ലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' നടന്നില്ല; ഇനി വിജയനില്ല; ദാസന്‍ മാത്രം

Update: 2025-12-20 05:48 GMT

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ദാസനും വിജയനും പോലെ ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല. വെള്ളിത്തിരയിലെ വെറും കൂട്ടുകെട്ടിനപ്പുറം മോഹന്‍ലാല്‍-ശ്രീനിവാസന്‍ എന്ന കോമ്പോ മലയാളിയുടെ സ്വീകരണമുറികളിലെ നിത്യസാന്നിധ്യമായി മാറി. അവരുടെ അസാധ്യമായ കെമിസ്ട്രി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ശ്രീനിവാസന്റെ വിയോഗവാര്‍ത്ത കേട്ട് മോഹന്‍ലാല്‍ കുറിച്ച വാക്കുകള്‍ ആ ആത്മബന്ധത്തിന്റെ സാക്ഷ്യപത്രമാണ്. ദാസനില്ലാത്ത വിജയനായി, വിജയനില്ലാത്ത ദാസനായി ആ കൂട്ടുകെട്ട് ഇനി ഓര്‍മ്മകളില്‍ അനശ്വരമായി തുടരും.

എണ്‍പതുകളിലും തൊണ്ണൂറുകളിലും തൊഴിലില്ലാപ്പടയുടെയും മധ്യവര്‍ഗ്ഗത്തിന്റെയും ദൈന്യതകളെ ഇത്രത്തോളം മനോഹരമായി ആവിഷ്‌കരിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞത് പരസ്പരമുള്ള ആഴമേറിയ സൗഹൃദം മൂലമായിരുന്നു. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'അക്കരെ അക്കരെ അക്കരെ' എന്നീ ചിത്രങ്ങളിലൂടെ അവര്‍ സൃഷ്ടിച്ച ദാസനും വിജയനും മലയാളി യുവാക്കളുടെ പ്രതിനിധികളായി മാറി. 'പവനായി ശവമായി', 'ദാസാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്' തുടങ്ങിയ സംഭാഷണങ്ങള്‍ ഇന്നും മലയാളി ഇന്നും നെഞ്ചിലേറ്റുന്നു. ഉദയനാണ് താരം ഈ കൂട്ടുകെട്ടിലെ മറ്റൊരു അത്ഭുതമാണ്. ഇതിന്റെ രണ്ടാം ഭാഗം ഇവരെ പിണക്കിയെന്ന് പോലും ചര്‍ച്ചകളെത്തി. അപ്പോഴും കരുതലോടെ മാത്രമേ പരസ്പം അവര്‍ സംസാരിച്ചുള്ളൂ. വീണ്ടുമൊരു സിനിമാ ഒത്തുചേരല്‍ ഇവരുടെ സ്വപ്‌നമായിരുന്നു. അതിനിടെയാണ് ശ്രീനിവാസന്റെ വിയോഗം. വിജയനില്ലാത്ത ദാസനായി, പക്ഷേ ആ കൂട്ടുകെട്ട് ഇനി ഓര്‍മ്മകളില്‍ അനശ്വരമായി തുടരും.

മോഹന്‍ലാല്‍ എന്ന നടന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് 'വരവേല്‍പ്പ്', 'മിഥുനം', 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' തുടങ്ങിയ ക്ലാസിക്കുകളാണ്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തി ബസ് മുതലാളിയാകാന്‍ ശ്രമിക്കുന്ന മുരളീധരനായും, അച്ഛന്റെയും സഹോദരങ്ങളുടെയും ബാധ്യതകള്‍ പേറുന്ന സേതുമാധവനായും മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അതിന് പിന്നിലെ ചാലകശക്തി ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തായിരുന്നു. പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ വെള്ളിത്തിരയില്‍ തീര്‍ത്ത വിസ്മയങ്ങള്‍ വെറും സിനിമകളല്ല, മറിച്ച് മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു.

ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും, മലയാളികള്‍ എന്നും ആഗ്രഹിച്ചത് തങ്ങളുടെ പ്രിയപ്പെട്ട ദാസനും വിജയനും വീണ്ടും ഒന്നിക്കുന്നത് കാണാനാണ്. വെള്ളിത്തിരയിലെ വെറും രണ്ട് അഭിനേതാക്കള്‍ എന്നതിലുപരി, മലയാളിയുടെ സ്വത്വത്തെയും തൊഴിലില്ലായ്മയെയും മധ്യവര്‍ഗ്ഗ സ്വപ്നങ്ങളെയും ഇത്രത്തോളം മനോഹരമായി ആവിഷ്‌കരിച്ച മറ്റൊരു ജോഡി ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമാണ്. 'വരവേല്‍പ്പ്', 'മിഥുനം', 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്', 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രവാസിയുടെ ദുഃഖവും ശരാശരി മലയാളിയുടെ കുടുംബ പ്രാരാബ്ധങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. അഹങ്കാരമില്ലാത്ത ഒരു സൂപ്പര്‍ താരവും അസൂയയും കുശുമ്പും കലര്‍ന്ന സാധാരണക്കാരനായി ശ്രീനിവാസനും ഒന്നിക്കുമ്പോള്‍ അത് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചയായി.

എന്നാല്‍, അടുത്തിടെ ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയതുപോലെ, മോഹന്‍ലാല്‍ ശ്രീനിവാസനെ സന്ദര്‍ശിച്ച് സൗഹൃദം വീണ്ടും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമയില്‍ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ഒന്നിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി കാരണം അത് നടന്നില്ല.

Tags:    

Similar News