കോന്നി ആനക്കൂട്ടിലെ ദുരന്തം: നാലു വയസുകാരന്‍ അഭിരാമിന് വിട നല്‍കി ജന്മനാടും കൂട്ടുകാരും; കണ്ണീരൊഴുക്കി മാതാപിതാക്കളും അധ്യാപകരും

അഭിരാമിന് വിട നല്‍കി ജന്മനാടും കൂട്ടുകാരും

Update: 2025-04-20 17:02 GMT

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വയസുകാരന്‍ അഭിരാമിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാവിലെ ഒമ്പതിന് അഭിരാം പഠിച്ച ഗണേശ വിലാസം ഗവ.എല്‍ പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ചേതനയറ്റ ശരീരം കണ്ട് അധ്യാപകര്‍ പൊട്ടിക്കരഞ്ഞു. ഇവിടെ പ്രീ പ്രൈമറി വിദ്യാര്‍ഥിയായിരുന്നു അഭിരാം. കൂട്ടുകാര്‍ക്കൊപ്പം ആര്‍ത്തുല്ലസിച്ച് കളിച്ച പാട്ടും ഡാന്‍സുമെല്ലാം ഓര്‍മയാക്കിയാണ് കൊച്ചു മിടുക്കന്‍ കടന്നു പോയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്തംഗം ചിത്ര രഞ്ജിത്ത്, ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്‍, പഴകുളം ശിവദാസന്‍, റെജി മാമ്മന്‍, ഷാബു ജോണ്‍, എ.ആര്‍.അജീഷ് കുമാര്‍, സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ പി ഉദയഭാനു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.




ദുഖവെള്ളി ദിവസമാണ് കോന്നി ആനക്കൂട്ടിലുണ്ടായ അപകടത്തില്‍ അഭിരാം മരിച്ചത്. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കടമ്പനാട് തോയിപ്പാട്ട് വീട്ടില്‍ അജി-ശാരി ദമ്പതികള്‍ക്ക് ഉണ്ടായ കുട്ടിയാണ് അഭിരാം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിച്ച തൂണിന്റെ ബലക്ഷയമാണ് അപകട കാരണം. ഫോട്ടോയ്ക്ക് വേണ്ടി തൂണില്‍ പിടിച്ച് പോസ് ചെയ്യുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

മരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടി നിലത്ത് വീണപ്പോള്‍ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തില്‍ മുറിവേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആനക്കൂട്ടിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസര്‍ ആര്‍. അനില്‍ കുമാറിനെയാണ് ദക്ഷിണ മേഖല സിസിഎഫ് ആര്‍. കമലാഹര്‍ സസ്പെന്‍ഡ് ചെയ്തത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റാനും സാധ്യതയുണ്ട്.


Tags:    

Similar News