അമേരിക്കയുടെ ഗുസ്തി ഹീറോ ഹള്‍ക് ഹോഗന്‍ അന്തരിച്ചു; അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി ഉയര്‍ന്ന ഗുസ്തിക്കാരന്റെ മരണത്തില്‍ ലോകം എമ്പാടും അനുശോചനം; അമേരിക്കന്‍ ടെലിവിഷന്‍ സ്‌ക്രീനിലെ ഗുസ്തിവീരന്‍ ലോകത്ത് മുഴുവന്‍ ആരാധകരെ നേടി
അമേരിക്കയുടെ ഗുസ്തി ഹീറോ ഹള്‍ക് ഹോഗന്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഇതിഹാസ അമേരിക്കന്‍ റസ്ലിങ് താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 71 വയസായിരുന്നു. ഫ്‌ളോറിഡയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡബ്ല്യുഡബ്ല്യുഇ ഹള്‍ക് ഹോഗന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
1970കള്‍ മുതല്‍ ഡബ്ല്യു.ഡബ്ല്യു.എഫ് രംഗത്ത് ഹള്‍ക് ഹോഗന്‍ സജീവമായിരുന്നു. 1953 ഓഗസ്റ്റ് 11നാണ് ജോര്‍ജിയയിലാണ് ജനനം. പ്രൊഫഷണല്‍ റസ്ലിങ് ങിലെ ഇതിഹാസ മുഖങ്ങളിലൊന്നാണ് ഹള്‍കിന്റേത്. റസ്ലിങ് പോരാട്ടത്തിന്റെ സുവര്‍ണ കാലത്തെ മുഖമെന്ന വിശേഷണവും ഹള്‍കിനുണ്ട്. റിങിലെ അതികായനായി ഒരുകാലത്ത് വാഴ്ത്തപ്പെട്ട താരമാണ് ഹള്‍ക്. ആഗോള തലത്തില്‍ തന്നെ അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്.
ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫെയ്മിലും ഹള്‍കിന്റെ പേരുണ്ട്. 1984ലാണ് കരിയറിലെ ആദ്യ ഡബ്ല്യുഡബ്ല്യുഎഫ് കിരീട നേട്ടം. ആ വിജയത്തോടെ ഹള്‍ക്മാനിയ കാലത്തിനു നാന്ദി കുറിക്കപ്പെട്ടു. 2005ലാണ് താരം ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ ജൂണില്‍ ഹോഗന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കോമാ സ്റ്റേജിലായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ കുടുംബം ഇക്കാര്യം നിഷേധിച്ചിരുന്നു. 1953 ല്‍ ജോര്‍ജ്ജിയയിലെ അഗസ്റ്റയിലാണ് ഹോഗന്‍ ജനിച്ചത്. കൗമാര പ്രായത്തില്‍ തന്നെ ഗുസ്തിയില്‍ അദ്ദേഹത്തിന് ഏറെ താല്‍പ്പര്യമായിരുന്നു. 1977 ലാണ് അദ്ദേഹം ഈ രംഗത്ത് സജീവമാകുന്നത്. നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ടെറീ ബോല്യേ എന്നായിരുന്നു ഹോഗന്റെ ശരിയായ പേര്. അദ്ദേഹം മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്.
മക്കളുമായി ഹോഗന്‍ അകന്നാണ് കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്. ഗുസ്തിക്കായി അമിതമായി സമയം ചെലവഴിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. തുടര്‍ന്ന് വലിയ തോതിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഹോഗന്‍ നേരിട്ടിരുന്നു. കഴുത്തില്‍ ഒരു മേജര്‍ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഹോഗനെ ബാധിച്ചിരുന്നു. കുടുംബ ജീവിതത്തിലെ താളപ്പിഴകളും ആരോഗ്യം മോശമാകുന്നതിന് കാരണമായി മാറിയിരുന്നു. മുന്‍ ഭാര്യയായ ലിന്‍ഡ അദ്ദേഹത്തിനെ കുറിച്ച് പരസ്യമായി നുണയനെന്നും സ്ത്രീലമ്പടന്‍ എന്നും വിശേഷിപ്പിച്ചത് ഹോഗനെ ഏറെ വേദനിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് തന്റെ മൂന്നാമത്തെ ഭാര്യയായി സ്‌കൈ ഡെയ്‌ലിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മുന്‍ ഭര്‍ത്താവിനെതിരെ ലിന്‍ഡ അത്തരം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിന്റെ ഭാര്യയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ പേരിലും ഹോഗന് വലിയ തോതില്‍ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്.
സാമ്പത്തികമായും ഒടുവില്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ വലിയൊരു ആരാധകന്‍ കൂടിയായിരുന്നു ഹോഗന്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ട്രംപിനായി പ്രചാരണത്തിനും ഇറങ്ങിയിരുന്നു. തന്നെ അമേരിക്കയുടെ വൈസ് പ്രസിഡന്റാക്കണം എന്ന ആവശ്യവും ഹോഗന്‍ മുന്നോട്ട് വെച്ചിരുന്നു.