മകന്‍ മന്ത്രിയായത് അറിഞ്ഞാല്‍ കിട്ടുന്ന അതേ സന്തോഷം വീട്ടിന്റെ മുറ്റത്ത് മുളകിന്‍ തൈ നട്ടു പിടിപ്പിച്ചാലും കിട്ടിയ അമ്മ; മകന്റെ പദവിയില്‍ കിട്ടുമായിരുന്ന എല്ലാ സുഖസൗകര്യവും വേണ്ടെന്ന് വച്ച് ചേലക്കരയില്‍ വീട്ടില്‍ സ്‌നേഹം വിളമ്പിയ ചിന്ന; ആലത്തൂര്‍ എംപി രാധാകൃഷ്ണന്റെ അമ്മ ഇനി ഓര്‍മ്മ
തൃശൂര്‍: രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് എത്തിയ നിയുക്ത മന്ത്രിയുടെ അമ്മയെ കിട്ടാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ 'അമ്മ ഇവിടില്ല. പുറത്തു പോയിരിക്കുകയാ'ണെന്നു മാധ്യമ പ്രവര്‍ത്തകന് കിട്ടിയ മറുപടി. മകനെ മന്ത്രിയായി പ്രഖ്യാപിക്കുമ്പോള്‍ വീട്ടുമുറ്റത്ത് ഇഞ്ചി, വാഴ, ചേമ്പ്, കാച്ചില്‍ ഇതൊക്കെ കുഴിച്ചുവയ്ക്കുകയായിരുന്നു ചിന്നമ്മ. ഇത് കെ. രാധാകൃഷ്ണന്റെ അമ്മ. മകന്‍ മന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ദിവസം വാഴയും ചേമ്പും കാച്ചിലും നോക്കാന്‍ നടക്കുന്നൊരമ്മ! അടുത്തവര്‍ഷവും ഇതൊക്കെ കായ്‌ക്കേണ്ടതല്ലേ മാനേ... എന്ന മറുപടി നല്‍കിയ അമ്മ. മകന്‍ മന്ത്രിയാപ്പോഴും ഈ അമ്മ പത്രാസു കാട്ടിയില്ല. മകന്‍ മന്ത്രിയായത് സന്തോഷം. പക്ഷേ അതൊടൊപ്പം മുറ്റത്തൊരു മുളകിന്‍ തൈ നട്ടു പിടിപ്പിച്ചാലും ആ അമ്മയ്ക്ക് സന്തോഷം. ലഭിക്കുമായിരുന്നു. മകന്‍ മന്ത്രിപദവിട്ട് ആലത്തൂരിന്റെ എംപിയായി. അപ്പോഴും അമ്മ സന്തോഷത്തിലായിരുന്നു.
ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചത് രാവിലെയാണ്. എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു'. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമ്മ. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മക്കള്‍: രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), കെ രാധാകൃഷ്ണന്‍, രതി, രമണി, രമ, രജനി, രവി, മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.
രാധാകൃഷ്ണന്‍ മന്ത്രിയായി. സ്പീക്കറായി. പിന്നെ എംഎല്‍എയായി തുടര്‍ന്നു. അതിന് ശേഷം വീണ്ടും മന്ത്രിയായി. സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായി. പിന്നേയും മന്ത്രിയായി. അതിന് ശേഷം എംപിയും. മകന്റെ തോല്‍വിയറിയാതെയുള്ള ഈ രാഷ്ട്രീയ വിജയങ്ങളൊന്നും ഈ അമ്മയെ സ്വാധീനിച്ചില്ല. മകന്റെ അധികാരത്തിന്റെ ശീതളിമയിലേക്ക് ഈ അമ്മ ഒരിക്കലും വന്നില്ല. തനിക്ക് വേണ്ടത് വീട്ടുമുറ്റത്ത് ഉണ്ടാക്കി സന്തോഷത്തോടെ കഴിഞ്ഞ അമ്മ. കേരള രാഷ്ട്രീയത്തിന് പല വിധ സന്ദേശങ്ങള്‍ നല്‍കിയ മന്ത്രി മാതാവായിരുന്നു അമ്മ.
രാധാകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിനെ കുറിച്ച് അമ്മ അന്ന് പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങള് ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു ജോലി. 38 വര്‍ഷം ഞാനവിടെ ജോലി ചെയ്തു. രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഞാനും പെണ്‍മക്കളും വേണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ക്കു പേടിയായിരുന്നു. അന്നു രാഷ്ട്രീയക്കാരെയൊക്കെ ഇല്ലാതാക്കി കളയുന്ന കാലമാ. അന്ന് അവന്റെ അച്ഛന്‍ പറഞ്ഞു. ' നീ പേടിക്കണ്ട, ധൈര്യമായി ഇറങ്ങെടാ' എന്ന്. ആ വാക്കില്ലേല്‍ ഇന്ന് രാധാകൃഷ്ണന്‍ മന്ത്രിയല്ല, ഞാന്‍ മന്ത്രീടമ്മേമല്ല.-ഇതായിരുന്നു അമ്മയുടെ മറുപടി. എന്റെ വീട് കായംകുളത്തായിരുന്നെങ്കിലും രാധാകൃഷ്ണന്റച്ഛന്റെ നാടായിരുന്നു ചേലക്കര. അങ്ങേര് മരിച്ചപ്പോള്‍ 4 പെണ്‍മക്കളേയും കൊണ്ട് ഞാനിങ്ങു പോന്നു. ഇവിടെ കുറച്ചു പറമ്പ് വാങ്ങി ഒരു വീടും തട്ടിക്കൂട്ടി. അങ്ങനെ ഈ അമ്മ ചേലക്കരക്കാരിയായി.
കഴിഞ്ഞ തവണ മന്ത്രിയാപ്പോള്‍ അമ്മ സത്യപ്രതിജ്ഞയ്ക്ക് പോലും പോയില്ല. ഞാനെങ്ങുമില്ല. ആദ്യം മന്ത്രിയായപ്പോള്‍ ഞങ്ങളൊക്കെ വണ്ടി പിടിച്ചു പോയി. ഇഎംഎസ് നമ്പൂതിരിപ്പാടൊക്കെ ഉള്ള കാലമാണത്. പിന്നീട് സ്പീക്കര്‍ ആയപ്പോഴൊന്നും ഞാന്‍ പോയിട്ടില്ല. ഈ ടീവിയില്‍ കാണാമല്ലോ. എന്തിനാ ടീവി. ഒന്നു കണ്ണടച്ചാല്‍ മതിയല്ലോ, എല്ലാം ഉള്ളിലുണ്ട്. പെണ്‍മക്കളൊക്കെ പലയിടത്തും ഇരുന്നു കരച്ചിലാ. അവന്‍ മന്ത്രിയാകുന്നത് അമ്മയുടെകൂടെ ഇരുന്നു ടിവിയില്‍ കാണണമെന്നാണവര്‍ക്ക്.. രമണി ചേര്‍ത്തലയിലും രതി തൃശൂര്‍ അമല നഗറിലുമാ.രമയും രജനിയും അടുത്തുണ്ട്. പക്ഷേ, ആര്‍ക്കും ഇപ്പോള്‍ വരാനാവില്ലല്ലോ.-ഇങ്ങനെയായിരുന്നു ആ അമ്മ രണ്ടാമത് മകന്‍ മന്ത്രിയായപ്പോള്‍ പ്രതികരിച്ചത്.
'ഇതൊന്നും ശാശ്വതമാകണമെന്നില്ല, അതുകൊണ്ട് സ്ഥിരമായ ഒരു ജോലിക്ക് നീ ശ്രമിക്കണം. പക്ഷെ ജനങ്ങളെ മറക്കരുത്'' കൊച്ചുപ്രായത്തില്‍ മന്ത്രിയായെങ്കിലും അമ്മ മകന് കൊടുത്ത ഉപദേശം അതായിരുന്നു. ആ അമ്മയെ കേട്ടുകൊണ്ട് എക്സൈസ് ഗാര്‍ഡ് പിഎസ്സി പരീക്ഷ എഴുതാന്‍ പോയ ചരിത്രവും രാധാകൃഷ്ണനുണ്ട്. താന്‍ മരിച്ചുപോയാല്‍ മകന്‍ ഒറ്റപ്പെടുമോ എന്ന ആകുലത എപ്പോഴും അവരുടെ മനസിനെ അലട്ടിയിരുന്നു. താനും അവന്റെ പെങ്ങന്മാരും നിര്‍ബന്ധിച്ചിട്ടും, പിണറായിയും, നായനാകരും പറഞ്ഞിട്ടും രാധാകൃഷ്ണന്‍ കേള്‍ക്കാതെ പോയ ആ കാര്യം അമ്മയെ അലട്ടിയിരുന്നു. അത് രാധാകൃഷ്ണന്‍ വിവാഹം ചെയ്തില്ലെന്നതായിരുന്നു.
കെ രാധാകൃഷ്ണന് ജനങ്ങള്‍ നല്‍കിയിരുന്ന സ്‌നേഹത്തിന്റെ പങ്ക് എപ്പോഴും ചിന്നയ്ക്കും ലഭിച്ചിരുന്നു. ചേലക്കരക്കാര്‍ക്കു കെ. രാധാകൃഷ്ണന്‍ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. ഈ ആശ്വാസം മാത്രമായിരുന്നു മകന് വിവാഹം കഴിക്കാത്തതില്‍ ഈ അമ്മയ്ക്ക് അവസാന കാലങ്ങളിലുണ്ടായിരുന്നത്.