അച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് മുന്നിലേക്ക് ജീവനറ്റ് നവീന്‍ ബാബുവെത്തി; നിറയാത്ത കണ്ണുകളില്ല; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്; ഒരുനോക്ക് കാണാനെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി സംസ്‌കാര ചടങ്ങുകള്‍; സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം പോലെ വിടചൊല്ലി സഹപ്രവര്‍ത്തകര്‍

നവീന്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ജന്മനാട്

Update: 2024-10-17 10:18 GMT

പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കലക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം 11 മണിയോടെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. അച്ഛനെ കാത്തിരുന്ന മക്കള്‍ക്ക് മുന്നിലേക്ക്, നല്ലപാതിയെ കാത്തിരുന്ന മഞ്ജുഷയ്ക്ക് മുന്നിലേക്ക് ഇനി ഒരിക്കലും കയറി വരാത്ത വഴികളിലൂടെ ജീവനറ്റ് നവീന്‍ എത്തി. ഇങ്ങനെയൊരു മടങ്ങിവരവിനായിരുന്നില്ല ആ നാടും വീടും കാത്തിരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ, സ്വസ്ഥതയോടെ നാട്ടിലേക്ക് മടങ്ങിവരേണ്ടിയിരുന്നിടത്തേക്ക് വെള്ളപുതച്ച് നവീനെ കൊണ്ടുവന്നപ്പോള്‍ നാടും നാട്ടുകാരും ഉള്ളുലഞ്ഞ് കരഞ്ഞു. മണിക്കൂറുകളായി അടക്കിപ്പിടിച്ച കരച്ചിലുകള്‍ കണ്ണീരായി ഒഴുകി.

മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ വന്‍ജനാവലിയെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീര്‍ തളംകെട്ടിനിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീര്‍പ്പോടെ കണ്ടുനിന്നു. നവീനെ സ്വീകരിക്കാന്‍ പത്തനംതിട്ടയിലെ സഹപ്രവര്‍ത്തകര്‍ വാങ്ങിയ മാലയും ബൊക്കയുമെല്ലാം മൃതദേഹത്തിനൊപ്പം മണ്ണിലമര്‍ന്നു. മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.

വന്‍ ജനാവലിയാണ് നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീന്‍ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. മന്ത്രിമാരും വിലാപയാത്രയെ അനുഗമിച്ചിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു.

കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയെത്തുന്ന നവീനെ സ്വീകരിക്കാന്‍ സഹപ്രവര്‍ത്തകര്‍ മാലയും ബൊക്കെയുമെല്ലാം കഴിഞ്ഞദിവസം തന്നെ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ നവീന്റെ മൃതദേഹം സ്വീകരിക്കാനായിരുന്നു കളക്ടറേറ്റിന്റേയും സഹപ്രവര്‍ത്തകരുടേയും നിയോഗം. കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. രാവിലെ മുതല്‍ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചത്. വികാരനിര്‍ഭരമായ യാത്രയയപ്പാണ് കലക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് അവസാനമായി നല്‍കിയത്. ചൊവ്വാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ എഡിഎമ്മായി ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന നവീന്‍ ബാബുവിന്റെ ഭൗതികശരീരം എത്തിച്ചതോടെ സഹപ്രവര്‍ത്തകരില്‍ പലരും വിങ്ങിപ്പൊട്ടി. പത്തനംതിട്ട മുന്‍ ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, മന്ത്രി വീണാ ജോര്‍ജ്, റവന്യൂ മന്ത്രി കെ.രാജന്‍ എന്നിവരുള്‍പ്പെടെ നവീന്‍ ബാബുവിനെ അവസാനമായി കാണാനെത്തിയത് നിറകണ്ണുകളോടെയായിരുന്നു.

രണ്ടുദിവസമായി കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറയുന്നത് ഒരേ വാചകമായിരുന്നു. 'നവീന്‍ അത് ചെയ്യില്ല, അയാള്‍ സത്യമുള്ളവനായിരുന്നു, ജോലിയോട് പ്രതിബന്ധതയും ആത്മാര്‍ഥതയും ഉള്ളവനായിരുന്നു'. അതുതന്നെയാണ് കലക്ടറേറ്റില്‍ തടിച്ചുകൂടിയ ജനസഞ്ചയവും ആവര്‍ത്തിച്ചുപറഞ്ഞത്.

എല്‍ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബു 2010ലാണ് ജൂനിയര്‍ സൂപ്രണ്ടായത്. കാസര്‍കോടായിരുന്നു പോസ്റ്റിങ്. 2022ല്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടറായി. വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരില്‍ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ജീവനൊടുക്കുന്നതും.

കണ്ണൂരിലെ സെന്റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച് കര്‍മനിരതനാകേണ്ടിയിരുന്നയാളാണ് നവീന്‍. അതേ സ്ഥലത്ത് ഇന്ന് എത്തിയത് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം. ഏറെക്കാലമായി നവീന്റെ ആഗ്രഹമായിരുന്നു പത്തനംതിട്ടയില്‍ തിരിച്ചെത്തി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കണം എന്നത്. അക്കാലമത്രയും കുടുംബത്തോടൊപ്പം കഴിയാമെന്ന് കരുതിയ മനുഷ്യന്‍. പക്ഷേ അപമാനം താങ്ങാനാവാതെ എല്ലാം അവസാനിപ്പിച്ച്, എല്ലാവരെയും ഉപേക്ഷിച്ച് അയാള്‍ക്ക് മടങ്ങേണ്ടിവന്നു. എന്തിന് എന്ന ചോദ്യമാണ് അവിടെയെത്തിയ ഓരോരുത്തരും ചോദിച്ചത്.

നവീന്റെ ചിത്രമുള്ള കാര്‍ഡ് ധരിച്ചാണ് മിക്കവരും എത്തിയത്. നവീന്‍ ബാബുവിനെ അറിയാവുന്ന ഒരാള്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. സത്യസന്ധത, കാര്യപ്രാപ്തി, സ്‌നേഹം ഇതായിരുന്നു അവര്‍ക്കറിയാവുന്ന നവീന്‍ ബാബു. ആയിരത്തോളം ആളുകളാണ് നവീന്‍ ബാബുവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഇത്രയേറെ വികാരനിര്‍ഭരമായ യാത്രയയപ്പ് ആ നാട് അടുത്തൊന്നും കണ്ടിട്ടുമില്ല.

Tags:    

Similar News