ഇരുന്നൂറ് സിനിമകളിലായി എഴുന്നൂറോളം ഹൃദയഹാരിയായ ഗാനങ്ങള്‍; ബാഹുബലിയും ആര്‍ ആര്‍ ആറും അടക്കം മൊഴിമാറ്റചിത്രങ്ങളുടെ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി പുതുതലമുറയ്ക്കും പരിചിതന്‍; ഗാനരചയിതാവും സംവിധായകനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി; അന്ത്യം കൊച്ചിയില്‍
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു
ആലപ്പുഴ: മലയാള സിനിമാ ഗാന രചയിതാവും സംവിധായകനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍( 78) അന്തരിച്ചു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് 8 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.55 ഓടെ ഹൃദയാഘാതം ഉണ്ടായി.
ഇരുന്നൂറ് സിനിമകളിലായി 700 ഓളം ഗാനങ്ങള്‍ രചിച്ചു. ബാഹുബലി, ആര്‍ആര്‍ആര്‍ അടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും എഴുതി. ഗാനരചനയോടൊപ്പം സിനിമാസംവിധാനത്തിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍, നാടന്‍ പാട്ടിന്റെ മടിശീല, ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍, ആഷാഢമാസം, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകള്‍ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്. ഹരിഹരന്‍ സിനിമകളിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
200ഓളം അന്യഭാഷ ചിത്രങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതും മങ്കൊമ്പായിരുന്നു. ബാഹുബലിയിലെ ഗാനങ്ങളും അദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക് മൊഴി മാറ്റിയത്.
പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), കൂടാതെ, യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എം.എസ്. വിശ്വനാഥന്‍, ദേവരാജന്‍, എം.കെ. അര്‍ജുനന്‍, രവീന്ദ്രജയിന്‍, ബോംബെ രവി, കെ.വി. മഹാദേവന്‍, ബാബുരാജ്, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
പുതുതലമുറ ഒരുപക്ഷേ അദ്ദേഹത്തെ അറിയുന്നത് ബാഹുബലിക്ക് ഗാനങ്ങളും സംഭാഷണങ്ങളും എഴുതിയ ആളെന്ന നിലയിലായിരിക്കുമെന്ന് ആലപ്പി അഷ്‌റഫ് അടുത്തിടെ തന്റെ യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 'മലയാളിക്ക് മൊഴിമാറ്റ ചിത്രങ്ങളോടുളള വെറുപ്പ് ഒരു പക്ഷെ മാറി കിട്ടിയത് അദ്ദേഹത്തിലൂടെയായിരിക്കും. മൊഴിമാറ്റ ചിത്രങ്ങളുടെ അന്തസ് ഉയര്‍ത്തിയതായിരുന്നു ബാഹുബലി. മലയാള ഗാനങ്ങളെ വെല്ലുന്ന തരത്തില്‍ അദ്ദേഹം ബാഹുബലിയിലെ മലയാള ഗാനങ്ങളും അണിയിച്ചൊരുക്കി.ഒരു ദിവസം അദ്ദേഹം എന്നെ മദ്രാസിലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയുണ്ടായി. മേശയ്ക്കരികില്‍ ഒരു അരിച്ചാക്ക് കണ്ടു. അതില്‍ മുഴുവന്‍ അദ്ദേഹത്തിന് വന്ന കത്തുകളായിരുന്നു. അദ്ദേഹം ഒരു പ്രമുഖ വാരികയില്‍ ഒരു സ്ത്രീയുടെ അപരനാമത്തില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. അതിന് വന്ന കത്തുകളായിരുന്നു അവ.
ഗാനരചന മാത്രമല്ല സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങള്‍ മൊഴി മാറ്റി മലയാളികള്‍ക്ക് സമ്മാനിച്ചു. മലയാള സിനിമയ്ക്ക് ഇത്രയധികം സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.
സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി പുലിവാല് പിടിച്ച സംഭവവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത 'തെമ്മാടി വേലപ്പന്‍' എന്ന ചിത്രത്തില്‍ ഒരു പാട്ടുണ്ട്. 'ത്രിശങ്കു സ്വര്‍ഗത്തെ തമ്പുരാട്ടി' എന്ന് തുടങ്ങുന്നതാണ് ഗാനം. സിനിമയിലെ സന്ദര്‍ഭത്തിന് അനുയോജ്യമായി എഴുതിയതായിരുന്നു ഈ ഗാനം. എന്നാല്‍ ഈ ഗാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെ ആക്ഷേപിച്ചുകൊണ്ടുളള ഗാനമാണെന്ന് എതിര്‍പക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചു. ഗാനമെഴുതിയ മങ്കൊമ്പിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഒളിവിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചു. എതിര്‍കക്ഷികള്‍ പാട്ടിന് പ്രാധാന്യം നല്‍കി പ്രചരിപ്പിച്ചു. മങ്കൊമ്പിന് പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവം അദ്ദേഹത്തില്‍ ഒരുപാട് ഭയമുണ്ടാക്കി'-അഷ്റഫ് പങ്കുവച്ചു.
സഹൃദയ മനസില്‍ ഇടം നേടിയ കലാകാരനെന്ന് മുഖ്യമന്ത്രി
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. തീര്‍ത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പര്‍ശമുള്ള ഗാനങ്ങള്‍കൊണ്ട് സഹൃദയമനസ്സില്‍ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.