ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ സൈനികന് വീരമൃത്യു; പാക് ഷെല്ലിങ്ങിനിടെ വീരമൃത്യു വരിച്ചത് ആന്ധ്രസ്വദേശിയായ 27 കാരന്‍ മുരളി നായിക്; ധീരജവാന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും
ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയില്‍ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍, നിയന്ത്രണരേഖയിലെ പാക് ഷെല്ലിങ്ങില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ സൈനികന്‍ മുരളി നായിക്കിന്( 27) വീരമൃത്യു. ഷെല്ലിങ് നടക്കുമ്പോള്‍ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തായിരുന്നു മുരളി. സത്യസായി ജില്ലയിലെ ഗൊരാണ്ഡല മണ്ഡലിലെ പുട്ടഗുന്‍ലപല്ലേ ഗ്രാമത്തിലാണ് സ്വദേശം.
ഗോത്രഗ്രാമമായ ഗോരണ്ഡലയിലെ ദരിദ്ര കര്‍ഷക കുടുംബത്തിലെ ശ്രീരാം നായിക്കിന്റെ മകനാണ് മുരളി നായിക്. ഗുരുതര പരിക്കേറ്റ സൈനികനെ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തവേയാണ് വീരമൃത്യു. അവിവാഹിതനാണ്.
മുരളിക്ക് നിയന്ത്രണ രേഖയ്ക്കരികിലാണ് പോസ്റ്റിങ് ലഭിച്ചിരുന്നത്. ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു. ധീര ജവാന്റെ ഭൗതിക ശരീരം നാളെ ആന്ധ്രയിലെ ഗ്രാമത്തിലെത്തിക്കും.
ബുധനാഴ്ച പൂഞ്ച് സെക്ടറിലും സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ശര്‍മയാണ് പൂഞ്ച് സെക്ടറില്‍ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഹരിയാനയിലെ പല്‍വാന സ്വദേശിയായ ദിനേശ് കുമാറിന് മാരകമായി പരുക്കേല്‍ക്കുകയായിരുന്നു. 12 സാധാരണക്കാരും ബുധനാഴ്ച പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.