ഗുജറാത്ത് കലാപത്തില്‍ നീതിക്കായി നിലക്കൊണ്ട ധീരവനിത; കൊല്ലപ്പെട്ട ജോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ; അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 പോരാട്ടത്തിനിറങ്ങിയ വനിത; മനുഷ്യാവകാശ പ്രവര്‍ത്തക സാക്കിയ ജഫ്രി അന്തരിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് 2006 മുതല്‍ സാക്കിയ പോരാട്ടരംഗത്തുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ ഖബറിടത്തോട് ചേര്‍ന്ന് അവരെ സംസ്‌കരിച്ചേക്കും.
'മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്' മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. 2002ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചായിരുന്നു മറ്റ് 68 പേര്‍ക്കൊപ്പം ഇസ്ഹാന്‍ ജഫ്രി കൊല്ലപ്പെടുന്നത്.
'ഈ പോരാട്ടം എന്റെ ഭര്‍ത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്' എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അന്വേഷക സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാക്കിയ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീല്‍ തള്ളിയിരുന്നു.
2002ല്‍ ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ കലാപകാരികള്‍ അഹമ്മദാബാദിലുടനീളം മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഇസ്ഹാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായതോടെ പ്രദേശത്തെ മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം ഇസ്ഹാന്‍ ജഫ്രിയുടെ വാസകേന്ദ്രമായിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അഭയം തേടിയിരുന്നു. മുന്‍ എംപി എന്ന നിലിയില്‍ ഇസ്ഹാന്‍ ജഫ്രിക്കുണ്ടായിരുന്ന സ്വാധീനമായിരുന്നു ഇവിടെ അഭയം തേടാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇവിടേയ്‌ക്കെത്തിയ കലാപകാരികള്‍ നിര്‍ദാക്ഷിണ്യം ഇസ്ഹാന്‍ ജഫ്രി അടമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കലാപകാരികള്‍ പ്രദേശം വളഞ്ഞതോടെ രക്ഷയ്ക്കായി ഇസ്ഹാന്‍ ജഫ്രി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചതായി സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഈ വാദം നരേന്ദ്ര മോദി നിഷേധിച്ചിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം ഈ സാക്ഷി മൊഴിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.