിയില്‍ കാത്തുനില്‍ക്കുന്ന അവസാനത്തെ ആള്‍ക്കും കാണാന്‍ അവസരം നല്‍കാമെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും സാമുഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്.

'വിഎസ് അമരന്‍','കണ്ണേ കരളേ വിഎസേ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നത്. ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റിയ ശേഷം, ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ജനപ്രതിനിധികള്‍ വിഎസിന് അന്തിമോപചാരമര്‍പ്പിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് എത്തിയതോടെ, വി എസിനെ കാണാന്‍ എത്തിയവരെ നാല് വരികളായി കടത്തി വിടുകയാണ്.

പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴ വലിയചുടുകാട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഉച്ചയ്ക്ക് 12.20 ഓടെയാണ് വിലാപയാത്ര ആലപ്പുഴ പറവൂരിലെ വീട്ടില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ക്ക് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പിക്കാന്‍ വീടിനുള്ളില്‍ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദര്‍ശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി.

വേലിക്കകത്ത് വീട്ടില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. വലിയ ചുടുകാട്ടില്‍ നാലുമണിയോടെ സംസ്‌കാരമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ജനപ്രവാഹം കണക്കുകൂട്ടലുകളെ തെറ്റിച്ചു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്താന്‍ എടുത്തത് 22 മണിക്കൂറായിരുന്നു. മഴയെ വകവയ്ക്കാതെ വഴിനീളെ ആയിരങ്ങള്‍ വിഎസിന്റെ ചിത്രങ്ങളുമായി കാത്തുനിന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തി. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. 'ഇല്ലാ ഇല്ല മരിക്കുന്നില്ല..' മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി മുഴങ്ങുന്നു.

വേലിക്കകത്ത് വീട്ടില്‍ തടിച്ചു കൂടിയ ഓരോരുത്തരും പ്രിയ സഖാവിന്റെ ഓര്‍മകള്‍ നെഞ്ചോടു ചേര്‍ത്തു. വിഎസിനെ കാണാനും പരാതികളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കാനും എത്തിയ വീട്ടില്‍ അവര്‍ സഖാവിനെ അവസാനമായി കാണാന്‍ കാത്തുനിന്നു. വിഎസ് എന്ന സമുദ്രത്തിലേക്ക് ചെറുപുഴകളെപോലെ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോള്‍ വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ഓരോ പോയിന്റും കടന്നത്. രാത്രിയോടെതന്നെ പൊതുദര്‍ശനത്തിനുള്ള പ്രത്യേക പന്തല്‍ വീട്ടില്‍ തയാറായി. പൊലീസും റെഡ് വൊളന്റിയര്‍മാരും ചേര്‍ന്നു തിരക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്നലെ രാത്രി 10.10ന് വിഎസിന്റെ ഭാര്യ വസുമതി, മകള്‍ ഡോ. വി.വി.ആശ, മരുമകള്‍ ഡോ. രജനി ബാലചന്ദ്രന്‍ എന്നിവര്‍ വേലിക്കകത്ത് വീട്ടിലെത്തി.

വിഎസ് ഹൃദയത്തോടു ചേര്‍ത്തുവച്ച ഇടമായിരുന്നു ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം. അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ വാങ്ങിയ ഭൂമിയില്‍ 4 പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണ് ഈ ഓഫിസ്. രാഷ്ട്രീയ ഗുരുവായ പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആ ഓഫിസിലേക്കാണ് വിഎസ് ഇന്ന് അവസാനമായി എത്തിയത്.

പുന്നപ്ര വയലാര്‍ സമരഭടന്‍മാരുടെ ധീരസ്മരണകള്‍ ജ്വലിക്കുന്ന വലിയ ചുടുകാട് വിഎസിനെ ഏറ്റുവാങ്ങാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങള്‍ക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമം. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസ്.അച്യുതാനന്ദന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നു. പി.കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍നായര്‍, സി.കെ. ചന്ദ്രപ്പന്‍, ആര്‍.സുഗതന്‍, കെ.ആര്‍. ഗൗരിയമ്മ അടക്കമുള്ള നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് വലിയചുടുകാട്ടിലാണ്.

Tags:    

Similar News