അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ കൃഷിയിടത്തിലേക്ക് ജോലിക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് ബോധരഹിതയായി കിടക്കുന്ന കുട്ടിയെ; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു; ദാരുണമായി കല്‍പ്പന ലുലുവിന്റെ വിയോഗം

അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ കൃഷിയിടത്തിലേക്ക് ജോലിക്ക് പോയി

Update: 2025-08-05 02:54 GMT

തൊടുപുഴ: ഇടുക്കിയില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ കല്‍പന ലുലുവാണ് മരിച്ചത്. ഇടുക്കി രാജക്കാടാണ് സംഭവം. അസം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോള്‍ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. തൊഴിലിടത്തിനു സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുഞ്ഞിനെ ഇരുത്തിയ ശേഷം ജോലിക്ക് പോയതായിരുന്നു ആസാം സ്വദേശികളായ മാതാപിതാക്കള്‍.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരികെയെത്തിയ മാതാപിതാക്കള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കിയിരുന്നുവെന്നും ഏതാനും ദിവസങ്ങളായി കടുത്ത ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.

അസുഖം കൂടിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പന്‍ചോല പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടുത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും. അതേസമയം കാറില്‍ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയ സംഭവത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തില്‍ രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News