പത്താം ക്ലാസ് കഴിഞ്ഞ് അച്ഛനെ കള്ളു കച്ചവടത്തില്‍ സഹായിക്കാന്‍ ഇറങ്ങിയ മകന്‍; ഗുരുദേവ ദര്‍ശനം പിടിവളളിയായപ്പോള്‍ സ്നേഹം പ്രകൃതിയോടായി; മരം നട്ടും കാട്ടു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ ധന്യത; മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികള്‍ക്കും പ്രാണികള്‍ക്കും ദാഹനീര് നല്‍കിയ പച്ചയായ മനുഷ്യന്‍; കല്ലൂര്‍ ബാലന്‍ ഓര്‍മയാകുമ്പോള്‍
പാലക്കാട്: 21 ലക്ഷത്തിലധികം, പരമാവധി നോക്കിവളര്‍ത്തുകയും ചെയ്തു....ഒരു കോടി മരം നടല്‍ പൂര്‍ത്തിയാക്കി അവ വേരുപിടിച്ച് പച്ചയ്ക്കുന്നതു കണ്ടുവേണം ഭൂമിയില്‍ നിന്നു യാത്രയാകാന്‍... ഇതായിരുന്നു ആഗ്രഹം. അത് ആവും മുമ്പ് ആ വലിയ മനുഷ്യന്‍ യാത്രയായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. ചെടിക്കെതിരെ നില്‍ക്കുന്നവരെ ശക്തമായി ചെറുക്കും. വന്യജീവികള്‍ക്കു ഭക്ഷണം നല്‍കുന്നതും ഹരിതജീവിതത്തിന്റെ ഭാഗം. സൂര്യനും പച്ചിലയുമാണ് ഉപാസനാമൂര്‍ത്തികള്‍. മരവും കാടും അരുവിയും അവയുടെ പ്രസക്തിയെയും കുറിച്ചു മാത്രമാണു സംസാരം. പ്രായം 76ല്‍ എത്തിയപ്പോള്‍ മടക്കം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ വേലുവിന്റെയും കണ്ണമ്മയുടെയും മകനാണ് ബാലകൃഷ്ണന്‍.
എട്ടാം ക്ലാസുവരെ പഠിച്ച ബാലന്‍ അച്ഛനെ കള്ളുകച്ചവടത്തില്‍ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ ആശയങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയപ്പോള്‍ കള്ള് കച്ചവടത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു. പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലന്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയത്. മലയിലെ പാറകള്‍ക്കിടയില്‍ കുഴിതീര്‍ത്ത് പക്ഷികള്‍ക്കും പ്രാണികള്‍ക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയില്‍ പച്ചക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിര വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശമാണു വര്‍ഷങ്ങള്‍ നീണ്ട സമര്‍പ്പണത്തില്‍ പച്ചയണിഞ്ഞത്. 10 ലക്ഷം കരിമ്പനകള്‍ നടുന്ന യജ്ഞത്തിലായിരുന്നു അദ്ദേഹം. കല്ലൂര്‍ ചുടിയന്‍മല താഴ്വാരത്തിലെ കാട്ടിലെ തട്ടുകടയ്ക്കു സമീപമാണു ബാലേട്ടന്റെ വീട്. വീടിന്റെ പരിസരങ്ങളിലായിരുന്നു ആദ്യം ചെടിനടീല്‍. പിന്നീട് കൈക്കോട്ടും കമ്പിപ്പാരയും കുറെ ചെടികളുമായി പൊതു ഇടങ്ങളിലെത്തി. ശേഷം ഇരുചക്രവാഹനത്തിലായി യാത്ര. 2000 ത്തിലാണ് വ്യാപകമായി വഴിയോരങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം ലഭിച്ചു. വേനലില്‍ ആഘോഷങ്ങളും സമ്മേളനങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ സംഭാരവുമായെത്തി ബാലന്‍. വീട്ടുമുറ്റത്ത് 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വലിയ കിണറില്‍ നിന്ന് പരിസരത്തുളളവര്‍ക്കെല്ലാം വര്‍ഷങ്ങളായി ശുദ്ധജലവും നല്‍കി. ആവശ്യമുളളിടത്തു വെള്ളം എത്തിച്ചുകൊടുക്കുകയും ചെയ്യും. കുട്ടികളുടെ പേരില്‍ നക്ഷത്രവനം, മരിച്ചവര്‍ക്ക് സ്മൃതിവനം, സ്ഥാപനങ്ങള്‍ക്ക് പരസ്യവനം എന്ന ആശയത്തിനും പിന്‍തുണ ലഭിച്ചു. അവയുടെ സംരക്ഷണത്തിനും സഹായം തേടി. വ്യക്തികളുടെയും സംഘടനകളുടെയും സഹായം ആവോളം കിട്ടി. വീടിനടുത്ത് ബാക്കിയുള്ള അര ഏക്കര്‍ സ്ഥലം ഒഴിച്ചിട്ടുണ്ട്. തനിക്കുശേഷം മരംനടല്‍ തുടരാന്‍ തയാറാകുന്ന മക്കള്‍ക്ക് ചെലവിന് ഉപയോഗിക്കാനാണത്.
കാട്ടിലെ മൃഗങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഓരോ ദിവസവും ശേഖരിച്ച് നല്‍കുന്നത് അഞ്ഞൂറോളം കിലോ പഴം, പച്ചക്കറിയുമായിരുന്നു. ബാലേട്ടന്റെ വാഹനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ കുരങ്ങും മുയലും മയിലും കാട്ടുപന്നികളും കാടിറങ്ങിവരും. രാവിലെ എട്ടുമണിയോടെ സ്വന്തം ജീപ്പില്‍ പുറപ്പെടുന്ന ബാലേട്ടന്‍ അമ്പതു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് അയ്യര്‍മല, കിണാവല്ലൂര്‍, വഴുക്കപ്പാറ, മുണ്ടൂര്‍, ധോണിമല, വാളയാര്‍ വനമേഖലകളിലെ പക്ഷി, മൃഗാദികളെ അന്നമൂട്ടിയും വൃക്ഷത്തൈകള്‍ നട്ടും തിരിച്ചെത്തുമ്പോള്‍ സൂര്യന്‍ അസ്തമിച്ചിരിക്കും. 2000ല്‍ തുടങ്ങിയതാണ് ഈ ജീവിതചര്യ. കേടായിത്തുടങ്ങിയെങ്കിലും കഴിക്കാവുന്ന ആപ്പിള്‍, മാതളം, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം, തണ്ണിമത്തന്‍, ചക്ക, പച്ചക്കറികള്‍ തുടങ്ങിയവ സൗജന്യമായാണ് പാലക്കാട് വലിയ അങ്ങാടി മുതല്‍ ഒറ്റപ്പാലംവരെയുള്ള മൊത്തവ്യാപാരികള്‍ നല്‍കുന്നത്. പരിചയക്കാര്‍ ജീപ്പിന് ഇന്ധനമടിക്കാനുള്ള പണവും നല്‍കും. രാവിലെ മലകയറ്റവും യോഗയും കഴിഞ്ഞ്, ആറോടെ അന്നം ശേഖരിക്കാന്‍ ജീപ്പെടുത്തിറങ്ങും. തിരിച്ചെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം വീണ്ടും പണി തുടരും.
കേരളശ്ശേരി സ്‌കൂളില്‍ നിന്നു പത്താംക്ലാസ് കഴിഞ്ഞതോടെ കള്ളു കച്ചവടം നടത്തിയിരുന്ന അച്ഛനോടൊപ്പം കൂടിയ ബാലകൃഷ്ണന്‍, വളംഡിപ്പോ, പത്ര ഏജന്റ്, നെല്ല് ഏജന്റ്, തേങ്ങ - കൊപ്ര കച്ചവടം തുടങ്ങിയവയിലെല്ലാം ഒരുകൈ നോക്കി. കുട്ടികള്‍ വളര്‍ന്നപ്പോള്‍ പ്രകൃതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നൊരു തോന്നല്‍. അങ്ങനെ മരം നടാന്‍ ഇറങ്ങി. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവല്‍, പന, മുള തുടങ്ങി ഇതിനോടകം 20 ലക്ഷത്തോളം തൈകള്‍ നട്ടു. സര്‍വ്വം ഹരിതമയമായിരുന്നു ആ ജീവിതം.