എല്ലാവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുന്ന എംടി; അന്ന് നോട്ടനിരോധനത്തിനെതിരെയും മോദി സര്‍ക്കാരിനെ പരിഹസിച്ചു; മോദിയെ ഉപമിച്ചത് തുഗ്ലക്കിനോട്; ആ വിമര്‍ശനം ഉണ്ടാക്കിയ വിവാദത്തിന്റെ കഥ
കോഴിക്കോട്: സാമാന്യമായി എല്ലാവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും പൊതുവേദിയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. ചില വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം അതിരൂക്ഷമായിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു രാജ്യത്തെ ജനജീവിതത്തെ നടുക്കിയ മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം. ഈ വിഷയത്തില്‍ കടുത്ത രീതിയിലാണ് മോദി സര്‍ക്കാരിനെ എംടി വിമര്‍ശിച്ചത്. 'രാജ്യത്തിന് പ്രയോജനമില്ലാത്ത, ജനങ്ങള്‍ക്ക് ദുരിതം മാത്രമായ നീക്കം' എന്ന് വിമര്‍ശിച്ച അദ്ദേഹം, മോദിയെ തുഗ്‌ളക്കിനോടാണ് ഉപമിച്ചത്. ഈ വിമര്‍ശനം സംഘ്പരിവാര്‍ കേന്ദ്രങ്ങളെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ വരെ എംടിയുടെ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
നോട്ടുനിരാധനം സാധരണജീവിതം മോശമാക്കി. മോദിക്ക് തുഗ്‌ളക്കിനെ പോലെ ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. നോട്ട് നിരോധിച്ചതിന് ശേഷം രാജ്യത്തിന് ഉണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് തന്നെ സന്ദര്‍ശിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എം.ടി പറഞ്ഞു. സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.
നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു. അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളില്‍നിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറില്‍ എം.ടിയുടെ പ്രതികരണം.
മോദിവിമര്‍ശനത്തിന് പിന്നാലെ ബി.ജെ.പി -ആര്‍.എസ്.എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എം.ടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തി. മോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എം.ടി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.