കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച 'അമ്മ'; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ദനവും മീശമാധവനും കരുമാടിക്കുട്ടനും; 'അമ്മ'യുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടി യാത്രയാകുമ്പോള്‍

Update: 2024-12-19 03:05 GMT

ഷോര്‍ണൂര്‍: സിനിമ സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. അന്ത്യം ഷൊര്‍ണൂരിലെ ആശുപത്രിയില്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കയാണ് അന്ത്യം. 200ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകനടനും ചലച്ചിത്രതാരവുമായ ഗണേഷാണ് മീനയുടെ ഭര്‍ത്താവ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് മീന ഗണേശ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ മീന ഗണേശ് ചെയ്ത വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. കുറച്ച് വര്‍ഷങ്ങളായി അഭിനയ രംഗത്ത് മീന സജീവമായിരുന്നില്ല.

25ല്‍ അധികം ടെലിവിഷന്‍ പരമ്പരകളിലും നിരവധി നാടകങ്ങളിലും മീന വേഷമിട്ടു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ പി കേശവന്റെ മകളാണ്. കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ സ്‌കൂള്‍ പഠനകാലത്ത് നാടകരംഗത്തെത്തി. 1971ലാണ് പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുന്നത്. എന്റെ ഭര്‍ത്താവ് മരിച്ചിട്ട് 15 വര്‍ഷമായി. മൂപ്പര് പോയതില്‍ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി-ഇന്ന് പറഞ്ഞ നടി കൂടിയാണ് മീന ഗണേഷ്.

ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ന്നതും വലുതായതും. 39 വര്‍ഷം ഞാനും ഭര്‍ത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളര്‍ത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാന്‍ മനസനുവദിക്കുന്നില്ലെന്നും മീന ഗണേശ് പറഞ്ഞിരുന്നു. നാടകം ചെയ്യുന്ന സമയത്താണ് ഭര്‍ത്താവുമായി പ്രണയത്തിലായത്. ആറ് വര്‍ഷം പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിന് പോകുന്ന സമയമാണ്. നാട്ടിലെ പൂവാലന്‍മാര്‍ കളിയാക്കും. ഞങ്ങള്‍ നാട്ടിലാണെന്ന് പറയും. നാട്ടിലാണെങ്കില്‍ നീ വാടാ, വന്നെന്റെ കുടുംബം നോക്കെന്ന് പറയും. നല്ല തന്റേടമായിരുന്നു എനിക്ക്. ഒരിക്കല്‍ കളിയാക്കുന്നവന്‍ പിന്നെ മുഖത്ത് നോക്കില്ല. അങ്ങനത്തെ തന്റേടമായിരുന്നു. പ്രണയത്തിന് എതിര്‍പ്പ് വന്നെങ്കിലും ഞങ്ങള്‍ ഉറച്ച് നിന്നെന്നും മീന ഗണേശ് വിശദീകരിച്ചിരുന്നു.

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച നടി കൂടിയാണ് മീന ഗണേശ്. അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ കൂടെ ഭര്‍ത്താവുണ്ടാകും. ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോള്‍ കാണാന്‍ പോയിട്ടില്ല. വയ്യായിരുന്നെന്നും മീന ഗണേശ് വേദനയോടെ പറഞ്ഞിരുന്നു. ആരും അവസാന നാളുകളില്‍ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയില്‍ നിന്നുള്ള പെന്‍ഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാന്‍ ആരോടും ആവശ്യപ്പെടാറുമില്ലെന്നും മീന ഗണേശ് വെളിപ്പെടുത്തിയിരുന്നു.

1942 ല്‍ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷിന്റെ ജനനം. ആദ്യകാല തമിഴ് നടന്‍ കെപി കേശവന്റെ മകളാണ്. സ്‌കൂള്‍ പഠനകാലത്ത് തന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിച്ചു. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും 1991ലെ മുഖചിത്രം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് സിനിമയില്‍ സജീവമായി. 1971 ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എഎന്‍ ഗണേഷിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി ആരംഭിച്ചു. കെപിഎസി, എസ്എല്‍പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയേറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളില്‍ മീന അഭിനയിച്ചിട്ടുണ്ട്.

ചാലക്കുടി സാരഥി തീയറ്റേഴ്‌സിനു വേണ്ടി നടന്‍ തിലകന്‍ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തില്‍ മീന ഗണേഷ് ചെയ്ത 'കുല്‍സുമ്പി' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീന വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

Tags:    

Similar News